രചന : ഹരികുമാർ കെ പി✍

കത്തിയെരിയുന്ന കനലായി സൂര്യനും
മീനരാശിയിൽ മിഴി തുറന്നീടവേ
പേറ്റുവേദനയാലീ പ്രപഞ്ചത്തിൽ
രേവതിച്ചന്തമായെന്നെ നൽകിയോ

കൂടണച്ചു നീ കൂട്ടം പിരിയാതെ
മാറണച്ചു നീ അമ്മിഞ്ഞ നുകരുവാൻ
മാതൃഭാവമാം കനലിൽ വിടർന്നെന്നെ
സ്നേഹഭാവങ്ങൾ മിന്നും പ്രകാശമായ്

ഭൂമിയാണ് നീ ഭുവനേശ്വരിയാണ്
കൈകൾ തഴുകുന്ന കർമ്മദ്യുതിയാണ്
ബാല്യമത്രയും സന്തോഷമാക്കിയ
ബന്ധമാകുന്ന ബന്ധനം നീയല്ലോ

തെറ്റുകൾ കൂട്ടി കുറ്റം മറയ്ക്കുന്ന
അമ്മയംശമാം ആദിയാം ദൈവമേ
എന്റെ കാലത്തിനൊപ്പം ചലിക്കാതെ
ക്രൂരവിധിയാൽ വിട പറഞ്ഞെവിടെയായ്

ഓർമ്മയില്ലെങ്ങും ശില്പമായ് മാറുന്ന
ശീർഷഭാവമേ മാപ്പെനിക്കേകുക
കാലഗതിയോ കപടമാം ജാലമോ
എന്നെയറിയാതെ പോയൊരെൻ ദുഖമേ

ഒന്ന് തിരികെ നടക്കുവാനാകുമോ
പഴമയോർത്തു പഴിക്കുവാനാകുമോ
പാപഭാരം എനിക്കായി നൽകുവാൻ
സ്നേഹഹത്യ നീ എന്തിനായ് ചെയ്തു പോയ്‌

ഓമനിച്ചു നീ കാലം കഴിച്ചൊരെൻ
കന്നിബാല്യം കനവ് തേടുന്നിതാ
ആര് കണ്ടു ആത്മാവ് കണ്ടുവോ
ആടി മറയുന്നൊരഗ്നിച്ചിറകുകൾ

നീയെനിക്കായ് ഉയർത്തെഴുന്നേൽക്കുക
ഭ്രമണചക്രങ്ങൾ പൂർത്തീകരിക്കുക
ലോകമറിയാൻ വിളിച്ചു ചൊന്നീടുക
നീ എനിക്കെന്റെ പ്രിയപുത്രമാനസം

ഹരികുമാർ കെ പി

By ivayana