രചന : കൃഷ്ണമോഹൻ കെ പി ✍

ആഞ്ഞിലിപ്പഴം വീഴും കാവിന്റെയരികത്താ
ആലില മെത്തമേലേ ഞാനൊന്നു ശയിക്കവേ
മാനസ മുകുരത്തിൽ ഓടി വന്നെത്തീടുന്നൂ
മാറ്റെഴും ബാല്യത്തിന്റെ ദിവാസ്വപ്നങ്ങളാകേ
പരീക്ഷ കഴിഞ്ഞല്ലോ, പാഠങ്ങളൊഴിഞ്ഞല്ലോ
പാഠശാലകൾ തന്റെ വാതിലുമടഞ്ഞല്ലോ
വേനലിൻ അവധിയായ് വീഥിയിൽ ബഹളമായ്
വേഗമാ ചങ്ങാതിമാർ കളിക്കാൻ തുടങ്ങയായ്
മാവിന്മേലെറിഞ്ഞൊരു മാമ്പഴം വീഴ്ത്തീടുമ്പോൾ
മാറി നിന്നൊരു കൊച്ചു മാമ്പഴം നുണയുമ്പോൾ
ആർപ്പുകൾ വിളിക്കുമ്പോൾ ഓടിക്കളിച്ചീടുമ്പോൾ ,
നേരായ ബാല്യത്തിന്റെ നിർവൃതിയുണരുന്നൂ ….
പാത തൻ വക്കിൽ നില്ക്കും പാന്ഥന്റെ മുഖത്തുള്ള
പാരവശ്യത്തെക്കണ്ടു കുടിനീർ കൊടുക്കുമ്പോൾ
വേനൽതന്നവധിയിൽ വേദന തോന്നാതുള്ള
വേറിട്ട കളികളെ കളിച്ചു തിമിർക്കുമ്പോൾ
താനൊരു ശിശുവായി മാറുന്നതായിത്തോന്നും
താലവൃന്ദത്തിൻ കാറ്റിൽ സ്വപ്നങ്ങൾ പറന്നെത്തും
ഒട്ടു ഞാൻ മയങ്ങുമ്പോൾ എന്നുടെ മനതാരിൽ
ഒക്കവേ പകലതിൻ കിനാക്കൾ പിറക്കുന്നൂ

കൃഷ്ണമോഹൻ കെ പി

By ivayana