രചന : ഹുസൈൻ പാണ്ടിക്കാട് ✍

ആൾത്തിരക്കില്ലാത്ത ഗ്രാമവീഥിയിൽ അവര് രണ്ടാളുമൊരുമിച്ചു നടക്കുകയാണ്.
റഹ്‌നയും, നസീബും.
അവൾക്കായവൻ കരുതിവച്ച കടലക്കപ്പൊതിയുടെ ചുരുൾനിവർത്തി.
കളിയും കാര്യവും,
സങ്കടവും തമാശയും ഇടകലർന്ന വികാരത്തോടെ ചെമ്മൺപാതയിലൂടെയുള്ള നടത്തത്തിനിടയിൽ അവളിൽ നിന്നും അത്രനേരമില്ലാത്ത വേറിട്ടൊരു സംസാരം.
“എനിക്ക് പുരക്കാര് കല്യാണം ആലോചിക്കുന്നു.
ചെറുവായൂര് നിന്നും ഒരുകൂട്ടർ ഉപ്പാനോട് അന്വേഷിച്ചത്രേ.”…
ഈ കേൾവിയിൽ ചുണ്ടുചലിച്ചില്ല.


മറുപടി വാക്കുകൾക്ക് പകരം അവന്റെ മുഖത്ത് വിഷാദം തളംകെട്ടികാണുകയാണുണ്ടായത്.
ബുദ്ധിയുദിച്ച കാലംതൊട്ടേ കൂടെയുള്ളവൾ. പ്രായംകൊണ്ടുമൊരിത്തിരി മുന്നിലേക്കായി അകലമുള്ളവൾ. ഒരു ജോലിയായിട്ടുപോലും വഴിമാറാതെ നടന്നവൾ.
നസീബ്.
അവൻ കുറച്ചുമുമ്പുവാങ്ങിയ കടലക്കക്ക് പെട്ടിക്കടക്കാരൻ സുബൈർക്കയോട് കടപ്പാട് നിറഞ്ഞവൻ. ഇരുപത്തിയഞ്ച് പൈസയുടെ കടലക്കപ്പൊതിക്കുപോലും ചിലനേരങ്ങളിൽ വഴികാണാതെ കടംപറയുന്നവൻ.


നികത്താനാവാത്ത ഒരുപാട് തരംതിരിവ് കാണുന്ന ജീവിതത്തിനുടമയായവൻ.
നിലപാടിന്റെ കാര്യത്തിൽ നസീബ് രഹ്‌നയുടെ കണ്ണിലും മനസ്സിലും ധീരനാണ്.
അവനിലൊരു തീരുമാനമുണ്ടാകും, തന്നോടൊപ്പമുള്ള ജീവിതയറ്റംവരെയുള്ള യാത്രയുടെ ഉറപ്പിന്റേതുമാകും. രഹ്‌നയുടെ ചിന്താവെളിച്ചമിങ്ങനെയായത് അവളുടെ മനസ്സുള്ളിലെ സ്നേഹത്തിളക്കം കൊണ്ടും.
ചെറുവായൂരുനിന്നുള്ള ആലോചന ചെറുവായൂർക്കാരുടെ കാഴ്ച്ചപ്പാടിലെ വികലതകൊണ്ട് മുടങ്ങി.


“കല്യാണശേഷം അവൾ ജോലിക്ക് പോകാൻ പാടില്ലത്രേ.”….
പ്രമാണികളുടെ ആവശ്യം.
കാല്പാദങ്ങളുടെ വഴിയടയാളങ്ങങ്ങനെ കാലം തീർത്തെടുത്ത് വീണ്ടുമുരുണ്ടു മുന്നോട്ടേക്ക്.
വഴിയോരത്തെ സ്ഥിരക്കാഴ്ച്ചകളായ മണൽത്തരികളും മൺത്തിട്ടകളും മതിലുകളും.
മാറിമാറി വന്ന ചെടികളും പൂക്കളും പൂമ്പാറ്റകളും സൂചിച്ചുണ്ടൻ കുരുവികളും,
അങ്ങനെ കാഴ്ച്ചക്കാരനുള്ളിൽ ഇഷ്ടംകൊണ്ട് സ്നേഹംപൊതിഞ്ഞിട്ടു സായാഹ്നങ്ങളിലൂടെ നടന്നകലുന്ന രഹ്‌നയും നസീബും.
അവളുടെ ജോലിയില്ലാ ഞായറാഴ്ച്ചകൾ. ആണ്ടിലെത്തുന്ന രണ്ടുമാസത്തെ അവധിക്കാലം.
ഇങ്ങനെ മുറിച്ചുമാറ്റുന്ന കാഴ്ച്ചകളിൽ വഴിയോരംപോലും രണ്ടുപേരില്ലാത്ത വിടവിലായി ഒരുനോക്കു കാണാൻ വിതുമ്പിയിട്ടുണ്ടാവാം.
പാർട്ടി ആപ്പീസ്.
തൊട്ടുതൊട്ട് സുബൈർക്കാന്റെ പെട്ടിപ്പീട്യ.


