രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍

ഇവിടെയെൻ കനവുകൾ തളിരിട്ടുനിൽക്കുന്ന;
കവിതയാണെന്നുമെൻ പ്രിയസഖീ,നീ
ഇവിടെയെൻ നിനവിലൂടലയടിച്ചെത്തുന്നൊ-
രവികല പ്രണയവും പ്രിയസഖീ,നീ!
നിറകതിർ പൊഴിച്ചെന്നുമമല സങ്കൽപ്പമായ്;
ഉറവവറ്റാതെ നീ നിൽക്കുകെന്നിൽ
അരിയനിൻ ലാസ്യഭാവങ്ങളെന്നാത്മാവിൽ,
നിരുപമ ചിന്തകളല്ലി,നെയ്‌വൂ
ഒരു വേനൽ മഴപോലെ പെയ്തൊഴിഞ്ഞീടാതെ,
കരളിലനുഭൂതികൾ പൊഴിച്ചു പാരം,
പുരുരാഗ സങ്കൽപ്പ മഹിമയായ് ജീവനിൽ
സ്വരരാഗ ഗംഗാപ്രവാഹമാകൂ
ഇരവുപകലില്ലാതെയേതേതു നേരവും
തിരുരൂപമല്ലോ,മനസ്സിനുള്ളിൽ
നുരയിട്ടുപൊന്തുന്നു പരിചൊടുപശാന്തിയാർ-
ന്നുരിയാടിടാൻ തെല്ലുമായിടാതെ!
ഇനിയ പ്രതീക്ഷയോടിപ്രപഞ്ചത്തെ ഞാ-
നനവരതമങ്ങനെ നോക്കിനിൽപ്പൂ
ജനിമൃതിപ്പടവുകളോരോന്നിറങ്ങിഞാ-
നനവദ്യഹൃദയനായ് നോക്കിനിൽപ്പൂ
അറിയാതെയറിയുന്നിതെന്നുളളിലായ് നിന്നെ;
അറിവിന്റെ യഗ്നിപ്രഭ വിടർത്തി!
പറയാതെ പറയുകയാണു നിൻ മഹിമകൾ,
നിറതിങ്കൾ പോലുദിച്ചേവമീഞാൻ
തളിരിട്ടുയിർക്കുമിളം ഭൂരുഹംപോലെ;
പുളകിതഗാത്രിയായോമലേ,നീ
അരികത്തു നിൽക്കുമ്പൊഴേക്കു മൻമാനസം,
തരളിതമാകുന്നറിഞ്ഞിടാതെ!
ഇവിടെയെൻ കനവുകൾ നിറമാല ചാർത്തുന്ന,
കവിതയാണെന്നുമെൻ പ്രിയസഖീ,നീ!
കദനങ്ങൾ വേരോടെ പിഴുതെറിഞ്ഞീടുന്ന,
മധുരപ്രതീക്ഷയും പ്രിയസഖീ,നീ.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana