രചന : അമ്മുകൃഷ്ണ✍

പൊരുത്തകേടുകളിൽ നുരക്കുന്ന
അധികാരധ്വംസനങ്ങളിൽ മനം നൊന്തപ്പോഴും
നിലപാടുകളിലുറച്ചു ജീവിക്കാൻ ഒറ്റക്കാലിൽ
തപസ്സുചെയ്യേണ്ടി വന്നില്ലവൾക്ക്…
നിറഞ്ഞ തിരസ്കൃതങ്ങളുടെ നടുവിലൂടെ
തലയുയർത്തി നടന്നവളുടെ മുതുകത്ത്
കൂന് തിരഞ്ഞവർക്ക് നിരാശ മാത്രം..
ദൂഷണഭാണ്ഡങ്ങൾ നിരത്തിയവർ ഒറ്റുമ്പോൾ,
കടന്നുപോകേണ്ടതെന്ന ബോധ്യമുള്ള
ഒറ്റയടിപാതയുടെ നീളമുണ്ടോ അവൾ അളക്കുന്നു…
കഷ്ടനഷ്ടങ്ങളുടെ കാറ്റിൽ കരിന്തിരിയണഞ്ഞപ്പോൾ
മുഖത്തുനോക്കി സഹതപിക്കാൻ
വന്നവർക്കുമുന്നിൽ മൗനം കൊണ്ട്
മൂർച്ചയേറ്റിയവൾക്കുണ്ടോ
പിശാങ്കത്തിയുടെ ചെറുപോറലിൽ വേദന…
കാഴ്ചപ്പുറങ്ങളിലെ പേക്കുത്തുകൾ കണ്ട്
അനുഭവങ്ങളുടെ താളിൽ
ഇനിയും പുതുചരിത്രങ്ങൾ എഴുതിച്ചേർക്കാൻ
വെമ്പുന്ന മനസ്സോടെ അവളിന്നും
പുതുപ്രഭാകിരണങ്ങളെ എതിരേൽക്കാനൊരുങ്ങുന്നു….!

അമ്മുകൃഷ്ണ.

By ivayana