മുന്നിലുള്ള ഒറ്റപ്പൊളിബെഞ്ചിൽ റഹീംക്ക ഇരിപ്പുണ്ട്.
നസീബ് കടലക്ക വാങ്ങാനായി പീട്യേക്കുള്ളിലേക്ക്.
പൊതിവാങ്ങി വലതുകൈക്കുകിൽ അടക്കിവച്ചു പുറത്തേക്കിറങ്ങുമ്പോൾ റഹീംക്ക നസീബിനോട്.
“നീ സമ്മേളനത്തിന് ഇറങ്ങുമ്പോൾ അവളെക്കൂടി കൊണ്ടു പോവണം.
ഞാനിവിടെ നിന്നും നേരെ അങ്ങാടിയിലേക്കാവും പുറപ്പെടുക.”….
രഹ്‌നയുടെ പിതാവാണ് റഹീംക്ക.


പാർട്ടിയുടെ പ്രിയപ്പെട്ട പ്രാദേശിക നേതാവ്.
വഴിയോരത്ത് നേർമുന്നിൽ നിന്നും ഗോപിയേട്ടൻ വരുന്നുണ്ട്.
“അല്ല, ഇയ്യെന്താ…,
പുരയിൽ പോവ്വാണോ. സമ്മേളനത്തിനില്ലേ.”…
ഗോപിയേട്ടന്റേതാണ് അന്വേഷണം.
സാധാരണ ഇത്തരം ദിവസങ്ങളിൽ സമ്മേളനത്തിരക്കിലേക്ക് പുറപ്പെടാനുള്ള വണ്ടിയുടെ ഒരുക്കത്തിനും മറ്റും സജീവമാകുന്ന നസീബിനെ പുരയിലേക്കുള്ള വഴിയെ കണ്ടപ്പോഴുള്ള ആശ്ചര്യം ഗോപിയേട്ടനിൽ ഉണ്ടായതാണ് കാരണം.
ഏരിയാതലത്തിലുള്ള സമ്മേളനം കഴിഞ്ഞു ഏറെ വൈകി പുരയിലേക്ക് മടങ്ങുകയാണ്. മനസ്സു ത്രസിപ്പിക്കുന്ന നേതാക്കളുടെ വാക്കുകൾ കാതിലിപ്പോഴും അലയടിക്കുന്നു. അതിനുമപ്പുറം ‘തൃക്കുളം സഖാവിന്റെ.’.. കഥാപ്രസംഗത്തിലെ വേറിട്ടതലത്തിലുള്ള കഥാപാത്രങ്ങൾ വഴിയോരത്തെ ഇരുട്ടിനുള്ളിലെ മങ്ങിയനിലാവിലും കണ്ണും മനസ്സും കീഴടക്കുന്നു.


