രചന : സതീഷ് വെളുന്തറ✍

കത്തിരിക്കയുടെ കഴുത്തിന് പിടിച്ചു കട്ടിങ് ടേബിളിൽ വച്ച് കട്ട് ചെയ്യാൻ കാലത്തെ തന്നെ തുടങ്ങുമ്പോഴാണ് UP യിൽനിന്ന് HS -ലേയ്ക്ക് പദമൂന്നാൻ തുടങ്ങുന്ന മകന്റെ വരവ് അടുക്കളയിലേക്ക്. രാവിലെ പിടിപ്പത് പണിയുണ്ട്. അടുപ്പത്ത് കലത്തിലുള്ള അരി കുച്ചുപ്പുടിയിലേക്ക് കടന്നിട്ടില്ല. ഇഡ്ഡലിയ്ക്കുള്ള സാമ്പാറിലെ വെട്ടിയൊരുക്കിയ പച്ചക്കറിത്തുണ്ടുകൾ പ്രഷർ കുക്കറിനുള്ളിൽ ഹൈജമ്പ് കളിയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. ഫുട്ബോൾ റഫറിയുടെ വിസിലടി പോലെ കുക്കറിൽ നിന്ന് വിസിലടി വന്നു കഴിഞ്ഞു.

തിരുവയറൊഴിയാൻ തയ്യാറായ പട്ട മഹിഷിയുടേതുപോലെ ഇഡ്ഡലി പാത്രത്തിന്റെ ഉദരമൊന്നു കുലുങ്ങി. തുറന്നിട്ട അടുക്കള ജനാലയിലൂടെ പ്രഭാതത്തിലെ കതിരോന്റെ പ്രഭാപൂരം ദാക്ഷിണ്യമില്ലാതെ നേരെ കണ്ണിലേക്ക് തന്നെ അടിക്കുന്നുണ്ട്. വീട് വയ്ക്കുമ്പോൾ തന്നെ പറഞ്ഞതാണ് അടുക്കളയിൽ ഗ്യാസ് സ്റ്റവും അടുപ്പും വയ്ക്കുന്ന സ്ലാബ് കിഴക്ക് വശത്ത് വേണ്ടെന്ന്.

എന്തു ചെയ്യാം വാസ്തുവിന്റെ വിളയാട്ടം. ആളുന്ന ജ്വാലകളാൽ പരലാളിതമായ ബർണറുകളിൽ നിന്ന് ഇഡ്ഡലിയുടെയും സാമ്പാറിന്റെയും പാത്രങ്ങൾക്കൊരു മോചനം കൊടുത്തിട്ട് വേണം വെയിറ്റിംഗ് ലിസ്റ്റിലുള്ള അവിയലിനും കത്തിരിക്ക മെഴുക്കുപുരട്ടിയതിനും അവിടങ്ങളിൽ സീറ്റ് നൽകാൻ. ചമ്മന്തിയ്ക്കുള്ള തേങ്ങ ശീതീകരണ അറയിൽ വിശ്രമത്തിലാണ്. അങ്ങോട്ടൊന്നു ദർശനം നടത്താൻ ഇതുവരെ സമയം കിട്ടിയില്ല.


പുറപ്പാട് കഴിയും മുമ്പേ തിരനോട്ടം എത്തിയത് പോലെയായി പുത്രന്റെ രംഗപ്രവേശം.” അമ്മേ ഈ സിദ്ധാർത്ഥ രാജകുമാരൻ…….. ” പൂർത്തിയാക്കാൻ മീര സമ്മതിച്ചില്ല. അവന്റെയൊരു സിദ്ധാർത്ഥ രാജകുമാരൻ, രാവിലെ യൂട്യൂബും നോക്കിയിരുന്നിട്ട് സംശയവും കൊണ്ട് വന്നിരിയ്ക്കുകയാണ്. പക്ഷേ ഉണ്ണിക്കുട്ടൻ വിടുന്ന ലക്ഷണമില്ല. അവൻ വീണ്ടും ചോദിച്ചു അമ്മേ ഒന്ന് പറ. എന്താടാ മോനെ. സിദ്ധാർത്ഥ രാജകുമാരൻ ചെയ്തത് അനീതിയല്ലേ അമ്മേ. ഞാൻ വിക്രമാദിത്യ ചക്രവർത്തിയാണോ, നീ കഥയും കേട്ടിട്ട് വന്നു അവസാനം ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയാൻ.

