രചന : വാസുദേവൻ കെ വി ✍

“മലരണിക്കാടുകൾ തിങ്ങിവിങ്ങി
മരതകക്കാന്തിയിൽ മുങ്ങിമുങ്ങി..”
കാലത്ത്
അവളവന് ചാറ്റ്ചോദ്യം തള്ളി.
“കവിയുടെ ഓർമ്മദിനം ഇന്നലെ .
മറന്നൂല്ലേ??”
അവനത് കണ്ടത് മണിക്കൂറുകൾക്ക്ശേഷം. അവൻ വരികൾ മൂളിയിട്ടു. കവിയുടെ കാൽപ്പനിക കാവ്യ വരികൾ..
“നീറുന്നിതെൻമന, മയ്യോ-
നീ മായുന്നുവോ നീലവാനിൽ
കുളിർ പൊൻകിനാവേ..”
അത് കേട്ടു എന്നറിയിക്കാൻ
അവൾ കുറിച്ചിട്ടു . “ചങ്ങമ്പുഴ…എന്റെ ഇഷ്ടകവി.”
അവൾക്കായി അവൻ കവിയുടെ ചിത്രം വരഞ്ഞിട്ടു.അവളുടെ ഇഷ്ട്ടകവിയുടെ ജീവിതകഥ.
കാലിൽ സോക്സ്‌ധരിച്ച് ഷൂവിനും സോക്സിനുമിടയിൽ കുഞ്ഞുപൊതി വെച്ച് പോണെക്കര പട്ടഷാപ്പിലേക്കു അന്ന് കവിനടത്തം. ഷാപ്പിലെത്തി രാസലായിനി മുത്തികുടിക്കുമ്പോൾ പൊതി അരഞ്ഞു തെറുക്കാൻ പറ്റിയ പരുവം. ബീഡിയിലെ ഉൾക്കാമ്പു കളഞ്ഞ് പൊതിയിലുള്ള ചതഞ്ഞ ചടയൻ നിറച്ച് തെറുത്തു ജ്വാലയിട്ടു പുക നുകരുമ്പോൾ കവിമനം കാവ്യാത്മകമാവും.
കനകച്ചിലങ്ക കിലുങ്ങും ഒഴുകുമുടയാടയിൽ
ഒളിയലകൾ ചിന്നും….
മധുപാനവും ധൂമലഹരിയും കരളിനെ ചുംബനം കൊണ്ടു പൊതിഞ്ഞപ്പോൾ കവിജീവിതത്തിനു തിരശ്ശീല..
കവിപുത്രിയുടെ കണവനും ലഹരി പ്രിയൻ.. കടം പെരുകി, ശാരീരിക അസ്വസ്ഥതകളും.. ഒരു നാൾ കവിയുടെ തറവാട്ടിൽ മൂത്ത പൗത്രൻ സ്വയം തൂങ്ങിയാടി. നാടെങ്ങും കവിവര്യന്റെ ജന്മദിനം കവിത ചൊല്ലി ആഘോഷമാക്കും നാളിൽ..,ഇടപ്പള്ളി ചങ്ങമ്പുഴപാർക്കിൽ ആരാധകർ കവിയുടെ എഴുപത്തെട്ടാം ജന്മനാൾ ആഘോഷിച്ച വേളയിൽ കവിപുത്രി അജിത വിഷക്കുപ്പി തുറന്നു, മകനും മകൾക്കും പാഥേയം വിളമ്പി. രാവേറെയായി പാതിരാപുള്ളുണർന്ന വേളയിൽ സുരപാന ലഹരിയോടെ എത്തിയ ഗൃഹനാഥനും ബാക്കിയുള്ളത് എടുത്ത് വിഴുങ്ങി.. ലഹരി പടർത്തിയ ദുർവിധികൾ…
ലഹരിദൂഷ്യങ്ങൾ തിരിച്ചറിയാൻ കവിക്കും കുടുംബത്തിനും കഴിഞ്ഞിരുന്നെങ്കിൽ…
“സ്മൃതിദിനത്തിലും കൂരമ്പുകൾ..” അവൾ ചീറി.
സത്യങ്ങൾ ഇരുമ്പുമറയിട്ട് മൂടിയാലും തുറിച്ചുനോക്കാതിരിക്കുമോ? എന്ന അവന്റെ മറുചോദ്യവും പിറന്നു.
അങ്കുശമില്ലാത്ത ചാപല്യമേ
മന്നിൽ ലഹരിയെന്നും വിളിക്കട്ടെ
നിന്നെ ഞാൻ.

വാസുദേവൻ കെ വി

By ivayana