രചന : ചാക്കോ ഡി അന്തിക്കാട് ✍

കിളികൾ പറന്നു പോയ
ചില്ല മുറിക്കാനാണ്‌…
രാവിലെ മരംവെട്ടി വന്നത്…
പുളിയുറുമ്പുകളെ കണ്ടു പേടിച്ച്
മരംവെട്ടി മടങ്ങിപ്പോയി!
മത്സ്യം വഴിമാറിയ
പുഴയിൽ…അറിയാതെ
വലയെറിയാനാണ്
മുക്കുവൻ വന്നത്…
ശൂന്യമായ വല കണ്ടു പേടിച്ച്
മുക്കുവൻ പിന്മാറി!
വാക്കുകൾ ചാരമായി തീർന്ന
എഴുത്തു മുറിയിലേക്കാണ്
കവി പ്രവേശിച്ചത് !
മഷി വറ്റിയ,
പണ്ട്
പിറന്നാൾ സമ്മാനമായി
ലഭിച്ച പേന,
അയാളിൽ
അസ്തിത്വദുഃഖമുണ്ടാക്കി!
ചുണ്ടുകൾക്ക് മുൻപിൽ
ഒരു ചാൺ തുണിയുടെ
വന്മതിൽ തീർത്ത
കൊറോണ കാലത്തിന്
ഒരുമ്മ പിറന്നാൾ സമ്മാനമായി
കൊടുക്കാനാണ്…അയാൾ
ആ പൂന്തോട്ടത്തിൽ
പ്രവേശിച്ചത് !
ആൻഫ്രാങ്ക് എഴുതിയ
ഡയറിയിൽ നിന്നും,
കൂടു മാറിയ രണ്ടു വാക്കുകൾ,
ആ പൂന്തോട്ടത്തിൽ
ഉണർന്നു കിടക്കുന്നുണ്ടായിരുന്നു…
പേര് എന്താണെന്ന് ചോദിച്ചപ്പോൾ…
വാക്കുകൾ
വിനയപൂർവം പറഞ്ഞു-
“നന്മ നിറഞ്ഞവർ!’
വാക്കുകളുടെ ഉള്ളം കൈയ്യിൽ
അതിജീവനത്തിന്റെ
ഭൂമദ്ധ്യ രേഖയുണ്ടെന്ന്
കണ്ണാടിയിലെ എന്റെ ബിംബം
ഒരു രഹസ്യം പറഞ്ഞു!…
അതുകേട്ട
നാലുമണിപ്പൂക്കൾ
ഒരിക്കലും നിശാഗന്ധിയോ,
സൂര്യകാന്തിയോ ആവണമെന്ന്
ആഗ്രഹിക്കുന്നില്ല!-എന്ന സത്യം
നിലാവാണ്‌ എന്റെ ചെവിയിൽ
പിറുപിറുത്തത് !
ചരിത്രം, നന്മനിറഞ്ഞ
തൂവ്വാലയാണെങ്കിൽ,
ആൻഫ്രാങ്ക് എഴുതിയ
‘മനുഷ്യർ ‘ എന്ന വാക്ക്
തുന്നിപ്പിടിപ്പിക്കാനുള്ള
തിരക്കിലാണ്
എല്ലാ മനുഷ്യരും!…
അസൂയപ്പെടുന്നവർ
പറയുന്നു-
അവർ കുറുക്കന്റെ
ഓരി കേട്ടാണ്…
ഉണരുന്നതെന്ന്!
എത്രയോ കിളികൾ
ശബ്‌ദിച്ചതുകൊണ്ടാണ്
സൂര്യൻ ഉദിക്കുന്നതെന്ന്…
സൂര്യന് മാത്രമേ അറിയൂ!
നന്മ നിറഞ്ഞ മനുഷ്യർ
സൂര്യനെയാണ്
സ്വപ്നം കണ്ടുറങ്ങുന്നതെന്ന്
സൂര്യന് പോലും അറിയില്ല!
അതാണ്‌
മനുഷ്യന്റെ മഹത്വം !
❤️✍️❤️
2020 മെയ്‌ 30
എന്റെ 61th
പിറന്നാൾ ദിനം.

By ivayana