അവൾ അല്പം ഗൗരവത്തിലായി. അല്ലമ്മേ രാജ്യത്ത് ദുരിതവും പട്ടിണിയും രോഗങ്ങളും അധർമ്മവും ഒക്കെ കണ്ടല്ലേ അദ്ദേഹം മനംമടുത്ത് അർദ്ധരാത്രിയിൽ ഭാര്യയെയും ഉപേക്ഷിച്ചു പോയത്. അത് ഒരു രാജകുമാരന് ചേർന്നതാണോ ഭീരുത്വമല്ലേ അത്, ഉത്തരവാദിത്ത്വങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമല്ലേ. രാജ്യത്തിന്റെ ഭരണം ഏറ്റെടുത്ത് അതിനെയെല്ലാം ഇല്ലായ്മ ചെയ്യാനായിരുന്നില്ലേ അദ്ദേഹം ശ്രമിക്കേണ്ടിയിരുന്നത്.
ദേ ചെറുക്കാ നീ രാവിലെ ഭാരിച്ച കാര്യങ്ങളൊന്നും അന്വേഷിക്കേണ്ട കേട്ടോ. അല്ലെങ്കിൽ തന്നെ ഇവിടെ മനുഷ്യന് തല പെരുത്തിരിക്കുവാ.

ദോണ്ടെ, രാവിലെ തന്നെ പത്രവും എടുത്തു ഇന്നത്തെ പരീക്ഷയ്ക്ക് കാണാപ്പാഠം പഠിച്ചു കൊണ്ട് ആ സിറ്റൗട്ടിൽ ഇരിപ്പുണ്ട് അങ്ങോട്ട് ചെന്ന് ചോദിക്ക്. എന്നാ ഒരുത്തി ഇവിടെ കിടന്നു കഷ്ടപ്പെടുന്നു, അടുക്കളയിൽ കേറി ഒന്നു സഹായിയ്ക്കാം എന്ന വല്ല വിചാരവുമുണ്ടോ. ങേ….. ഹേ….., ആമാശത്തിലോട്ട് സമയാ സമയം വല്ലതും എത്തണമല്ലോ. എങ്ങനെയാണെന്ന് ആർക്കെങ്കിലും വല്ല വിചാരവുമുണ്ടോ. നാശം പിടിക്കാൻ ഈ വിറകും കത്തുന്നില്ല. തികട്ടി വന്ന അമർഷം ഉള്ളിലടക്കി കൈയിലിരുന്ന കുഴലും ഒരു വശത്തേക്ക് എറിഞ്ഞ് നവരസങ്ങളിൽ മോശമല്ലാത്ത ഒരു ഭാവവും എടുത്തു മുഖത്തണിഞ്ഞ് മകന്റെ മുഖത്തേക്ക് ഒരു നോട്ടം നോക്കി അവൾ.


അവനോ, അടിയന്തര പ്രമേയത്തിന് അനുമതി ലഭിക്കാത്ത അവതാരകന്റെ മുഖഭാവത്തോടെ നടന്നത് നേരെ പിതൃസവിധത്തിലേക്ക്. അദ്ദേഹം ഒരു ഭരണകക്ഷി നേതാവിന്റെ തലയെടുപ്പോടെ രാവിലെ പത്രസമ്മേളനത്തിലാണ്. പ്രഭാതം മുതൽ രണ്ടു മൂന്ന് ചാനലുകളുമായുള്ള അഭിമുഖ സംഭാഷണം കഴിഞ്ഞ് പത്രവുമായുള്ള മല്ല യുദ്ധത്തിലാണ്. അടിയന്തിര പ്രമേയം സബ്മിഷനായി അവതരിപ്പിക്കാനുള്ള അനുമതി ലഭിക്കുമെന്ന് കരുതിയായിരിക്കണം അവൻ അച്ഛന്റെ അടുത്തണഞ്ഞ്.

