രചന : പോളി പായമ്മൽ (പൈലി ലോ) ✍

ടീച്ചറുടെ പേര് ഹൈമാവതിയെന്നാണെങ്കിലും എല്ലാരും ഹേമ ടീച്ചറെ എന്നാ വിളിക്കാറ്. ടീച്ചർക്ക് അതാണിഷ്ടവും. ഞാനാണെങ്കിൽ ടീച്ചറമ്മേ എന്നും.
അങ്ങനെ വിളിക്കുമ്പോ ടീച്ചറുടെ മുഖം വല്ലാതെ ചുവന്നു തുടുക്കാറുണ്ട്.കയറി വാടാ ചെക്കാ ന്ന് പറഞ്ഞ് എന്റെ കയ്യിൽ പിടിച്ച് അകത്തോട്ട് നടത്തും. പിന്നെ നൂറ് കൂട്ടം കാര്യങ്ങള് പറഞ്ഞോണ്ടിരിക്കും. അതിനിടയിൽ എന്തേലും തിന്നാൻ എടുത്തോണ്ട് വരും. ഞാനെത്ര വേണ്ടാന്ന് പറഞ്ഞാലും എന്നെ കൊണ്ട് തീറ്റിച്ചാലെ ടീച്ചർക്ക് സമാധാനാവൂ.


ആൺമക്കളില്ലാത്ത ദുഃഖം എന്നെ കാണുമ്പോഴാ ടീച്ചറ് മറന്നു പോണെന്ന് പറയാറുണ്ട്. അത് ശരിയാന്ന് പലപ്പോഴും എനിക്കും തോന്നിട്ടുണ്ട്.
ശ്രീലങ്കയിൽ വച്ച് ഇന്ത്യൻ സമാധാനസേനയിൽ അംഗമായിരുന്നപ്പോഴാണ് ടീച്ചറുടെ ഭർത്താവ് അവിടെ വച്ച് കുഴിബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. അതിനു ശേഷം ടീച്ചറുടെ ജീവിതമാകെ മാറി.


എപ്പോഴും പുഞ്ചിരിച്ചു കൊണ്ട് എല്ലാരോടും ഇടപഴകാറുള്ള ടീച്ചർ അധികമാരോടും മിണ്ടാതെയായ്. ബന്ധു വീട്ടിലേക്കെന്നല്ല ഒരിടത്തേക്കും യാത്ര പോവാറില്ല. അയൽപക്കക്കാരോട് മിണ്ടിയാൽ മിണ്ടിയെങ്കിലായ്.
സ്കൂളിൽ നിന്നും റിട്ടയർ ചെയ്തു കഴിഞ്ഞപ്പോ ടീച്ചറുടെ ലോകം സ്വന്തം വീട് മാത്രമായ് ചുരുങ്ങിപ്പോയെന്ന് തന്നെ പറയാം. വൈകുന്നേരങ്ങളിൽ രാമായണ ശ്ലോകങ്ങൾ ഉരുവിടുന്നത് കേൾക്കാമെന്നല്ലാതെ മറ്റൊരു ശബ്ദവും ആ വീട്ടിൽ നിന്നും കേൾക്കാറില്ലെന്നതാണ് സത്യം .


മൂന്ന് പെൺമക്കളാണ് ടീച്ചർക്കുള്ളത്. ലതിക ചേച്ചിയും ലത ചേച്ചിയും പിന്നെ എന്റെ കൂടെ പഠിച്ച ലെജയും.
ലതിക ചേച്ചി വിവാഹം കഴിഞ്ഞതിൽ പിന്നെ ഭർത്താവിനോടൊപ്പം മലേഷ്യക്ക് പോയ്. വല്ലപ്പോഴും വരുന്ന കത്തുകളും ഫോൺ വിളികളും മാത്രമേയുള്ളു. കുട്ടികളുടെ പഠനം മുടങ്ങുമെന്നതിനാൽ ഈയടുത്തൊന്നും അവർ നാട്ടിൽ വന്നിട്ടില്ല. അതോണ്ട് ടീച്ചർക്ക് വ്യസനമൊന്നുമില്ല. വല്ലപ്പോഴും ഈ അമ്മയെ ഓർത്താ മതീന്ന് പറയും.
ലത ചേച്ചിയാകട്ടെ കുടുംബസമേതം ചെന്നൈയിലാണ്. തമിഴ്നാട്ടിൽ സർക്കാർ ഉദ്യോഗമാണ്. അവർ പിന്നെ വർഷത്തിലൊരിക്കൽ വരാറുണ്ട്. ചിലപ്പോൾ ഓണത്തിന് അതുമല്ലെങ്കിൽ വിഷുവിന്.

