രചന : പ്രവീൺ സുപ്രഭ✍

ബേട്ടാ ….
കണ്ണുതുറന്നു നോക്കുമ്പോൾ
പ്രായം പരിക്ഷീണനാക്കിയെങ്കിലും
ധൈര്യംസ്ഫുരിക്കുന്നമുഖത്തെ
നേരുതിളയ്ക്കുന്നമിഴികളവനെ
ബോധത്തെളിവിലേക്കുണർത്തിവിട്ടു ..,
കവിളിലെ പകവരഞ്ഞിട്ട വടുക്കൾ
ജരാധിക്യത്തെ വിളിച്ചുപറയുന്നു ,
ചോരതുടുത്തിരുന്ന ദേഹത്താകെ
പീതരാശി പടർന്നിരിക്കുന്നു .
ശന്തനുമൃദുവായൊന്നു ചിരിച്ചു …
അബ്ബാ……
അധികാരവരശക്തിയിൽ
അധമരായ് പ്പോയവർക്കുമുന്നിൽ
നമ്മൾ തോറ്റുപോകാതിരിക്കാൻ
അങ്ങയുടെ ജരാനരകളെനിക്കുനൽകൂ ,
കോടാനുകോടികൾക്കു ജയിക്കാൻ
അബ്രഹാമിനെപ്പോലെ എന്നെ ബലിനൽകൂ .,
ചിരിക്കിടയിലും
അവന്റെ ഒച്ച കനത്തു…..
ബേട്ടാ …
ചത്തബീജങ്ങളെ സ്ഖലിക്കുന്ന
നിർഗുണജന്മങ്ങളാണവർ ,
മൃതപിണ്ഡങ്ങളെ പരിചയാക്കി
പടനയിക്കുന്ന ഭീരുക്കളാണവർ ,
ഒറ്റുകൊടുത്തു കീശവീർപ്പിക്കുന്ന
ഇരുട്ടിന്റെ നാറുന്ന കാവലാളാണവർ ,
പ്രജ്ഞയറ്റൊരു പുഴുത്തജന്മമാകുവാൻ
അവിശുദ്ധമല്ലെന്റെ പൈതൃകവേരുകൾ .,
വേദഗ്രന്ഥങ്ങളിലെ വിശുദ്ധവാക്യങ്ങൾ പോലെ
സത്യമേവ ജയതേ എന്നുറച്ചുവിശ്വസിക്കൂ ..
ശന്തനു ഉറക്കെച്ചിരിച്ചു …..
അവന്റെ കണ്ണുകൾ നീറിത്തുളുമ്പി ….
കാതുകളിൽ
പൗരാവകാശത്തിന്റെ
വിശുദ്ധപ്രഭാഷണങ്ങൾ മുഴങ്ങി .,
അവന്റെ കണ്മുന്നിൽ
റദ്ദുചെയ്യപ്പെട്ട അവകാശങ്ങൾ
ഇളിച്ചുകാട്ടിനിരന്നു നിന്നു.
കുത്തുവിട്ടിളകിപ്പറന്ന
അനുച്ഛേദങ്ങളുടെ താളുകളിൽ
മറിഞ്ഞുവീണ നീതിത്തുലാസിന്റെ
നീളൻ സൂചികൾ കുത്തിനിന്നു വിറച്ചു …
ചിരിക്കിടയിലും അവനോർത്തു …
എഴുതിവെക്കപ്പെട്ട അവകാശങ്ങളെല്ലാം
അപകടം പടികടന്നെത്തും വരെ മാത്രം ..
നിശബ്ദതയുടെ ഉത്തരങ്ങൾ തേടുക
അവനവനെത്തേടി അവരെത്തുമ്പോൾ മാത്രം

By ivayana