രചന : ദിജീഷ് കെ.എസ് പുരം.✍

ഈ കുതിരനഗരത്തിലെ
ഏറ്റവും സ്വസ്ഥമായ
ഇടത്തേക്കെന്നു പറഞ്ഞ്
‘സുസാന’യാണ് എന്നെ
‘പെഡ്രോ പരാമോ ബുക്ക് കഫേ’യിലേക്ക്
ആദ്യമായ്ക്കൊണ്ടുപോയത്.
“ചിന്തകളുടെ, സ്വപ്നങ്ങളുടെ,
ഭാവനകളുടെ, ഓർമ്മകളുടെ
ശവക്കോട്ടയിൽ വിരുന്നിനുപോകാം”
എന്നുപറഞ്ഞവൾ പിന്നീടെന്റെ
സകല വാരാന്ത്യ സായാഹ്നങ്ങളേയും
ജാസ് സംഗീതമിശ്രിതം കലർത്തിയ
കോഫിരുചികളുള്ള
പുസ്തകാശ്രയത്വത്താൽ ഉത്തേജിതമാക്കി.
ഇന്നു ഞാനൊറ്റയ്ക്കാണെത്തിയതെങ്കിലും,
ഞങ്ങൾ രണ്ടാളോടുമെന്നപോലെ
പതിവുപോൽ പെരുമാറിക്കൊണ്ട്,
വിളറിയ ഇളംമഞ്ഞക്കടലാസ് നിറമുള്ള
വെയ്റ്ററസ്, കഴിഞ്ഞയാഴ്ച
വായനയവശേഷിപ്പിച്ചുപോയ
രണ്ടു പുസ്തകങ്ങൾക്കൊപ്പം
‘കൊളംബിയൻ ലാറ്റെ കോഫി’ അവൾക്കും
‘ക്യൂബൻ എസ്പ്രസ്സോ കോഫി’ എനിക്കും
കൃത്യമായി എത്തിച്ചുതരുകയുണ്ടായി!
സുസാനയുടെ കപ്പിലെ നീലക്കിളിയും
എന്റെ കപ്പിലെ ചാരക്കിളിയും
കൂടുമാറ്റം നടത്തുന്നതും
കഥാപാത്രങ്ങൾ കൈമാറ്റം ചെയ്യപ്പെട്ട
ആശയക്കുഴപ്പത്താൽ പുസ്തകങ്ങൾ
വല്ലാതെ വിവശരാകുന്നതുമെല്ലാം
ഇവൾക്കറിയാമായിരുന്നിരിക്കണം!
മഞ്ഞുറഞ്ഞപോലുള്ള
സുന്ദര ശബ്ദത്തിലിപ്പോൾ
‘പെഡ്രോ പരാമോ’ വായിക്കുന്നത് കേൾക്കുന്നില്ലേ – സുസാനയാണല്ലോയത്!
നിരന്തരം കണ്ണുചിമ്മിക്കൊണ്ട്
ഇടയ്ക്ക് കോഫിമൊത്തിക്കുടിച്ചുകൊണ്ട്
എന്നത്തെയുംപോലെ മൗനമായല്ലല്ലോയിത്!
രഹസ്യ വികാര വിചാരങ്ങളുടെ
അരിപ്പകളാണവളുടെ കൺപീലികൾ!
അടുത്ത കോഫിയുടെ സമയം,
ഇളംമഞ്ഞപ്പെണ്ണെത്തി.
“നിങ്ങളിങ്ങനെ പുസ്തകങ്ങളുടെ
ശബ്ദരേഖകൾ കേൾപ്പിച്ചാൽ
വായിക്കേണ്ടതില്ലല്ലോ, ദയവായി
അതൊന്നു നിറുത്താമോ”
വിളറിയ മറുപടി ശബ്ദത്തിൽ
അശേഷം മഞ്ഞയുണ്ടായിരുന്നില്ല.
“ക്ഷമിക്കണം,
ഇവിടെയങ്ങനെയൊന്നില്ലല്ലോ,
വായിച്ച പുസ്തകങ്ങൾ
നിങ്ങളുടെയുള്ളിൽ സംസാരിക്കുകയാവാം”
പുരാതന ജാസിന്റെ
ഉഷ്ണ സംഗീതത്തിനൊപ്പമെത്താനാവാതെ
കിതയ്ക്കുന്നെൻ ഹൃദയതാളങ്ങൾ,
ശൈത്യദേവതയായ് സുസാനെന്റെ
നെഞ്ചിലമർത്തിയുമ്മകൾവയ്ക്കുന്നു..!
വെയ്റ്ററസിനു പതിവിലുമെത്രയോ
അധികമായ് ടിപ്പ് നല്കി സുസാനിറങ്ങുന്നു,
കുതിരയേക്കാൾ വേഗത്തിൽ,
ഭൂപടത്തിൽ കുതിരലാടത്തിന്റെ
ആകൃതിയുള്ളയീ പ്രേതനഗരംകടക്കുന്നു.

ദിജീഷ് കെ.എസ് പുരം

By ivayana