രചന : സന്തോഷ്‌ കുമാർ✍

ഈ മഹാ പ്രപഞ്ചത്തിൽ
അനന്തമാം വിഹായസ്സിൽ
ഗഗനപഥത്തിൽ ശോഭ പരത്തും
സീമകൾക്കതീതമാം ഇന്ദുഗോപങ്ങൾ
മനസ്സിനെ മദിപ്പിക്കും മന്ത്രവാദികളേ നിങ്ങൾ
എത്രയോ അരികെ എന്നാൽ എത്രയോ അകലെ
ഒരിക്കലും മറ നീക്കാതെ എന്നും ഭ്രമിപ്പിച്ചു തിളങ്ങും
ശുഭ്രശ്രേയസ്സുകളല്ലോ
ആഗമനകാലം മുതൽ നിൻ പൊരുളിനെ
തേടുന്നു വൃഥാ
ഒരു അടയാളവുമേകാതെ നിലകൊള്ളുന്നു
നീ സദാ
സുരലോകത്തെ നിന്നരികിൽ കല്പനം ചെയ്തു
കൽപ്പങ്ങളായി നിലകൊള്ളുന്നു
ഞങ്ങൾ
ഇരുളാർന്ന നെറ്റിത്തടത്തിൽ മാലേയം എന്ന
പോൽ
അന്ധകാര നഭസ്സിൽ കാന്തി പടർത്തും
ഉത്തമ കന്യകളല്ലോ
തപോവനത്തിലെ ശ്വേത പുഷ്പങ്ങൾ
വിണ്ണിലെ ധവള രത്‌നങ്ങളും
വാസരത്തിൽ നാണത്താൽ മുഖം മറച്ചു
രാവിൽ ഹസിതം തൂകി
തിളങ്ങും ആകാശ കലികകൾ
അകതളിരിൻ കർപ്പൂര ദീപങ്ങളും
ഒരു രജത ദ്യുതിയായി വരികയെൻ മുന്നിൽ
ഒരു മൃദുവാണിയായി മന്ത്രിക്കയെൻ കാതിൽ
അറിഞ്ഞിടാം നിങ്ങൾതൻ സ്നേഹവീചികൾ
അറിഞ്ഞിടാം സ്നേഹവായ്പ്പുകൾ

By ivayana