രചന : അനുശ്രീ ✍

കെട്ടിയോന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ബെന്നി.. അയാള് ചൈനയിൽ നിന്നും വന്നപ്പോൾ വലിയൊരു കുപ്പി മദ്യവും സോപ്പും പെർഫ്യൂമും എൻറെ കെട്ടിയോന് കൊണ്ടുകൊടുത്തു.
സോപ്പിന്റെ പേര് “ആപ്പെട്ടോ ചോച്ച്ലി” എന്നോ മറ്റോ ആണ്..
ഇതെന്തോന്നിത്..
പേര് വായിച്ച് ഞാൻ ഒരുപാട് ചിരിച്ച് കളിയാക്കി…


ദേഷ്യത്തോടെ എൻറെ കയ്യിൽ നിന്നും സോപ്പ് പിടിച്ചു വാങ്ങി.. ബാത്റൂമിലേക്ക് പോവുകയായിരുന്ന കെട്ടിയോനെ ഞാൻ തടഞ്ഞുനിർത്തി..
…..ആദ്യം ഞാൻ കുളിക്കും…
അത് കുട്ടിക്കാലം തൊട്ട് എനിക്കുള്ള സ്ഥിരം തറ പരിപാടിയാണ്..
എന്തു സാധനം കിട്ടിയാലും അതെനിക്ക് ആദ്യം ഉപയോഗിച്ച് ഉദ്ഘാടനം ചെയ്യണം… അതിനുവേണ്ടി ഞാൻ വലിയ വാശി കാണിക്കും.. അനുവദിച്ചില്ലെങ്കിൽ എല്ലാ ഭാര്യമാരും ചെയ്യുന്ന രാത്രികാലങ്ങളിലെ സമരമുറ പുറത്തെടുക്കുമെന്ന് അങ്ങേർക്ക് നല്ലപോലെ അറിയാം..


അന്ന് കല്യാണം കഴിഞ്ഞിട്ട് ഒന്നോരണ്ടോ ആഴ്ചയെ ആട്ടുള്ളൂ.. ആ സമയത്തൊക്കെ എന്നെ മെരുക്കി കൊണ്ടുവരണമെങ്കിൽ നല്ല പാടുപെടും എന്നു നല്ലപോലെ അറിയാവുന്നതുകൊണ്ട് വളരെ ദേഷ്യത്തോടെ എൻറെ കയ്യിൽ സോപ്പ് തന്നിട്ട് പറഞ്ഞു..
ഇതാ സോപ്പ് ഇനി ഇതിൻറെ പേരിൽ വാശി പിടിക്കേണ്ട.. സൂക്ഷിച്ചു ഉപയോഗിക്കണം.. ഇത്തിരി വിലകൂടിയ മുന്തിയ ഇനം സോപ്പാണെന്നാ അവൻ പറഞ്ഞത്..
പ്രശ്നം പൈസയുടേതല്ല.. ഇങ്ങനെയൊരു സോപ്പ് നമ്മുടെ നാട്ടിൽ വാങ്ങാൻ കിട്ടത്തില്ല. അതുകൊണ്ട് നിൻറെ ഒടുക്കത്തെ കുളി കുളിക്കരുത്.
നമ്മൾ ഇതൊക്കെ കുറെ കണ്ടതാണ് ബായ്..


എന്ന മുഖ ഭാവത്തോടെ ഒരു പരിഹാസ ചിരിയും ചിരിച്ച് സോപ്പുമായി അകത്ത് ചെന്ന് കുളി ആരംഭിച്ചു..
ഹോ.. എന്നാ പതയും നുരയും ആയിരുന്നെന്നോ..
പോരാത്തതിന് അത്തറ് കുപ്പി പൊട്ടിയ പോലെയുള്ള ഒടുക്കത്തെ മണവും..
ഹാളിൽ ഇരുന്ന് ടിവി കാണുകയായിരുന്നു കെട്ടിയോൻ പോലും ഉറക്കെ പറഞ്ഞു..
എന്നാ മണമാടി സോപ്പിനെന്ന്..
കുളിയൊക്കെ കഴിഞ്ഞ് തോർത്താൻ നേരമാണ് ഉള്ളിലെ ചെകുത്താൻ പുറത്തോട്ട് ചാടിയത്.. ഈ സോപ്പിട്ട് തോർത്ത് മുണ്ടൊന്ന് അലക്കിയാലോ.. നല്ല മണമായിരിക്കും കെട്ടിയോൻ അറിയേണ്ട അലക്കിയേക്കാം..