അടുക്കളയിലെ സംഭവവികാസങ്ങളുടെ പുരോഗതി കൂടി വീക്ഷിച്ചു കൊണ്ടിരുന്ന രാജീവ് മകനെ കണ്ടതും മീര കേൾക്കാത്ത ശബ്ദത്തിൽ ചോദിച്ചു. ഇന്നെന്താ അമ്മയുടെ വേഷം കത്തിയാണോ അതോ താടിയാണോ. ചോദ്യം ശരിയ്ക്കും മനസ്സിലായില്ലെങ്കിലും അമ്മയുടെ കണ്ടീഷൻ എന്താണെന്നാണ് അച്ഛൻ ഉദ്ദേശിച്ചതെന്ന് അവന് മനസ്സിലായി. അറിയുമായിരുന്നെങ്കിൽ അവൻ പറഞ്ഞേനെ വെറും താടിയല്ല കലിയുടെ കറുത്ത താടിയാണെന്ന്.


അപ്പോഴും അടുക്കളയിൽ നിന്ന് അടക്കിപ്പിടിച്ച ആത്മഗതങ്ങൾ കേൾക്കാം. ഡിഗ്രി ഫൈനലിയർ പഠിക്കുമ്പോഴാണ് വിവാഹാലോചന വരുന്നത്. പരീക്ഷ കഴിഞ്ഞു മതി വിവാഹം എന്ന് അച്ഛനോട് കാലുപിടിച്ചു പറഞ്ഞതാണ്. എടീ ചെറുക്കൻ എൽഡി ക്ലാർക്കാ, മാത്രമല്ല നിനക്ക് 20 വയസിനു മുമ്പ് വിവാഹം കഴിഞ്ഞില്ലെങ്കിൽ പിന്നെ 30 വയസ്സ് കഴിഞ്ഞേ നടക്കൂ എന്നാണ് ജ്യോത്സ്യൻ പറഞ്ഞിട്ടുള്ളത്. അച്ഛന് ഒരറ്റാക്ക് കഴിഞ്ഞതാണെന്നറിയാമല്ലോ. നിന്നെ കൊള്ളാവുന്ന ഒരുത്തന്റെ കയ്യിൽ പിടിച്ചേൽപ്പിക്കണം. പിന്നെ കല്യാണം കഴിഞ്ഞാലും പരീക്ഷ എഴുതാമെന്നും നിനക്ക് എത്ര വേണമെങ്കിലും പഠിക്കാമെന്നും അവൻ പറഞ്ഞിട്ടുണ്ട്.

ഒരറ്റാക്ക് കഴിഞ്ഞതാണെന്നുള്ള അച്ഛന്റെ ഒറ്റ പ്രയോഗത്തിലാ ഞാൻ വീണുപോയത്. കല്യാണം കഴിഞ്ഞ് പരീക്ഷ എഴുതാം പഠിക്കാം എന്നൊക്കെ വിചാരിച്ചു, പക്ഷേ എന്തു പറയാൻ കല്യാണം കഴിഞ്ഞപ്പോൾ ദാ കിടക്കുന്നു. കൂടെ പഠിച്ചവളുമാരെല്ലാം ഉദ്യോഗസ്ഥകളും ടീച്ചർമാരുമാ. എന്റെ തലേ വിധി ഈ അടുക്കളയിൽ കിടന്ന് കരിയും പുകയും കൊണ്ട് ജീവിതം ഒടുങ്ങാനും.