കാലം നീങ്ങി.
അവളിലും അവനിലും മാറ്റങ്ങളില്ലാതെ കാലം പിന്നേയും നീങ്ങി.
‘സെൻട്രൽ ടാക്കീസില്.’.. വെള്ളിയാഴ്ച സിനിമകൾ മാറി മാറി വന്നു. ഓടിപ്പൊളിഞ്ഞ ചിത്രങ്ങൾ ചൊവ്വാഴ്ചകളിലും മാറാൻ തുടങ്ങി. ബ്രാഞ്ച് തൊട്ട് ജില്ലാതലം വരെയുള്ള സമ്മേളനങ്ങൾ മൂന്നാണ്ടിലൊരിക്കൽ വന്നോണ്ടിരുന്നു.
സെൻട്രലിലെ ചില ദിവസത്തെ സിനിമകളും നാട്ടിലെ പാർട്ടി പരിപാടികളും രഹ്‌നയും നസീബും ഒരുമിച്ചു കണ്ടു.
കല്യാണക്കാരുടെ ആലോചനയും മുടങ്ങലുമൊക്കെയായി വർഷങ്ങൾ നീങ്ങുന്നതിനിടയിൽ രഹ്‌ന നസീബിനോട് നാട്ടിൽനിന്നുതന്നെ ഒരു അന്വേഷണം വന്നത് വിഷമത്തോടെ പറയുന്നു.
ഇത്തരം നേരങ്ങളെ മൗനം കൊണ്ടുമാത്രം നേരിടുന്ന നസീബ് ഇന്നേരം ഇങ്ങനെ പറഞ്ഞു.


“നിനക്കിഷ്ടപ്പെട്ട ആളാണെങ്കിലും, എന്നോട് നിനക്കിഷ്ടമുണ്ടെങ്കിലും ഈ കല്യാണത്തിന് നീ സമ്മതിക്കണം.”….
പിന്നെ രണ്ടാളും വീടെത്തും വരെ മിണ്ടിയില്ല. നിഴൽപോലെ നിലാവുപോലെ നടന്നവർക്കിടയിൽ മൗനത്തിന്റെ മതിലു വീണു.
ഇന്ന് കല്യാണമാണ്.
മേലേപ്പറമ്പ് പുല്ല് ചെത്തി വൃത്തിയാക്കിയടത്ത് പന്തലുയർന്നിട്ടുണ്ട്.
അവര് കുഞ്ഞുനാള് തൊട്ട് കളിച്ചും സന്തോഷിച്ചും നല്ല നേരങ്ങളെ സൃഷ്‌ടിച്ച വടക്കെ മുറ്റത്തും പന്തലുയർന്നു.
വരൻ വന്നു. തോരണങ്ങൾ തൂങ്ങിയ പന്തലിലേക്ക് അകത്തളത്തിൽ നിന്നും അവളും വന്നെത്തി.


വരനും കൂട്ടുകാരും അവർക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളും പ്രിയപ്പെട്ടവരും മടങ്ങാനൊരുങ്ങി.
അവർ ഇറങ്ങി.
കൂട്ടത്തിൽ വന്ന,
ആരോ പിടിച്ച കുടക്കീഴിൽ അവളും ചേർന്നു നിന്നു.
പ്രകൃതിയിൽ വെയിൽചില്ലുകൾ പൂത്തുനിൽക്കുന്ന സായാഹ്നം വന്നു.
പടിഞ്ഞാറെമുറ്റത്ത് കിഴക്കോരം കാണുന്ന തരത്തിലുള്ള കാനൽപ്പൂളയുടെ താഴെ അവനുണ്ടായിരുന്നു. അവരുടെ കളിയും ചിരിയും നിറഞ്ഞുനിന്ന ഒത്തിരി സായാഹ്നങ്ങളുടെ ഓർമ്മച്ചുവടായ പന്തലിച്ചുനിൽക്കും സ്വർഗ്ഗമരത്തിന്റെ താഴെയായി ഒരു കമ്പിൽ കൈകോർത്തുകൊണ്ട് നസീബ്.
കിഴക്കെ മുറ്റവും കഴിഞ്ഞ് അവരിറങ്ങി, തൊട്ടുതാഴെയുള്ള പാടവരമ്പിലേക്ക്.
അങ്ങനെ നാട്ടുകാരനായ വരന്റെ വീട്ടിലേക്ക്.


ഒരിളം കാറ്റ് മൂളുന്നു. സങ്കടത്തിന്റെ അലയടി മനസ്സിൽ പെരുമ്പറ കൊട്ടുന്നു. വേനൽമഴത്തുള്ളികൾ കാനൽപ്പൂളയിലും പതിക്കുന്നു. നിറഞ്ഞ കണ്ണുകൾക്കിടയിലൂടെ ഒരു വർണ്ണക്കുടയുടെ കാഴ്ച്ചയില്ലാതാവുന്നു.!!

ഹുസൈൻ പാണ്ടിക്കാട്

By ivayana