അങ്ങനെ സോപ്പ് എടുത്ത് തോർത്തിന് മോളിൽ കുനുകുനാ ഉരച്ച് പതപതാ വരുത്തി കൊണ്ടിരുന്നു.. പെട്ടെന്നാണ് കൈയിൽനിന്ന് സോപ്പ് തെറിച്ചു പോയത്..
ബാത്റൂം മുഴുവൻ തിരിഞ്ഞിട്ടും സോപ്പ് കാണാനില്ല.. ദൈവമെ.. ഇതെവിടെപ്പോയി..
ഇനി മോളിലോട്ട് തെറിച്ച് സീലിങ്ങിലോ മറ്റോ ഒട്ടി ഇരിപ്പുണ്ടോ എന്നറിയാൻ മുകളിലേക്കും നോക്കി.. സംഭവം അവിടെയുമില്ല.
പെട്ടെന്ന് ഹൃദയം കല്യാണ വീട്ടിലെ ജനറേറ്റർ പോലെ പട പടെ അടിക്കാൻ തുടങ്ങി.. ഹൃദയമിടിപ്പോടെ സർവ്വധൈര്യവും ആവാഹിച്ച് ക്ലോസറ്റിൽ ചെന്നു നോക്കി..
ദേ കിടക്കുന്നു ക്ലോസറ്റിനകത്ത് അപ്പേട്ടൊച്ചോച്ലി…


ഈ സോപ്പും ക്ലോസറ്റും തമ്മിൽ മേഡ് ഫോർ ഈച്ച് അദർ ആണെന്ന് തോന്നുന്നു. എങ്ങനെ വീണാലും ഇത് ക്ലോസറ്റിലേക്ക് തന്നെയാണല്ലോ പോണത്…
കെട്ടിയോനാണെങ്കിൽ പുറത്ത് വാതിലിൽ കൊട്ട് തുടങ്ങി…
അനു കഴിഞ്ഞില്ലേ..
ദൈവമേ..
തോർത്ത്കെട്ടി ഷവറിൽ കെ:ട്ടി:ത്തൂ:ങ്ങി ച:ത്താ:ലോ എന്ന് പോലും ഒരു നിമിഷം തോന്നിപ്പോയി..
അങ്ങനെ പേടിച്ചു വിറച്ച് ഡോർ തുറന്ന എൻറെ മുഖഭാവം കണ്ടപ്പോൾ തന്നെ സംഗതി അങ്ങേർക്ക് മനസ്സിലായി.. കാരണം ആഴ്ചയിൽ ഒന്ന് രണ്ട് സോപ്പുകൾ ക്ലോസറ്റിന് ദാനം ചെയ്യുന്ന ഈ മഹതി അത് ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ..
അങ്ങേര് നേരെ ക്ലോസറ്റിൽ ചെന്നു നോക്കി ഒരു നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു..
ഇപ്പൊ നിനക്ക് സമാധാനമായില്ലേ… ടി..