ഒരാഴ്ച താമസിച്ചിട്ടേ മടങ്ങാറുള്ളു. ടീച്ചറെ ചെന്നൈയിലേക്ക് കൊണ്ടു പോകാൻ അവർക്ക് താത്പര്യമുണ്ടായിരുന്നെങ്കിലും ഈ വീട് വിട്ട് ഞാനെങ്ങോട്ടുമില്ല മക്കളേ ന്ന് പറഞ്ഞ് ടീച്ചറത് സ്നേഹത്തോടെ ഒഴിവാക്കും.


എന്റെ കൂടെ പഠിച്ച ലെജയാണ് പിന്നെ ടീച്ചറുടെ ഏക ആശ്രയം. എന്തു കാര്യത്തിനും ഓടി വരാനും വിശേഷങ്ങൾ തിരക്കാനും ടീച്ചറെ വൈദ്യനെ കാണിക്കാൻ കൊണ്ടുപോവാനുമൊക്കെ അവൾ തന്നെ വേണം. ഈയടുത്ത് ശ്രീകൃഷ്ണ കോളജിൽ അസി.പ്രൊഫസറായ് ജോലി കിട്ടിയതിൽ പിന്നെ ആ വരവും കുറഞ്ഞു. പിന്നെ കൊച്ചു മകൻ ആദിത്യനാണ് അമ്മമ്മക്ക് ഒരു കൂട്ടായിട്ടുള്ളത്. അവൻ ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ മാത്രമേ വരാറുള്ളു,


ശരിക്കും പറഞ്ഞാൽ ഏകാന്തവാസം തന്നെയാണ് ടീച്ചറുടേത്. ഒറ്റക്കിരുന്നാൽ ബോറടിക്കില്ലേ ടീച്ചറെ എന്ന് ചോദിച്ചാൽ അതൊക്കെ ശീലമായ് പോയെടാ മോനെ എന്നു പറഞ്ഞ് എന്നെ ഒന്ന് തലോടും. അപ്പോൾ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കാണുമ്പോൾ എനിക്കും സങ്കടം വരാറുണ്ട്.
പാവം ടീച്ചർ. എന്തൊരു സ്നേഹമായിരുന്നെന്നോ എന്നോട്. മോനെ എന്ന ആ വിളി കേട്ടാൽ മതി മനസ്സ് നിറയാൻ.


ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും ടീച്ചറെ കാണാതിരുന്നാൽ ടീച്ചറോടൊന്ന് മിണ്ടാതിരുന്നാൽ ഉളളിൽ ഉരുണ്ടുകൂടുന്ന വിഷമങ്ങൾ എത്രമാത്രമാണെന്ന് നിങ്ങളോട് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റില്ല.


പറഞ്ഞാലൊട്ട് മനസ്സിലാവുകയുമില്ല.
അത് ഒരമ്മയും മകനും തമ്മിലുള്ള ആത്മബന്ധം പോലെ അത്ര മേൽ ആഴമുള്ളതായിരുന്നു.
ഇന്ന് ടീച്ചറെ ഓർക്കുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി
ഒരു കടലായ് രൂപാന്തരപ്പെടുന്നത് ഈശ്വരൻ മാത്രമേ കാണുന്നുള്ളു …!!

By ivayana