മഴകൊണ്ടുവന്നതാ-
ണീ കുളിർ;മുറ്റത്തു
തിരി വെച്ചു പൊട്ടി –
ച്ചിരിച്ചു തൈമുല്ലകൾ.

നറു ഗന്ധമത്രയും
മടിശീലയിൽ വച്ചു
ദിനരാത്ര സഞ്ചാരിയായ്
കാറ്റിറങ്ങുന്നു!

മതിവരാതെന്തിത്ര
കുളിർ കണ്ണുമായിവൾ
ശ്രുതി പിഴയ്ക്കാ-
തിമ്പ ഗീതം മുഴക്കുന്നു!

അടിമുടി രോമാ –
ഞ്ചിതത്താൽ ധരിത്രിയാൾ
മതിമുഖിക്കുള്ളത്ര
നാണം വഹിക്കുന്നു!

പകലവൻ തന്നിടം
കണ്ണാൽ കടാക്ഷമായ്
ചൊരികയോ താപം
കുറച്ചുള്ള സ്പർശനം!

ഇതുവിധം ശോഭിക്കയാ
ണിന്ദ്രനീലിമ
കൃമികുലം തൊട്ടുള്ള
ജീവതന്തുക്കളിൽ!

ഹരികുങ്കുമത്ത്

By ivayana