വളരെ ദേഷ്യത്തോടെ ബാത്റൂമിന്റെ വാതിലും പൂട്ടി മൂപ്പര് കുളി ആരംഭിച്ചു..
ഹോ രക്ഷപ്പെട്ടു.. അത്രയെ പറഞ്ഞുള്ളു…
ഇത്രയൊക്കെ കുരുത്തക്കേട് കാണിച്ചാൽ സാമാന്യബോധമുള്ള ഒരാൾ എവിടെയെങ്കിലും പോയി കുറച്ചു നേരം ഇരിക്കും. അങ്ങനെയല്ലേ ചെയ്യേണ്ടത്…
എന്നാൽ മുറിയിൽ ചെന്ന് വസ്ത്രം മാറിക്കഴിഞ്ഞപ്പോൾ എന്റെ ഉള്ളിലെ ചെകുത്താൻ വീണ്ടും ചൊറിഞ്ഞു കൊണ്ടിരുന്നു.. അലമാരയിലെ ആ സ്പ്രേ കൂടി ഉദ്ഘാടനം ചെയ്യണം.. എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും മനസ്സ് സമ്മതിക്കുന്നില്ല. ഒടുവിൽ അലമാര തുറന്ന് ആ സ്പ്രേ ബോട്ടിൽ കയ്യിലെടുത്തു..


അപ്പോഴേക്കും കാക്ക കുളിയും കുളിച്ച് ഇറങ്ങിയ കെട്ടിയോൻ മുറിയുടെ വാതിൽക്കൽ എത്തിയിരുന്നു..
സ്പ്രേ ബോട്ടിൽ പിടിച്ചുനിൽക്കുന്ന എന്നെ കണ്ടതും അങ്ങേരുടെ മുഖമൊക്കെ മാറിത്തുടങ്ങി..
പെട്ടെന്ന് അങ്ങേരെ കണ്ടപ്പോൾ സ്പ്രേ ബോട്ടിലും കൈയും കിടുകിടാ വിറക്കാൻ ആരംഭിച്ചു. പിന്നെ പറയേണ്ടല്ലോ സാധനം കയ്യിന്നു പോയി..
ചാളക്കോ പുളുക്കോ ശബ്ദത്തോടെ അത് തറയിൽ വീണ് പൊട്ടി..
സ്പ്രേ ബോട്ടിൽ കൂടി പൊട്ടിയത് കണ്ടപ്പോൾ.. കണ്ണൊക്കെ ചുവന്ന് ദേഷ്യം ഇരിച്ചുകയറിയെങ്കിലും പാവം അങ്ങേര് ഒന്നും പറയാതെ തിരികെ നടന്നു..‌
രാത്രിയിൽ ഞാൻ സമരമുറ വല്ലതും പ്രയോഗിച്ചാലോ എന്ന് പേടിച്ചിട്ടാവും വഴക്ക് പറയാത്തത് എന്ന് സമാധാനിച്ചിരിക്കുകയായിരുന്നു..
അപ്പോഴേക്കും അതാ… അടുക്കളയിൽ പോയി ഫ്രിഡ്ജിൽ നിന്നും ആ കുപ്പി എടുത്തുകൊണ്ടുവന്ന് എൻറെ മുന്നിൽ വച്ച് പറയുവ..


ദേ .. ടീ.. ഇതും കൂടി പോട്ടിച്ചേക്ക് നിനക്ക് സമാധാനമാകുമല്ലോന്ന്..
ഉടനെ ഞാൻ കട്ടിലിലിരുന്ന് ശബ്ദം ഉണ്ടാക്കി കരയാൻ ആരംഭിച്ചു..
അത് കണ്ട് സഹിക്കാൻ മേലാഞ്ഞിട്ടാണെന്ന് തോന്നുന്നു കൂടുതലൊന്നും പറയാതെ അങ്ങേര് ഷർട്ടും പേന്റും എടുത്ത് ഹാളിൽ ചെന്നിരുന്നു..
അല്പനേരം ചുമ്മാ കരയുന്ന ശബ്ദം ഉണ്ടാക്കി കട്ടിലിൽ തന്നെ ഇരുന്നു..
സാധാരണ അഞ്ചു മിനിറ്റ് എന്റെ കരിച്ചിൽ സൈറൺ കേട്ടാൽ തന്നെ അങ്ങേര് വന്ന് സമാധാനിപ്പിക്കുന്നതാണ്..
ഇത്തവണ പത്ത് മിനിട്ടായിട്ടും സമാധാനിപ്പിക്കാൻ വരുന്നത് കാണുന്നില്ല..
ഇടയ്ക്കിടയ്ക്ക് ഞാൻ വാതിലിന്റെ വിടവിലൂടെ നോക്കും.. ഒരു രക്ഷയും ഇല്ല അങ്ങേര് കട്ട കലിപ്പിലാണ്..


