രചന : ഹരികുമാർ കെ പി✍

ഇടനെഞ്ചിൽതുടികൊട്ടുംഇടയ്ക്കയോ നീപെണ്ണേ
ഇലത്താളംചിമിഴ് ചേർത്തോരിണപ്പൂട്ടോ നീ
തിമില താളം പട കൊട്ടും പുറപ്പാടോ നീ പെണ്ണേ
ഉരുക്കായെന്നുടയോത്തീ ചിരുതപ്പെണ്ണേ
ഇന്നലെകൾ വന്നു ചേർന്നൂ പഴങ്കഥയായ് പെണ്ണേ
തുളസിക്കതിർ പൊട്ടിയേറ്റി മുടിച്ചുരുളിൽ
നെറ്റി തന്നിൽ വട്ടമായൊരു ചെമപ്പ് പൊട്ട്പെണ്ണേ
ഇരുളിലെ വെളിച്ചമായ് കൺ തിളക്കങ്ങൾ
പെരുവിരൽ കവിതചാർത്തീപൂഴിമണ്ണിങ്കൽപെണ്ണേ
അണിവയറാർച്ച പോലെ പതിഞ്ഞിരിപ്പൂ
പടകാളി പട കൊട്ടും പടച്ചാർത്തോ നീപെണ്ണേ
മുടി ചുറ്റി മുഖപ്പാടിൻ മിഴിച്ചാർത്തായി
കാടിളക്കിക്കഥ പാടും ചിരുതപ്പൂവേ പെണ്ണേ
കൂട് കൂട്ടാനിടം തേടും ഹൃദയമില്ലേ
നിറമെന്തേ കറുപ്പായാൽ നിണം ചോപ്പല്ലേ പെണ്ണേ
നിറവാർന്നോരനുരാഗം നിനക്കുമില്ലേ
ചുണ്ടുചോക്കാൻ വെറ്റില നീ പതം വരുത്തിപെണ്ണേ
പകുതിയായൊതുക്കിനിൻ കവിളിനുള്ളിൽ
നാടറിയാൻ കൂട്ടു പോരൂ കരിങ്കുയിലേ പെണ്ണേ
കവിളിലെ കരിപ്പൊട്ടു പകർന്നീടട്ടെ
കാടു നിന്റെ കൂട്ടരായിപ്പകുത്തെടുത്തു പെണ്ണേ
നാട്ടുവാസി നരകമായി നെടുവീർപ്പിട്ടു
അഹിതമെല്ലാമാചാരപ്പെരുമയാക്കി പെണ്ണേ
അറിവിന്റെ മക്കളെന്നു പുകളു ചേർത്തു
ഒളിയിരിപ്പൂകുടിലിനുള്ളിൽ
നാണച്ചാർത്തായ് പെണ്ണേ
പുറമറിയാൻ പുഴ കടക്കാൻ മടിയാണല്ലേ
നഞ്ചുമിഞ്ചും തിരയുന്ന കാട്ടുകാന്താരീ
നിന്റെ രസച്ചാർത്തിൽ രമിക്കുവാൻ രാവുണർന്നീടും
എന്റെ പൊരേലെറയത്തും സൊപ്പനമുണ്ടേ പെണ്ണെ
ഒറക്കമറിയാത്തോരിരുളുമുണ്ടേ
ഒണക്കമീൻ കനൽ കൂട്ടി കരിച്ചെടുത്തേ പെണ്ണെ
കാട്ടുകനി ചുട്ടു ചോറായ് പകുത്തു വെച്ചേ
നിന്റെ ചന്തം പൂനിലാവങ്ങെടുത്തു പോയിപെണ്ണേ
പുറച്ചാർത്തായ് പുടവ നൽകി പരിണയിച്ചു
ഏനിതെന്റെ സ്വന്തമെന്നോൾ പറഞ്ഞിരിക്കെ
കാടു വെട്ടി കളം വെട്ടി കുരുതിയാക്കി
ചിരുത തൻ ചിരിയന്നു ചിലമ്പെടുത്തേ പോന്നോ
ചിലരവൾ കാളിയെന്നു കഥ മെനഞ്ഞേ
അരുംകൊലയ്ക്കറുതിയായവളുറഞ്ഞു തുള്ളി തേവേ
ഊരു ചുറ്റിക്കടം വീട്ടിക്കണക്കു തീർത്തേ
കൂടണയുക കൂട്ടണഞ്ഞൊരു നാട്ടരങ്ങോരെ
നാമതെന്നതു നാളറിയാൻ നാമമായീടാം
നരനല്ലതു നരകമല്ലതു നാവഴിക്കോലം തേവേ
കടമല്ലതു കടമയല്ലതു കാറ്റാടിപ്പാടം

ഹരികുമാർ കെ പി

By ivayana