രചന : മായ അനൂപ്✍

പൂർണ്ണേന്ദു വാനിൽ ഉദിച്ചുയരും നേരം
മിഴികൾ തുറക്കും നിശാഗന്ധി നീ
കണികണ്ടുണരുവാൻ പാർവണചന്ദ്രനായ്
മാത്രമായ് കാത്തങ്ങിരിപ്പതാണോ
താരകപ്പൂക്കളാ വാനത്തിൻ മുറ്റത്ത്
പൂക്കളം ആയിരമിട്ട നേരം
ആ പൂക്കളങ്ങൾ തൻ മദ്ധ്യത്തിൽ
കത്തും നിലവിളക്കെന്ന പോൽ ചന്ദ്രബിംബം
കൗമുദിതൻസ്വർണ്ണകിരണങ്ങളാം
കൈകൾ
നീട്ടി നിൻ പൂവൽമെയ് തൊട്ട നേരം
കൺചിമ്മി നീയങ്ങുണർന്നു നോക്കീടുന്നു
നിദ്ര തൻ ആലസ്യം മാറിടാതെ
താമരച്ചോലയിൽ മുങ്ങിയീറൻ തുകിൽ ചുറ്റി
വരുന്നൊരു തെന്നലും നിൻ
പൂമേനിയൊന്നാകെ ആശ്ലേഷിപ്പൂ നിന്റെ
മാസ്മര ഗന്ധം കവർന്നിടാനായ്
മഞ്ഞുമ്മ വെച്ച നിൻ തൂവെണ്മയോലും
കപോലങ്ങൾ തൻ ഭംഗി ആസ്വദിച്ചാ
പൂന്തിങ്കൾ നേരം പുലർന്നിട്ട് പോലും
മറഞ്ഞു പോയീടാൻ മടിച്ചു നിൽപ്പൂ
നിർമ്മലത്വത്തിന്റെ പര്യായമാകും
നിശാഗന്ധി നീ പൂക്കും യാമങ്ങളിൽ
പാതി വിടർന്ന നിൻ പൂമുഖം കാണാൻ
ഉണർന്നിരിപ്പൂ ഇന്നീ ലോകമാകെ.

മായ അനൂപ്

By ivayana