മറുഭാഗം പ്രതികരിക്കാത്തതു കൊണ്ടാകും ഒബ്ജക്ഷൻ സസ്റ്റെയിൻഡ് എന്നോ ഓവർ റൂൾഡ് എന്നോ കേൾക്കുന്നതിനു മുമ്പ് മീര അടങ്ങിയത്. ഇതിനിടയിൽ അടുക്കള വാതിലിന് പുറത്തിരുന്ന കുറിഞ്ഞി പൂച്ച ദയനീയമായി അവളെ ഒന്ന് നോക്കി. ദൈന്യം മാത്രമല്ല ചട്ടിയിലിരിക്കുന്ന മീൻ വെട്ടാത്തതിന്റെ അമർഷം കൂടി അവൾ കുറിഞ്ഞിയുടെ മുഖത്ത് നിന്ന് വായിച്ചെടുത്തു. ആത്മഗതത്തിന്റെ അരഞ്ഞാണച്ചരട് പൊട്ടിച്ചുകൊണ്ട് മീര ചട്ടിയിലെ മീനുമായി മുറ്റത്തേക്കിറങ്ങി. മീനുകളിൽ ഒരെണ്ണം പരിഹാസത്തോടെ തന്നെ നോക്കുന്നതുപോലെ അവൾക്ക് തോന്നി. മറ്റൊന്ന് ദയനീയമായി അപേക്ഷിക്കുന്ന പോലെയും – ശവസംസ്കാരം എത്രയും പെട്ടെന്ന് നടത്തി എന്റെ ആത്മാവിനെ അലഞ്ഞു തിരിയാൻ വിടാതെ മോക്ഷം ലഭിക്കുന്നതിനുള്ള ഏർപ്പാട് ചെയ്യണേ എന്ന്. മത്സ്യങ്ങൾക്കും ഉണ്ടാകുമോ ആത്മാവും പരമാത്മാവും …ആവോ ആർക്കറിയാം.


ഇതിനിടയിൽ മകൻ വിഷയം ഒരു നിവേദനത്തിന്റെ രൂപത്തിൽ അച്ഛന്റെ ടേബിളിൽ എത്തിച്ചിരുന്നു. അപ്പോഴാണ് രാജീവും പ്രശ്നത്തിന് അങ്ങനെയും ഒരു ആംഗിളുണ്ടല്ലോ എന്ന് ചിന്തിച്ചത്. മകന്റെ ചോദ്യത്തിൽ പ്രഥമദൃഷ്ട്യാ കേസ് ചാർജ് ചെയ്യാൻ വകുപ്പുണ്ടെന്ന് ആ വത്സല പിതാവിന് തോന്നി. കാലപ്പഴക്കവും രാജ്യാന്തരമാനവും ഉള്ള കേസായതുകൊണ്ട് മോശപ്പെട്ട ഏജൻസികളൊന്നും അന്വേഷിച്ചാൽ മതിയാവില്ല. ശുദ്ധോദന മഹാരാജാവും അമ്മ മഹാറാണിയും സിദ്ധാർത്ഥകുമാരന്റെ ഭാര്യയും രാജ്യത്തെ പ്രജകളും അലമുറയിട്ടു കരഞ്ഞിട്ടുള്ള പിറ്റേ ദിവസ പ്രഭാതത്തിന്റെ ഒരു നേർചിത്രം അയാളുടെ മനോമുകുരത്തിൽ തെളിഞ്ഞു.


