ആത്മാവെന്തിന് വെറുതെയെനിക്കെന്നു
പലവുരു ചിന്തിച്ചു ഞാൻ.
ഞാനെൻ ആത്മാവിനെ ഹനിച്ചെന്നാൽ
നഷ്ട്ടമാർക്കെന്നു പലവട്ടം ചിന്തിച്ചു ഞാൻ.

ചിന്തകൾക്ക് ചിറകുമുളപ്പിച്ചവയെ പറത്തി –
കാടുകൾ കടത്തി, കുന്നുകൾ കയറ്റിയിറക്കി,
ചിലനേരമെങ്കിലും ഭാരമുള്ള –
മനസ്സിനെ ഞാൻ സ്വതന്ത്രമാക്കുന്നു.

ഓരോ യാത്രയും ലക്ഷ്യത്തിലെത്തുന്നത്
ശകടത്തെക്കാൾ വേഗതയിലെന്നഹം ചരിച്ചിട്ടാണ്.
കണക്കുകൾ കൂട്ടിയും കിഴിച്ചും ശിഷ്ട്ടമുണ്ടോ എന്നാധിയിലും,
ചിരിക്കുന്നു, ഞാനെന്റെ യാത്ര തുടരുന്നു.

പിന്തുടരുന്ന കണ്ണുകളെണ്ണുമ്പോൾ
ദേഹവും ദേഹിയും ഒപ്പം വേണമെന്ന
വാശിയോടെ മുന്നേറുന്നു ഞാൻ
ഇടറുന്ന കാൽപാദങ്ങൾ ആണെങ്കിലും.

പലപ്പോഴും മനസ്സൊരു മരുഭൂമിയാകുമ്പോൾ
നിസ്സഹായതയിൽ ചുട്ടെരിയുമ്പോൾ
ഹൃദയത്തിൽ നിന്നൊഴുകും ഉറവയിലെ സ്നേഹത്തെളിനീരുമായി
എത്താറുണ്ട് ആത്മബന്ധങ്ങൾ.

അവയകന്നു പോകുന്നെന്ന സന്ദേഹത്താൽ
മുറിപ്പെടുന്നു ഹൃദയം പലപ്പോഴും.
സ്വാർത്ഥമോഹങ്ങൾ പാടില്ലെന്നറിയാമെന്നിട്ടും
സ്വാർത്ഥമാകുന്നു മനസ്സെപ്പോഴും.

എല്ലാം വെറുതെഎന്നറിയുമെങ്കിലും
എരിഞ്ഞുതീരും വരെ ചുറ്റിലും പ്രകാശം പരത്തണം
ആത്മാവിനോട് നീതി പുലർത്തണം.
ആത്മാവിൻ വേദന പുഞ്ചിരിയിൽ ഒതുക്കണം

ബിന്ദുവിജയൻ കടവല്ലൂർ.

By ivayana