രചന : സുമോദ് പരുമല ✍

വിധവയായ
ഒരുവൾ ,
കാമുകനൊത്തുള്ള
“ആദ്യരാത്രിയി”ൽ
തൻ്റെ കിടപ്പറയെ
കരിഞ്ഞൊട്ടിയ
പൂവിതളുകൾ കൊണ്ട്
മൂടി .
അയാൾ ,
മാഞ്ഞുപോയവൻ
അവസാനമായി
ഉറങ്ങാൻ കിടന്ന
മണ്ണറയിൽ
മറയാനാവാതെ
അവളെ വിട്ടുപോകാൻ മടിച്ച്
അഴിച്ചിട്ട
മുടിച്ചുരുളുകൾക്കിടയിൽ
അള്ളിപ്പിടിച്ച
ഒരു പിടിപ്പൂക്കൾ ,
മന്ത്രകോടിയ്ക്കൊപ്പം
അവൾ
കാത്തുവച്ചിരുന്നവ .
അനന്തരം ,
ചുറ്റിവരിയുന്ന
ബലിഷ്ഠകരങ്ങളോട്
വിവസ്ത്രതയുടെ
വിവശതയിലവൾ
തകർന്നുവീണ് ചോദിച്ചു ..
“പുറന്തൊലികൾ തമ്മിൽ
പാപമല്ല … ല്ലേ ?”
മുറിഞ്ഞറ്റ രസതന്തുവിൻ്റെ
അങ്ങേത്തലയ്ക്കലൊരാൾ
ഇച്ഛാഭംഗങ്ങളുടെ
ഏകാന്തമായതുരുത്തിലേക്ക്
എന്നുമെന്നും
ചവിട്ടിയെറിയപ്പെട്ടു .
കുമ്പസാരക്കൂടുകൾ
തകർത്തെറിഞ്ഞ്
കുതിച്ചുപാഞ്ഞ
മലവെള്ളപ്പാച്ചിലിൽ
ഒലിച്ചുപോയവൾ
ഒരു നാൾ ..
ഈർഷ്യയുടെ
ഗുഹാമുഖത്ത് നിന്ന്
അത് കേട്ട് വിറങ്ങലിച്ച് കിടന്നു ..
” അവനുണ്ടായിരുന്നപ്പോൾ
ഇതൊന്നുമുണ്ടായിരുന്നില്ലല്ലോ .. “
കൂരിരുട്ടിൻ്റെ
അഗാധതയിൽ
കൈകാലുകളിളക്കാനാവാതെ
പിറവിയുടെ രഹസ്യങ്ങൾ
മറന്നുപോയവൾ
ആരോരും കേൾക്കാതെ
പിറുപിറുത്തു ..
“ചിലപ്പോളൊരുവൾ
ദൈവപുത്രനാട്ടിപ്പായിക്കപ്പെട്ട
വാഗ്ദത്തഭൂമിയായി മാറുന്നു .
അധിനിവേശങ്ങൾക്ക്
അവകാശങ്ങൾ
ഇല്ലാതാക്കാനാവില്ലല്ലോ .”
അങ്ങനെ ,
ചിലപ്പോൾ
മരണാനന്തരമൊരാൾ
ദൈവമായിത്തീരുന്നു .

സുമോദ് പരുമല

By ivayana