രചന : ഉണ്ണി അഷ്ടമിച്ചിറ ✍

നാട്ടുകൂട്ടം പിഴയാണെന്ന് വിധിയെഴുതി. അത് അംഗീകരിക്കാനോ പിഴയടയ്ക്കാനോ തയ്യാറാകാത്ത അവളെ ആരോരുമറിയാതെ ആരോ ചിലർ തട്ടിയെടുത്ത് നാടുകടത്തി. കാട്ടിലേക്കാണ് കടത്തിയത്. അവിടേക്കുണ്ടായിരുന്നതൊരു ഒറ്റയടിപ്പാതയായിരുന്നു. തിരിച്ചറിയാനാകാത്തവിധം അത് പുല്ലുമൂടി കിടന്നിരുന്നു. കാനന മദ്ധ്യത്തിൽ, പച്ച പുതച്ച കരിമണ്ണിലും കരിമ്പാറക്കൂട്ടങ്ങൾക്കിടയിലും അവളേറെ അലഞ്ഞു.

ഒറ്റയടിപാതയിലൂടെ ആരൊക്കെയോ അവളുടെ ക്ഷേമം തിരക്കിയെത്തിയിരുന്നു. അവർ അവൾക്കായി ഭക്ഷണവും സ്നേഹവും കരുതിയിരുന്നു. സ്നേഹിച്ചു മതിയാകുമ്പോൾ അവർ കാടിറങ്ങും.അതായിരുന്നു രീതി. ഏറെയും ഏകാന്തതയായിരുന്നു അവൾക്ക് കൂട്ട്. കൊച്ചു കുടിലിലും കരിമ്പാറ മുകളിലും അവൾ തെക്കൻമലയുടെ ഉച്ചിയിലേക്ക് കണ്ണുറപ്പിച്ചിരിക്കും, അവിടെനിന്നാരോ വരുമെന്ന് പ്രതീക്ഷിക്കും പോലെ. കാട്ടരുവി കോരിയൊഴിച്ച തണുപ്പകറ്റാൻ സൂര്യന് ദേഹം നൽകി ഇരുന്നൊരു ദിവസം, ദൂരെ മലമുകളിൽ നിന്നാരോ താഴേക്ക് ഇറങ്ങി വരുന്നത് ദൃശ്യമായി. അവളുടെ ചുണ്ടുകൾ മന്ത്രിച്ചത് ഭഗവാനെന്നായിരുന്നു .

ഒരിക്കൽ, സ്നേഹിയ്ക്കാൻ കൂടിയവനെ അവളത് കാട്ടിക്കൊടുക്കയും ചെയ്തു. പിന്നീട് പലരും അവളോട് ചേർന്നു നിന്ന് അത് കണ്ടു. അവരെല്ലാം രഹസ്യമായി അവിടെ എത്തിയിരുന്നവരാണെങ്കിലും അധികനാൾ കഴിയും മുമ്പ് കാട്ടിലെ വിശേഷം നാട്ടിലാകെ പാട്ടായി. കാട്ടിലേക്കുള്ള ഒറ്റയടിപാതയിലെ പുല്ലുകൾ ചവിട്ടിമെതിക്കപ്പെട്ടു. നാട്ടിലെ അശാന്തർ കാടുകയറി തുടങ്ങിയപ്പോൾ നാൾക്കുനാൾ കാട്ടുപാതയുടെ വീതി കൂടി വന്നു. യോഗിനീമഠത്തിലേക്ക് സ്വാഗതമോതിക്കൊണ്ടുള്ള ഫലകങ്ങൾ വന്മരങ്ങൾക്ക് അരഞ്ഞാണം ചാർത്തി നിന്നു.


ജനങ്ങളെല്ലാം എന്തിനും യോഗിനിമാതയെ ശരണം പ്രാപിച്ചപ്പോൾ നാട്ടുകൂട്ടം അപ്രസക്തമായി. ഒരുനാൾ ഗ്രാമമുഖ്യൻ യോഗിനിമഠത്തിലേക്ക് സ്വയം സമർപ്പിതനായി. അനുചരന്മാരും അദ്ദേഹത്തോടൊപ്പം കൂടി. കാഷായ വേഷധാരികളായ അവർ കാട്ടിലേക്ക് കടക്കും മുമ്പ് “ഭ്രാന്തൻ ചന്ദ്രൻ്റെ” മുന്നിൽപ്പെട്ടു.
” പിഴയാണെന്ന് നീ പഴി ചാരിയവൾ,
പിഴയൊടുക്കാതെ കടന്നവൾ,
നിന്നെ കാത്തിരിക്കുന്നു… “. പിറകോട്ടു പോയ മനസ്സിനെ തിരിച്ചുപിടിച്ച് മുഖ്യൻ മുന്നാേട്ടു നീങ്ങവേ ഭ്രാന്തൻ വീണ്ടും അലറി.


” മുഖ്യാ…. പ്രതികാരദാഹിയാണ് കാലം,
അത് കണക്കുതീർക്കാതെ കടന്നു പോകില്ലെന്നറിയ നീ”. കൂടുതൽ പറയാൻ അനുവദിക്കാതെ ഒരു കാർ ഭ്രാന്തൻ ചന്ദ്രനെ ഇടിച്ചു തെറിപ്പിച്ചു . ആ റേഞ്ചിൽ പുതുതായി ചാർജെടുത്ത വനപാലകൻ്റെ കാറായിരുന്നു അത്. യോഗിനിമാതയുടെ അനുഗ്രഹം തേടിയുള്ള കന്നിയാത്രയിലാരുന്നു അദ്ദേഹം.

ഉണ്ണി അഷ്ടമിച്ചിറ

By ivayana