മോനെ അങ്ങനെ പുറപ്പെട്ടു പോയതുകൊണ്ടല്ലേ അദ്ദേഹത്തിന് വൃക്ഷ ചുവട്ടിൽ വച്ച് ബോധോദയം ലഭിച്ചതും മഹത്തായ ചില സന്ദേശങ്ങൾ ലോകത്തിന് നൽകിയതും. അഹിംസ എന്ന അദ്ദേഹത്തിന്റെ തത്വം നമ്മുടെ ഗാന്ധിജി പോലും സ്വന്തം ജീവിതത്തിൽ ഒരു വ്രതമായി സ്വീകരിച്ചില്ലേ. അതുകൊണ്ടദ്ദേഹം ചെയ്തത് തെറ്റാണെന്ന് പറയാൻ കഴിയില്ല,പക്ഷേ ഭാര്യയെ ഉപേക്ഷിച്ചു പോയത് ശരിയാണെന്നും പറയാൻ കഴിയില്ല. അച്ഛൻ അങ്ങനെ ഡിപ്ലോമാറ്റിക് ഉത്തരം പറയേണ്ട. അദ്ദേഹം രാജ്യഭരണം ഏറ്റെടുത്ത് രാജ്യത്തിന്റെ ദുരവസ്ഥ മാറ്റുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്.

മഹാബലി ഒക്കെ അങ്ങനെ ഭരിച്ചിരുന്നതായി കഥകളിൽ വായിച്ചിട്ടുണ്ടല്ലോ. എടാ എന്ന് പറഞ്ഞാൽ ചാണക്യൻ എന്ന ഒരു ഉപദേശകൻ ചന്ദ്രഗുപ്തമൗര്യന് ഉണ്ടായിരുന്നതുപോലെ സിദ്ധാർത്ഥ രാജകുമാരന് ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ അദ്ദേഹത്തിന് വേണ്ട ഉപദേശം കൊടുത്തേനെ. മോനെന്തായാലും സ്കൂളിൽ പോകാൻ ഒരുങ്ങ്. ഫയൽ തീർപ്പാക്കുന്നതിന് മേലധികാരിയ്ക്ക് കുറിപ്പെഴുതി വയ്ക്കുന്ന ഭാവത്തിലായി രാജീവ്.
ഓഫീസിലേക്കുള്ള യാത്രയിലുടനീളം മകന്റെ സമസ്യാ പൂരണത്തിലുള്ള വഴി തേടുകയായിരുന്നു അയാൾ. ജൂനിയർ സൂപ്രണ്ട് മനോജ് സാറിനോട് ചോദിയ്ക്കാം.

പുള്ളിക്കാരൻ യൂണിയൻ നേതാവും പ്രസംഗകനും ഒക്കെയാണ്.പോരെങ്കിൽ ചരിത്രത്തിലും പുരാണത്തിലുമൊക്കെ സാമാന്യം മോശമല്ലാത്ത പാണ്ഡിത്യവും. മാത്രമല്ല ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിൽ മനോജ് സാറിനെ കഴിഞ്ഞിട്ടേയുള്ളൂ ഡിപ്പാർട്ട്മെന്റിൽ ആരും. ക്രൈസിസ് മാനേജ്മെന്റ് വിദഗ്ധൻ എന്നൊരു വിളിപ്പേര് കൂടിയുണ്ട് അദ്ദേഹത്തിന്. കുത്തഴിഞ്ഞ് താറുമാറായി കിടക്കുന്ന ഓഫീസുകൾ നേരെയാക്കാൻ പലപ്പോഴും മേലുദ്യോഗസ്ഥർ നിശ്ചയിച്ചയയ്ക്കുന്നത് അദ്ദേഹത്തെയാണ്. ലഞ്ച്ബ്രേക്ക് സമയത്ത് വിഷയം സാറിന്റെ മുന്നിൽ അവതരിപ്പിക്കാം.


