രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍

‘എങ്ങിനെയാണോ എട്ടുകാലി തന്നിൽനിന്നുതന്നെ നൂലൂണ്ടാക്കി വലകെട്ടുകയും അതിനെ തന്നിലേക്കുതന്നെ പിൻവലിക്കുകയും ചെയ്യുന്നത്, എപ്രകാരമാണോ ഭൂമിയിൽ ചെടികളും ധാന്യാദികളും, ജീവനുള്ള മനുഷ്യശരീരത്തിൽ കേശരോമാദികളും മുളക്കുന്നത്, അപ്രകാരം നാശമില്ലാത്ത ബ്രഹ്മത്തിൽനിന്നും ഈ വിശ്വം മുഴുവനും ഉണ്ടാകുന്നു. (മുണ്ഡകോപനിഷത്ത് 1.1.7)

എട്ടുകാലെട്ടുദിശയിൽ പരത്തി
എട്ടുകാലിപോൽ മാൾ നിൽപു കൂറ്റൻ
ഏകനായ് ഞാനതിൻറെ ശിരസ്സിലെ
ഏങ്ങിത്തേങ്ങും ജലധാരാവിസ്മയ-
യന്ത്രച്ചുവട്ടിലിരുന്നു വീക്ഷിക്കുന്നു
ഭ്രാന്തമായ് മാളിൻറെയെട്ടുപാദങ്ങളിൽ
പൊന്തിയും താണുമൊഴുകിനീങ്ങുന്നോരു
തിക്കിത്തിരക്കും ജനാവലിയെ
പലരും ചെറുപ്പക്കാർ, മദ്ധ്യവയസ്ക്കർ,
വൃദ്ധർ, അവയവശേഷിയില്ലാത്തവർ –
ചക്രക്കസേരകളോട്ടി – വിദുരമാം ദൃഷ്ടി,
ഒച്ചവെച്ചോടുന്ന കുട്ടിക്കുസൃതികൾ,
പാൽക്കുപ്പിമോന്തി ശിശുവണ്ടികളിൽ
പൂപോൽചിരിക്കുന്ന പിഞ്ചുങ്ങളും –
അവർക്കെല്ലാർക്കുമുണ്ടായിരുന്നു
അന്തമില്ലാത്തതാമാവശ്യങ്ങൾ
യുവമിഥുനങ്ങൾ കൌമാരക്കാർ
കൈകൾ പരസ്പരം കോർത്ത്,
എല്ലാരുമൊരുപോലെയാനന്ദതുന്ദിലർ,
കെട്ടിപ്പിടിച്ചുമരയിൽകൈചുറ്റിയും
പുഞ്ചിരിതൂകിമയക്കുന്ന കണ്ണുകൾ,
അങ്ങോട്ടുമിങ്ങോട്ടുമോടിനടക്കുന്നു
സ്വപ്നലോകത്തിലെപ്പോലെ
ഗൌരവമുഖമുള്ള വാർദ്ധക്യങ്ങൾ
വിളറിമൃതസമമെങ്കിലും ഭൌതിക-
വസ്തുക്കളിൽ തീരാവാഞ്ഛയുള്ളോർ
ആകുലപ്പെട്ടുവലയുന്നവർ
ജീവിതം പെട്ടെന്നു തീർന്നെങ്കിലോ
മോഹങ്ങളൊന്നുമേ പൂവിടാതെ
എവിടെനിന്നിവരെല്ലാമെത്തിടുന്നു?
എവിടെയിവർപോയ് മറഞ്ഞിടുന്നു
എൻറെ ദൃഷ്ടിതന്നന്ത്യവിദൂരതയിൽ?
അവരുണ്ടായിരുന്നോ ഞാൻ കാണുന്നതിൻമുന്നം?
അവർ തുടരുമോ ഞാൻകാണാ ദൂരങ്ങളിൽ?
ആർക്കറിയാമിതിൻറെയെല്ലാം പൊരുൾ –
ലൂതരചിച്ചുമതുപിൻവലിച്ചും
ഏതോ ചിലന്തി ചമച്ചിടുന്നു
മായികമാമൊരു ജാലവിദ്യ
ഏകനാണോ ഞാൻ?
അറിയുകില്ല.
എട്ടുകാലുള്ള ചിലന്തിയെപ്പോൽ
ജീവിതമാകുന്ന മാളിൽ
എൻറെ ഏകത്വമാകും സ്വത്വത്തിൽ
നൂലുകളായിരം നീളെ വിരചിച്ച്
വിശ്വമിരമ്പി ജനിച്ചിടുന്നു
എൻറെ ശ്വാസനിശ്വാസങ്ങൾക്കൊപ്പം,
എട്ടല്ലനന്തമാമെൻറെ പക്ഷങ്ങളിൽ
സൃഷ്ടികളാർത്തിരമ്പുന്നു –
ഈ മാൾ അതിലൊരു പൊട്ടുമാത്രം,
നിസ്സാരമാകും പ്രപഞ്ചധൂളി!

മഠത്തിൽ രാജേന്ദ്രൻ നായർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *

Warning: Undefined variable $checkbox_text in /home/.sites/137/site9576960/web/wp-content/plugins/comments-subscribe-checkbox/front-end/add-checkbox-to-comments.php on line 25