രചന : ശൈലേഷ് പട്ടാമ്പി✍

മനസ്സിന്റെ ഇരുണ്ട
കവാടത്തിനരികെ,
കാൺപൂ ഞാൻ
നാലു കാവൽമാടങ്ങൾ.
നന്മ മരിച്ച മനസ്സിന്റെ തടവറയിൽ
പെറ്റുപെരുകിയ ഒരുവൻ
ഇരുമ്പഴിക്കിടയിലൂടെ
കാവൽമാടങ്ങളെ ശപിച്ച്
അലറി വിളിക്കുന്നു.
ചിരിയായിരുന്നു ആദ്യ
കാവൽമാടത്തിലെകാവൽക്കാരൻ.
വഞ്ചനക്ക് കൂട്ട്
ഞാനെന്ന ഭാവത്തിൽ
ചിരി അട്ടഹസിച്ചു.
വിശ്വാസമായിരുന്നു രണ്ടാമത്തേത്!
വിശ്വാസം നഷ്ടപ്പെട്ട്
ആത്മഹൂതി ചെയ്യപ്പെട്ട
മനസ്സുകളെ ചൂണ്ടിക്കാണിച്ച്
പരിഹസിച്ചു.
സ്നേഹം ആയിരുന്നു മൂന്നാമൻ!
ഞാൻ ആദ്യമെന്ന നിലയിൽ
അഹന്തയോടെ തന്റെ
ജോലി തുടർന്നു..
സഹതാപമായിരുന്നു നാലാമൻ!
മത്സരിക്കാൻ ഞാനില്ലെന്ന മട്ടിൽ
പുഞ്ചിരിച്ചുകൊണ്ടാഭടനും ജോലി തുടർന്നു.
വാക്കുകൾ തമ്മിൽ
ഇടഞ്ഞകലുമ്പോൾ
അന്തരാത്മാവിലെ
നന്മയുടെ കണങ്ങളെ
ആവാഹിച്ചെടുക്കുന്ന
വഞ്ചനവാഴും കാവൽമാടങ്ങൾ
മനസ്സിലേക്ക് അന്തകാരത്തെ വ്യാപിപ്പിക്കുന്നു.
എല്ലാം നൈമിഷികമാണെന്ന്
മനസ്സിലാവാതെ
വഴിതെറ്റിയെത്തിയ
മനസ്സുകൾ അപ്പോഴും
അവിടെ അഭയം പ്രാപിക്കുന്നു.

ശൈലേഷ് പട്ടാമ്പി

By ivayana