ഉച്ചയ്ക്ക് വിഷയം വിശദമായി തന്നെ മനോജ് സാറിന്റെ മുന്നിൽ അവതരിപ്പിച്ചു. കേൾക്കാൻ താല്പര്യമില്ലാത്ത കേസിന്റെ വാദം കേൾക്കാൻ ഇഷ്ടമില്ലാതെ ബെഞ്ചിൽ ഉൾപ്പെട്ട ന്യായാധിപന്റെ ഭാവത്തോടെ മനോജ് സാർ ചോദിച്ചു. തനിക്ക് വേറെ പണിയൊന്നുമില്ലേ ടോ. ഓരോ സംശയങ്ങള്, പിള്ളേർക്ക് ചോദിക്കാൻ പറ്റുന്ന വേറെന്തൊക്കെ കാര്യങ്ങളുണ്ട്. അല്ല തന്റെ മകൻ ഇത്രയൊക്കെ ചുഴിഞ്ഞു ചിന്തിക്കാനുള്ള പ്രായമായോ. ഇപ്പോഴത്തെ കുട്ടികൾ നമ്മുടെ പ്രതീക്ഷകൾക്കും ചിന്തകൾക്കും എത്രയോ മുകളിലും അപ്പുറവുമല്ലേ സർ രാജീവ് പ്രതിവചിച്ചു. ങും അതും ശരിയാ. സമ്മതിച്ചുകൊണ്ട് മനോജ് സാറും പറഞ്ഞു.


മകന്റെ ചോദ്യത്തിന് തൃപ്തികരമായ ഒരു ത്തരം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ രാജീവ് താഴെപ്പറയുന്ന നിഗമനത്തിൽ എത്തി.
സിദ്ധാർത്ഥകുമാരൻ രാജ്യം വിട്ടു പോകുന്നതിനു പകരമായി നിലവിലുണ്ടായിരുന്ന സാഹചര്യത്തിൽ ലഭ്യമായ വിഭവങ്ങൾ പ്രയോജനപ്പെടുത്തി രാജ്യത്തെ മുന്നോട്ടു നയിക്കാൻ ശ്രമിയ്ക്കണമായിരുന്നു. താൻ രാജ്യം വിട്ട് പോയാലും ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കുമെന്നുള്ള ബോധ്യം ഉണ്ടാകേണ്ടതുമായിരുന്നു. അതിനാൽ അദ്ദേഹം രാജ്യം വിട്ടുപോയത് ഗുരുതരമായ തെറ്റ് തന്നെയാണെന്ന് വിലയിരുത്തുന്നു.

പക്ഷേ ചില മഹത്തായ ആശയങ്ങൾ പ്രദാനം ചെയ്തത് കൊണ്ടും അത് സ്വന്തം ജീവിതത്തിൽ പ്രയോഗത്തിൽ വരുത്തിയത് കൊണ്ടും രാജ്യം വിട്ടുപോകുമ്പോൾ അദ്ദേഹം അവിടുത്തെ സമ്പത്ത് കവർന്നു കൊണ്ടുപോയിട്ടില്ലാത്തതിനാലും രാജ്യം വിട്ടു പോകുന്നതിന് മുൻകൂട്ടിയുള്ള ഗൂഢാലോചനയോ മറ്റ് നിയമവിരുദ്ധമായ സംഘംചേരലോ ഇല്ലാതിരുന്നതിനാലും നീക്ഷിപ്ത താല്പര്യങ്ങൾ ഇല്ലാതിരുന്നതിനാലും കുറ്റം ചാർത്തുന്നതിൽ നിന്നും അദ്ദേഹത്തെ നിരുപാധികം ഒഴിവാക്കുന്നു. മകൻ പ്രായപൂർത്തി വോട്ടവകാശം എത്തുമ്പോൾ വേണ്ടിവന്നാൽ ഇക്കാര്യത്തിൽ വിശദമായ വാദം കേട്ട് തീരുമാനമെടുക്കാവുന്നതാണ്.


യുക്തമായ ഒരു തീരുമാനത്തിലെത്തിയ സാഹചര്യത്തിൽ കാറും കോളും ഒഴിഞ്ഞ മനസ്സോടുകൂടി രാജീവ് വണ്ടി സ്റ്റാർട്ട് ചെയ്തു.

സതീഷ് വെളുന്തറ

By ivayana