ഹോ… വിശന്നിട്ടാണെങ്കിൽ വയറ് ഭരണിപ്പാട്ട് തുടങ്ങി..
അതിനിടയിൽ കരച്ചിൽ മാനേജ് ചെയ്തു കൊണ്ടുപോകാൻ പറ്റുന്നില്ല..
ഉടനെ എന്റെ കരച്ചിൽ ശബ്ദം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത് റിപ്പീറ്റ് പ്ലെയിലിട്ട് കട്ടിലിൽ വച്ചു..
പത്ത് പതിനഞ്ച് മിനിറ്റായിട്ടും അങ്ങേര് കട്ട കലിപ്പിൽ സോഫയിൽ ഇരിപ്പുണ്ട്..
പിന്നെ രണ്ടും കൽപ്പിച്ച് കരച്ചിൽ സൈറൻ ഇട്ടുകൊണ്ടുതന്നെ അങ്ങേരെ നോക്കാതെ നേരെ അടുക്കളയിലേക്കോടി..
അടുക്കളയിൽ ചെന്നപ്പോൾ കിട്ടിയത് ഒരു ബണ്ണാണ് അതെടുത്ത് കടിക്കാൻ കടിക്കാൻ തുടങ്ങിയതേയുള്ളൂ.. അപ്പോഴേക്കും ദേണ്ടേ വരുന്നു സമാധാന ചർച്ചയ്ക്ക്..
കയ്യിലുണ്ടായിരുന്ന ബണ്ണ് പെട്ടെന്ന് തന്നെ അങ്ങേര് കാണാതെ വായിക്കകത്ത് കുത്തി കയറ്റി..


സോറി അനു അപ്പോഴത്തെ ഒരു ദേഷ്യത്തിന് പറഞ്ഞതാണ് വിട്ടേക്ക്.. എന്നും പറഞ്ഞ് എന്നെ വന്നു കെട്ടിപ്പിടിച്ചു..
എനിക്കാണെങ്കിൽ ബണ് ഉള്ളതുകൊണ്ട് വാ തുറക്കാൻ പറ്റാത്ത അവസ്ഥയാണ്.
പുറത്ത് രണ്ടു തട്ട് തട്ടിയിട്ട് വീണ്ടും പറയുവാ..
ക്ഷമിച്ചു എന്ന് പറയടി..
പ്ലീസ് എൻറെ സമാധാനത്തിനെങ്കിലും..
എന്റെ ദൈവമേ അന്ന് ഞാനാ ബണ്ണ് വായിൽ ഒതുക്കാൻ പെട്ട പാട്..
കണ്ണൊക്കെ പുറത്തോട്ട് തള്ളിപ്പോയി..
ഒടുവിൽ ഞാൻ പറഞ്ഞു…
ഫാഫമില്ല..


കരഞ്ഞു ശബ്ദമില്ലാതായി സാരമില്ല എന്ന് പറയാൻ പോലും പറ്റാത്ത അവസ്ഥയിലാണ് എന്റെ കെട്ട്യോള് എന്ന് കരുതി അങ്ങേര് സോറി നിറഞ്ഞ ഒരു മുത്തം കൂടിതന്നു..
ഞാനാരാ മോള്… നമ്മളോടാടാ കളി…
ഒടുവിൽ ഞാൻ ചെയ്ത തെറ്റിന് അങ്ങേരെ കൊണ്ട് മാപ്പ് പറയിച്ച് പ്രശ്നം സോൾവായി..
■■■

അനുശ്രീ വാക്കനൽ

By ivayana