രചന : സതി സുധാകരൻ പൊന്നുരുന്നി.✍

കനവു കണ്ടു ഞാൻ തീരത്തിരുന്നപ്പോൾ
ഇരുളുമെന്നുടെ കൂട്ടിനെത്തി.
എന്നും പുഞ്ചിരി തൂകി വരാറുള്ള പൗർണ്ണമിത്തിങ്കളെ നീ മറഞ്ഞോ?
കലിതുള്ളി നില്ക്കുന്ന കള്ളക്കാർമുകിലുകൾ
നിന്നേയും കൂട്ടിലടച്ചോ?

ഈ വിജനമാം തീരത്തിരുന്നു ഞാൻ
നീ വരുന്നതും കാത്തിരിപ്പു .
ചന്ദനം ചാർത്തിയ നിന്നിളം മേനിയും,
പാലൊളി തൂകുന്ന നിൻ മന്ദഹാസവും, ഒരു നോക്കു കാണുവാൻ,
ഈ വിജനാമാം തീരത്തിരിപ്പു ഞാനും.

തീരം തൊട്ടു തലോടും തിരകളും നീ വരുന്നതും നോക്കിനില്പു.
അലതല്ലിയൊഴുകുന്ന കടലിൻ്റെ വിരിമാറിൽ
തോണി തുഴഞ്ഞൊന്നു പോകാൻ,
ഇത്തിരി വെട്ടമായ് കൂടെ വരില്ലയോ ചന്ദ്രക്കല ചൂടി നീയും.

താരകക്കൂട്ടവും അവരുടെ മക്കളും
നീലവാനിൽ നിന്നു മറഞ്ഞതെന്തേ?
പെയ്യാൻ വിതുമ്പി നില്ക്കുന്ന മുകിലുകൾ,
തുമഴത്തുള്ളിയായ്, താഴെ വരുന്നതിൻ മുന്നേ,
ഇത്തിരി വെട്ടമായ് കൂടെ വരില്ലയോ പൗർണ്ണമി തിങ്കളേ നീയും!

സതി സുധാകരൻ

By ivayana