ഞാൻ അഞ്ചാംക്‌ളാസിൽ പഠിക്കുന്ന സമയം.
കൂട്ടത്തിൽ ഇത്തിരി കുറിയവനായതുകൊണ്ട് (പിന്നീട് ഉയരംവച്ചു ) കൂട്ടുകാരെല്ലാം അന്നെന്നെ സ്കൂളിൽ ചെറുമണി എന്നാണ് വിളിച്ചിരിക്കുന്നത്.

അതേക്‌ളാസിൽതന്നെയായിരുന്നു
എന്റെ തൊട്ടടുത്ത വീട്ടുകാരനായിരുന്ന നീലാംബരൻ എന്ന് അന്ന് വിളിച്ചിരുന്ന
കിഴക്കേതിൽ സതീഷും പഠിച്ചിരുന്നത്.

സതീഷ് ഇന്നത്തെപ്പോലെ അന്നും ഒരു തടിയൻതന്നെയായിരുന്നു. പക്ഷേ..
അക്കാലത്ത് അവന് ധൈര്യം വളരെ കുറവും എനിക്കാണെങ്കിൽ ധൈര്യം അല്പം കൂടുതലും ആയിരുന്നു.

(സത്യത്തിൽ സതീഷ് അന്നും ഇന്നും ഒരാളെപ്പോലും വേദനിപ്പിക്കാത്ത വ്യക്‌തിയാണ് എന്നതും,
മുതിർന്നപ്പോൾ അവൻ എന്റെ ഏറ്റവും മികച്ച കൂട്ടുകാരനായി,എന്റെ കട്ട ചങ്കായി
ഇപ്പോഴും കൂടെയുണ്ട് എന്നതും മറ്റൊരു രസം. )

ചെറുപ്പത്തിന്റെ കുസൃതികൊണ്ടാകാം അയൽവാസിയാണെങ്കിലും കൂടെപഠിക്കുന്ന ധൈര്യമില്ലാത്ത സതീഷിനെ എന്നും ഞാൻ വെല്ലുവിളിക്കുമായിരുന്നു.

ചിലപ്പോഴൊക്കെ കവിളിൽ തോണ്ടുകയും, ചെറുതായി തള്ളി ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു.

അവനുനേരെ ഞാൻ നിരന്തരം
അക്രമം അഴിച്ചുവിട്ടിട്ടും തടിയനായ അവന് എന്നോട് എതിരിടാൻ ധൈര്യം ഇല്ലെന്നത് എന്നെ കൂടുതൽ ധീരനാക്കിയതേയുള്ളൂ.

അന്ന് ഞാനായിരുന്നു അവന്റെ രാജാവ്.

എന്നെ ഭയന്ന് സതീഷ് ഞാൻ പോകുന്നനേരത്ത് സ്കൂളിലേക്കും സ്കൂൾവിട്ട് വീട്ടിലേക്കും പോകാതെയുമായി.

എന്നെ നേരിടുമ്പോഴൊക്കെ അവന്റെ കണ്ണുകളിൽ ഭയം തുളുമ്പുന്നത് ഞാൻ മനസിലാക്കിയിരുന്നു.

ഒരുദിവസം….

ക്‌ളാസിൽ, നിൽക്കുമ്പോൾ ഒഴിവുസമയത്ത് ഞാൻ പതുക്കെ അവന്റെ അടുത്ത് ചെന്നു.
സതീഷിന്റെ ഹൃദയമിടിപ്പ് കൂടിയിട്ടുണ്ടാകും.
ഞാൻ പതുക്കെ അവനോട് പറഞ്ഞു.

“ഇന്ന് ക്‌ളാസ് വിട്ട് പുറത്തേക്ക് വരുമ്പോൾ ഗ്രൗണ്ടിലെ പ്ലാവിനടുത്തിട്ട് നിന്നെ ഞാൻ തല്ലും.
സ്കൂളിലെ കൂട്ടികൾമുഴുവൻകാൺകെ നിന്നെ ഞാൻ തല്ലിചതയ്ക്കും.”

സതീഷിന്റെ കണ്ണുകൾ പിടയുന്നതും ദൈന്യമോടെ അവൻ നോക്കുന്നതും ഞാൻ കണ്ടില്ലെന്ന് നടിച്ചു.

വൈകുന്നേരം….
ക്‌ളാസ് വിട്ട് ഞാൻ ഗ്രൗണ്ടിലെ പ്ലാവിനടിയിൽ സതീഷ് വരുന്നത് കാത്തുനിന്നു.
പക്ഷേ…
അവൻ ക്‌ളാസിൽനിന്ന് പുറത്തിറങ്ങാതെ ജനലവഴി എന്നെ നോക്കുന്നത് ഞാൻ കണ്ടു.

കുട്ടികളെല്ലാം സ്കൂൾവിട്ട് പുറത്തുപോയിക്കഴിഞ്ഞു.

ക്‌ളാസിൽനിന്ന് പുറത്തിറങ്ങാതെ ഭയത്തോടെ സതീഷും,
സതീഷിനെ തല്ലിയിട്ടേപോകൂ എന്ന വാശിയിൽ ഞാനും അവിടെ ബാക്കിയായി.

ഒടുവിൽ….
സമയം ഇരുളാൻതുടങ്ങി…
ഞാൻ പോകുന്നില്ലെന്ന് കണ്ടതും ഭയത്തോടെ സതീഷ് പുറത്തേക്ക് ഇറങ്ങി നാലുപാടും നോക്കി.

ഒരിടത്തുപോലും ഒരാളും ഇല്ല.
സതീഷ് വിറയലോടെ എന്റെ അടുത്തേക്ക് വന്നു.
അവന്റെ കണ്ണുകളിൽ അപ്പോൾ മറ്റൊരു ഭാവം പിറവിയെടുത്തത് ഞാൻ കണ്ടില്ല.

മെല്ലെമെല്ലെ അടുത്തെത്തിയ അവനെ അടിക്കാനുള്ള തയ്യാറെടുപ്പ് ഞാൻ നടത്തുംമുമ്പേ…..
എന്തെങ്കിലുമൊന്ന് ചോദിക്കുകയോ പറയുകയോ ചെയ്യുംമുമ്പ് തടിയനായ അവൻ കൈ മടക്കി എന്നെ മുഖത്തേക്ക് ഒരൊറ്റ ഇടി.

പ്തോം.!
ദേ കിടക്കുന്നു വെട്ടിയിട്ടപോലെ
ഞാൻ പ്ലാവിന്റെ കടയ്ക്കൽ.

ഒരു പുകച്ചിൽ….
പിന്നെയൊരു മൂളൽ…
തലക്കകത്തൊരു ഭൂകമ്പം….

സതീഷിന്റെ രണ്ടാമത്തെ അടി വരുന്നതിനുമുമ്പ്
കളരിസ്റ്റൈലിൽ ചാടിയെഴുന്നേറ്റ് ചിതറിവീണ പുസ്തങ്ങളും ചോറുപാത്രവും എടുത്ത് തിരിഞ്ഞുനോക്കാതെ ഞാൻ വീട്ടിലേക്കോടി.

പിന്നീടങ്ങോട്ട് അവനെ പേടിച്ച്
സ്കൂളിലേക്കും വീട്ടിലേക്കും അവൻ പോകുന്ന നേരത്ത് ഞാൻ പോകാതായി.

അന്നുമുതൽ എനിക്ക് അവനായിരുന്നു രാജാവ്.

By ivayana