രചന : ഷാഫി മുഹമ്മദ് റാവുത്തർ✍

ഒരാൾ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ
ഏതാണ്ട് മധ്യകാലം വരെയും കടുത്ത പരാജയങ്ങളും തിരിച്ചടികളും മാത്രം കിട്ടിയിരുന്ന എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരാൾ…
ഇന്നസെന്റ്
മറ്റൊരാൾ ബിരുദം വരെയുള്ള കോളേജ് വിദ്യാഭ്യാസത്തിന് ശേഷം പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പഠിച്ചിറങ്ങിയ
ആദ്യകാലം മുതൽക്കേ സിനിമയുടെ എല്ലാ മേഖലയിലും തിളങ്ങിയ ശ്രീനിവാസൻ…
മലയാളം അറിയാവുന്നവരെയൊക്കെ കുടുകൂടെ ചിരിപ്പിച്ച ഇരുവരും സമൂഹത്തിൽ നേരിട്ട് ഇടപെട്ടപ്പോൾ ഉണ്ടായ വ്യത്യാസം ചൂണ്ടിക്കാട്ടാൻ വേണ്ടിയാണ് ഈ കുറിപ്പ്…
ആക്ഷേപഹാസ്യത്തിലൂടെ കുറിക്കുകൊള്ളുന്ന വിമർശനങ്ങളിലൂടെ
മലയാളി സമൂഹത്തിനു മേൽ ലഭിച്ച ഇഷ്ടവും സ്നേഹവും മൂലം ശ്രീനിവാസന്റെ വാക്കുകൾ സത്യമാണെന്നു വിശ്വസിച്ച് അത് പിന്തുടർന്ന് ജീവിതം ഇല്ലാതാക്കിയ ഒട്ടനവധി ആളുകൾ ഉണ്ട് ഇവിടെ…
ഒരു സുപ്രഭാതത്തിൽ ശ്രീനിവാസന് ഒരു വെളിപാട് തോന്നുന്നു… അലോപ്പതി മരുന്നുകൾ കടലിൽ വലിച്ചെറിയണം എന്നു പ്രസ്താവിക്കുന്നു പ്രകൃതി ജീവനം എന്ന പുതിയ ചികിത്സാരീതിയെ കുറിച്ചു പറയുന്നു…
അവയവ മാറ്റത്തെ എതിർക്കുന്നു അതൊക്കെ കേരളത്തിലെ മാധ്യമങ്ങൾ വാർത്തയാക്കുന്നു…
സാമാന്യയുക്തിയും ചിന്തയും ഇല്ലാത്ത അനേകായിരങ്ങളെ ഈ വാർത്ത സ്വാധീനിക്കുന്നു അലോപ്പതി ചികിത്സയെ വിട്ട് കാൻസർ,കിഡ്നി,കരൾ,മസ്തിഷ്ക രോഗികൾ പ്രകൃതിജീവനവും, മണ്ണ് ചികിത്സയും പരീക്ഷിക്കുന്നു…
ശാസ്ത്ര യുക്തി ലവലേശം ഇല്ലാത്ത ഈ രീതികളിൽ പ്രതീക്ഷ അർപ്പിച്ച് അലോപ്പതി ചികിത്സ ഉപേക്ഷിച്ച വിദ്യാസമ്പന്നർ ഉൾപ്പടെ ഒരുപാട് മലയാളികൾ രോഗം മൂർച്ഛിച്ച് വേഗം വേഗം മരണത്തിലേക്ക് പോവുന്നു…
അതും നൂറുകണക്കിന് ആളുകൾ…
യുക്തിയില്ലാത്ത അരാഷ്ട്രീയവാദിയായ
ഈ വിദ്യാസമ്പന്നൻ ഛർദ്ദിച്ചു വെച്ച വാക്കുകൾ അത്രമേൽ ഭീകരമായാണ് സമൂഹത്തിൽ പ്രവർത്തിച്ചത്…
അദ്ദേഹത്തിന് ഇതേ രോഗാവസ്ഥ വന്നപ്പോൾ ഒരു നിമിഷം പോലും ആലോചിക്കാതെ ആധുനിക വൈദ്യ ശാസ്ത്രത്തിൽ അഭയം തേടാൻ ഒരു മടിയും ഇല്ലായിരുന്നു എന്നും ചേർത്തു വായിക്കണം…
അതേ സമയം ആ പഴയ എട്ടാം ക്ലാസുകാരൻ ചെയ്തതോ…???
മാനസികമായി ആരും തകർന്നു പോകാവുന്ന ഒരു നിമിഷമാണ് തനിക്ക് കാൻസർ ആണ് എന്ന് അറിയുന്ന വേള…
അതിനെയും മനക്കരുത്തുകൊണ്ടു അതിജീവിച്ച് തന്റെ അനുഭവങ്ങളെ കുറിച്ചും രോഗത്തെ നേരിടേണ്ടത് എങ്ങനെയെന്നും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും നർമ്മം കലർത്തി ഇന്നസെന്റ് അവതരിപ്പിച്ചു…
ഇന്നസെന്റ് എഴുതിയ കാൻസർ വാർഡിലെ ചിരി എന്ന പുസ്തകം ഇരുപതിൽ പരം പതിപ്പുകളിലൂടെ ഒരു
ലക്ഷത്തിൽ അധികം പുസ്തകങ്ങൾ വിറ്റു തീർന്നു…
പല കാൻസർ രോഗികൾക്കും ജീവിതം തിരിച്ചു പിടിക്കാനും അതിജീവിക്കാനും
ഇന്നസെന്റ് എന്ന എട്ടാം ക്ലാസുകാരൻ പ്രേരണയായി… എംപി ആയിരിക്കെ കാൻസർ രോഗികൾക്ക് വേണ്ടി പ്രത്യേക പദ്ധതികൾക്ക് രൂപം നൽകി, പലർക്കും സാമ്പത്തിക /ഔഷധ സഹായങ്ങൾ നൽകി അവരുടെ കാര്യങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചു…
ഓരോ വിഷയത്തിലും കൃത്യമായ അഭിപ്രായങ്ങൾ പറഞ്ഞു വർഗ്ഗീയതയ്ക്കും പൗരോഹിത്യ വാഴ്ചയ്ക്കും എതിരായ അഭിപ്രായങ്ങൾ ഉയർത്തി സമൂഹത്തിൽ ബൗദ്ധികമായ ചർച്ചകൾക്ക് വഴിമരുന്നിട്ടു…
ശാസ്ത്രയുക്തിയും പുരോഗമന ചിന്തയും
സരസമായി ജനങ്ങളിൽ എത്തിച്ചു…
സ്നേഹവും നർമ്മവും കലർന്ന നിലപാടുകളിലൂടെ അനുഭവങ്ങളിലൂടെ
പ്രവർത്തനങ്ങളിലൂടെ ഒരു സമൂഹത്തിന് ആകെ തിരിച്ചറിവ് നൽകിയ യഥാർത്ഥ കമ്യുണിസ്റ്റായ ആ പഴയ എട്ടാം ക്ളാസുകാരനിൽ നിന്ന് ഏറെ പഠിക്കുവാനുണ്ട്…
ശ്രീനിവാസനും…
കേരള സമൂഹത്തിനും…

By ivayana