രചന : പ്രഭ ശിവ✍

ലില്ലിക്കുട്ടിക്ക് ക്ലാസിൽ
ഒരു ഇരട്ടപ്പേരുണ്ടായിരുന്നു
കള്ളുകുടിയൻ്റെ മകളെന്ന്.
ആ വിളി കേൾക്കുമ്പോഴൊക്കെ
ചെവി പൊള്ളി
ഉള്ളൊന്നു മുറിഞ്ഞ്
ഉടലാകെ
കള്ള് മണക്കുന്നതുപോലെ
തോന്നുമവൾക്ക്.
സ്വപ്നങ്ങൾ കുത്തിനിറച്ച
ക്ലാസ് മുറിയിലിരിക്കുമ്പോഴും
തണുത്ത് വിറങ്ങലിച്ചൊരു ശൂന്യത
അവളെ വരിഞ്ഞു
മുറുക്കാറുണ്ടെപ്പോഴും.
മലയാളം മാഷ്
അപ്പനെക്കുറിച്ച് തിരക്കുമ്പോൾ
ശ്വാസകോശം തേങ്ങി
അവളിൽ നിന്നും ഒരു ദീർഘനിശ്വാസം
അടർന്നു വീഴാറുണ്ട് പുസ്തകത്താളിൽ .
എന്നാലും അവൾക്ക്
അപ്പനെ വല്യ ഇഷ്ടമാണ്.
ചുവന്നു കലങ്ങിയ കണ്ണും
കോതിമിനുക്കാത്ത മുടിയും
മുഷിഞ്ഞ വസ്ത്രങ്ങളുമായി
അലസമായി നടന്നു വരുന്ന
അപ്പൻ്റെ കൈയ്യിലെ പലഹാരപ്പൊതിയും
‘ലില്ലിക്കുട്ടിയേ..’ എന്നുള്ള നീട്ടിവിളിയും
അവൾക്ക് പെരുത്തിഷ്ടമാണ്.
അവളുടെ കണ്ണുകൾ നിറയുന്നതോ
വാക്കുകൾക്കുമേൽ
മൗനം
അടയിരിക്കുന്നതോ
അപ്പൻ ശ്രദ്ധിക്കാറേയില്ല.
എന്നാലും അവൾക്ക്
അപ്പനെ വല്യ ഇഷ്ടമാണ്.
■■■■

പ്രഭ ശിവ (വാക്കനൽ)

By ivayana