രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍

പെറ്റുപോയതാരെന്നറിയില്ല
പിച്ചവെപ്പിച്ചതാരെന്നറിയില്ല
തട്ടിപ്പറിച്ചും തല്ലുകൂടിത്തിന്നിട്ടും
ഞാനാരാണെന്നിന്നുമറിയില്ല

കയ്ച്ചജീവിതം കടിച്ചുതിന്നാൻ
ഒരുനുള്ളു കല്ലുപ്പിരക്കാനെങ്കിലും
തുളവീണൊരു പിച്ചളപ്പാത്രംപോലും
കയ്യിലെനിക്കു നീ ബാക്കി തന്നില്ലല്ലോ

സ്വപ്നം കുത്തിനീറ്റിയ കരാളരാത്രികളിൽ
തെരുവിന്റെ കഴപ്പും കറുപ്പും കണ്ടവൻ
നീട്ടിയോലുന്ന ചാവാലികൾക്കിടയിൽ
നാവറ്റ ഇരുകാലിപ്പട്ടിയായ്പ്പോയവൻ

വെയിലുകൊണ്ടുപൊള്ളുമ്പോൾ
കുരിശടിയിലെ ക്രൂശിതൻ പറയുന്നു
പശികൊണ്ടലറിനീറിക്കരഞ്ഞാലും
പാപിയല്ലാത്തവനൊരാൾ നീ മാത്രം

അകമഴിഞ്ഞു വിളിക്കുവോരാൽ
അകറ്റപ്പെട്ടവൻ നൊന്തുപറയുന്നു
സ്നേഹിച്ചു സ്നേഹിക്കപ്പെടുന്നവനെ
സുകൃതപുണ്യം ചെയ്തവൻ നീ തന്നെ

ഉടലുവെന്തു പൊള്ളിക്കരിഞ്ഞപ്പോൾ
നീയെനിക്കലിവിൻ തണലുതന്നു
ഉയിരുപിടഞ്ഞുള്ളം കടഞ്ഞപ്പോൾ
അവിൽപ്രസാദം തന്നു നീയെന്നെ ഊട്ടി .

കന്മഷംകക്കിക്കറുത്തപല്ലുകാട്ടി
വെളുക്കെ ഞാൻ ചിരിച്ചപ്പോൾ ,
കരിഞ്ഞുറഞ്ഞ കണ്ണടച്ചു ഞാൻ
കദനമോർത്ത് കരഞ്ഞപ്പോൾ
കൈകൊട്ടിയാർത്തവർ മാത്രം

മുറിഞ്ഞറ്റുപോയ പൈതൃക വള്ളിയിൽ
ശേഷിച്ചതിറ്റു ഭ്രാന്തിൻ തുള്ളിമാത്രം
കാലമതു കനലുപോൽ ഊതിപ്പെരുപ്പിച്ചു
കാടുകത്തുന്ന ബോധച്ചിതയാക്കിമാറ്റി

പുഴുത്തുനാറുന്നതെരുവിൽ നാളെ
പുഴുനുരച്ചുഞാൻ ചത്തുവീഴും
നഗരഗർഭത്തിലലിഞ്ഞു തീരുംമ്പോഴും
നരകത്തിലേക്കു പേരില്ലാത്തോരക്കമാവും.

By ivayana