രചന : ജെസ്റ്റിൻ ജെബിൻ പടിയൂർ – ഇരിട്ടി✍

പ്രണയമേ
നമ്മൾക്കീ ദളപ്രതലത്തിൽ നിന്നുമെഴുന്നേറ്റ്
ഒരു ഖരപ്രതലത്തിലിരിക്കാം .
തളർന്നുപോകുന്നു നീ
തളർന്നുപോകുന്നു ഞാൻ .

പ്രണയമേ
നമ്മൾക്ക് നമ്മളെയൊരു ,
വെള്ളിപ്പാത്രത്തിൽ ഒഴിച്ച് വെക്കാം.
ചോർന്നുപോകുന്നു നീ
ചോർന്നുപോകുന്നു ഞാൻ .

പ്രണയമേ
നമ്മൾക്ക് നമ്മുടെയീ
ഇരുമ്പുചിന്തകൾവെടിയാം
തുരുമ്പിച്ചു പോകുന്നു നീ
തുരുമ്പിച്ചു പോകുന്നു ഞാൻ .

പ്രണയമേ
നമ്മൾക്ക് നമ്മളെ ,
ഇനിയൊരു
സ്വർണ്ണപ്പാത്രമായി പുതുക്കാം .
വിഘടിക്കാതിരിക്കട്ടെ നീ
വിഘടിച്ചുപോകാതിരിക്കട്ടെ ഞാൻ .

ജെസ്റ്റിൻ ജെബിൻ

By ivayana