രചന : ബിന്ദു വിജയൻ ✍

എല്ലാം മറന്നൊന്നുറങ്ങുവാൻ
എന്നെ മറന്നൊന്നുറങ്ങുവാൻ
അത്രമേൽ ആശിച്ചുവെങ്കിലും
നിദ്രപോലും കൈവെടിഞ്ഞു
നീറുന്ന ചിന്തകൾ ചേർത്തിട്ടു വാറ്റിയ
ജീവിതത്തുള്ളികൾ മിഴിയിൽനിന്നിറ്റവേ
കഴിഞ്ഞതാം കാലങ്ങളൊക്കെയും
വെറുമൊരു സ്വപ്നമായി തീർന്നെങ്കിലെന്നു ഞാൻ
വെറുതെയാണെങ്കിലും മോഹിച്ചു പോയി
നിഴലും നിലാവും ഇഴച്ചേർന്ന നിശയിലെ
നിർനിദ്രാവീഥികൾ താണ്ടുവാനാകാതെ
മൗനത്തിൻ പാദങ്ങൾ വിണ്ടു കീറി.
വേച്ചു വിറച്ചുപോയ് വേദനയാൽ..
ഇനിയെന്ത് വേണമെന്നറിയാതെയുഴറുമെൻ
ഉള്ളത്തിനുള്ളിൽ തറക്കുന്ന മുള്ളുകൾ
മന്ദസ്മിതത്തിന്റെ പാദുകം ചാർത്തി ഞാൻ…
മെല്ലെ മെല്ലെ നടക്കാൻ പഠിക്കുന്നു.

By ivayana