രചന : താഹാ ജമാൽ✍

ഇതെൻ്റെ രണ്ടാം വരവാണ്.രണ്ടാം വരവിലെ ആദ്യ കവിതയും. ആസ്റ്റർ മെഡിസിറ്റിയിലെ ദൈവതുല്യരായ ഡോക്ടർമാർക്കും, മാലാഖ തുല്യരായ നഴ്സുമാർക്കും, സ്റ്റാഫിനും, പിന്നെ കരൾ പങ്കിട്ട പ്രണയ പാതിക്കും സമർപ്പണം.

മലമുകളിലെ മന്ദഹാസം
മേഘങ്ങൾ കേട്ടു ശീലിക്കുന്നു
ദൈവത്തെ മറച്ചു പിടിയ്ക്കുന്ന
കാർമേഘം

ഒരു മാലാഖ
നിരന്തരം എന്നെ നോക്കുന്നു.
ബലഹീനരുടെ ഇടയിൽ
ബലവാനാവാൻ ദൈവത്തോടവൾ
പ്രാർത്ഥിക്കുന്നു.
ദൈവവിശ്വാസം നഷ്ടപ്പെട്ട
പാരിജാത പൂക്കൾ
മുക്കുറ്റിയെ നിരീശ്വരവാദം പഠിപ്പിക്കുന്നു.
എല്ലാ സിദ്ധാന്തങ്ങൾക്ക് പിന്നിലും
ആളുള്ളതിനാൽ
ബന്ധുരമായ കാഞ്ചനക്കുട്ടിലിരുന്ന്
അയലത്തെ മാടത്ത കരയുന്നു.
ചേറിലകപ്പെട്ടു പോയ സിലോപ്പിയ
ചേറിലും ജീവിച്ചു കാണിക്കുന്നു.
തവളകൾ പാട്ടു പാടുന്ന വെളിച്ചത്തെ രാത്രികാലം കാത്തിരിക്കുന്നു
ഇരുട്ടിൻ്റെ സൗന്ദര്യം
ഇരുട്ടത്തിരുന്ന് വെളിച്ചം വരുമ്പോൾ മാത്രം
പുഴ ആസ്വദിക്കുന്നു.

മാലാഖ
വീണ്ടും വീണ്ടും നോക്കുന്നു.
ഇടയ്ക്ക് മഴ,വന്നെന്നെ
കുളിപ്പിയ്ക്കാൻ ശ്രമിക്കുന്നു.
വെയിലുകൊണ്ടെന്നെ വറത്തെടുക്കുന്നു
മഞ്ഞു കൊണ്ടെന്നെ പുതപ്പിക്കുന്നു.
കാലങ്ങൾ കലണ്ടറിൽ അവശേഷിപ്പിച്ച
ദിനരാത്രങ്ങളുടെ മടിയിൽ
പുതിയ രഥങ്ങൾ പണിയുന്നു.
കുരുത്തോലപ്പെരുന്നാളിൻ്റെ തലേന്നത്തെ
മഴയിൽ തെങ്ങുകൾ കിനാവു കാണുന്നു
കുന്നിൻ മുകളിലെ പാലമരം
ഇടിവെട്ടിൽ നിന്നും അത്ഭുതകരമായി
രക്ഷപ്പെടുന്നു.
താഴ്വാരത്തെ എൻ്റെ വീട്ടിലേക്കു നോക്കുന്ന
മാലാഖമാർക്ക് മേൽ
കാഴ്ചകളെ മറയ്ക്കാൻ മേഘങ്ങൾ
ശ്രമം തുടങ്ങിക്കൊണ്ടേയിരിക്കുന്നു.

പൊയ്മുഖങ്ങൾ തിങ്ങിയ ഭൂമിയിൽ
ബധിരമാക്കപ്പെട്ട വാക്കുകൾ
സമകാലിക യാഥാർത്ഥങ്ങൾ
ഉണക്കാനിട്ട പുരപ്പുറങ്ങളിൽ
ഇത്തിൾക്കണ്ണിയായ് വളരുന്നു.

വലിയ വായിൽ കരയുകയും
നിലവിളികൾ ഉള്ളിലൊതുക്കുന്നവരെയും
കണ്ടു മടുത്തതിനാലാകും
ഉള്ളിലൊരു നിശ്ശബ്ദത
തളം കെട്ടി നില്ക്കുന്നത്
പതിവിന് വിപരീതമായി സൂര്യനു
മുഖം നോക്കാൻ
പുഴയില്ലാതായതിൻ്റെ അന്നാണ്
വസന്തത്തെക്കുറിച്ച്
കവികൾ ആലോചിച്ച് മരിച്ചത്

വീർപ്പുമുട്ടുമ്പോൾ
പൊട്ടിക്കരയാത്തവരുടെ
ലോകത്തു വെച്ചാണ്.
എനിക്ക് ഭൂമി നഷ്ടമായത്,
പാതാളം നഷ്ടമായത്.
ഇടയ്ക്കിടെ മാലാഖ എന്നെ നോക്കുന്നതു കൊണ്ടു മാത്രമാണ്
ഭൂമിയെനിക്കിപ്പോൾ സ്വന്തമായത്.

വാനരന്മാരും, വാമനന്മാരും
എൻ്റെ ഭാഷയിൽ സംസാരിക്കാത്തതിനാൽ
ഞാനിപ്പഴും ശേഷിപ്പുകൾക്കിടയിൽ
എന്നെ ശേഖരിച്ചു കൊണ്ടിരിക്കുന്നു.
ഖനികളിൽ പണിയെടുത്തപ്പോൾ
ഞാൻ കറുത്തു പോയതിന്
കാലവും, ഭൂമിയും
ഉത്തരവാദി.

രക്തത്തിൽ പങ്കില്ലാത്ത ഒന്നും
എൻ്റേതല്ല.
ഞാനിന്ന്
ഒന്നിൻ്റേയും ഉടമയല്ല.
ശത്രുരാജ്യത്തെ പടയാളി
എൻ്റെ ശത്രുവല്ല
മിത്രവുമല്ല.
ഒരു തന്മാത്രയിലെവിടെയോ
ഒരു ബ്രഹ്മം പുകയുന്നു
തളച്ചിടാനാവാതെ…..

By ivayana