രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍

ഉരുകിവീഴുന്നവെയിലിനെ
നരച്ചസാരിത്തലപ്പുകൊണ്ട്
നന്നേ മറച്ചുനടന്നാലും
ഉന്നംതെറ്റാതെ പാറിവീഴുന്ന
പുലഭ്യച്ചിരികളിൽ
നനഞ്ഞുകുതിരുമ്പോഴൊക്കെ
ചുണ്ടുകളിലൂറിയെത്തുന്ന
അവന്റെ ചുംബനത്തിന്റെ
നാറുന്ന ശവത്തണുപ്പിനെ
അറപ്പോടെ തുപ്പിക്കളയാറുണ്ട് ,
പണിത്തിരക്കുകൾക്കിടയിലും
കാതുതുളച്ചെത്തുന്ന
നീറുന്നകുത്തുവാക്കുകളിൽ
നൊന്തുപിടയുമ്പോഴെല്ലാം
പുഴുത്ത പുണ്ണിൽനിന്നെന്നപോലെ
പൊട്ടിയൊലിച്ചൊഴുകാറുണ്ട്
അധമസ്നേഹം പുരട്ടിനൽകിയ
അവന്റെ ചുംബനഗന്ധങ്ങൾ
അവൾക്കുകൊണ്ടല്ലോ എന്ന്
ആർത്തുചിരിക്കുന്നവർക്കിടയിൽ
തലകുമ്പിടാതെ നിൽക്കുമ്പോഴും
കരളിലൊരുകാരമുൾമുനപോലെ
പഴകിയമുറിവിനെ പിന്നെയും
നിർദ്ദയം കീറിനോവിക്കാറുണ്ട്
അറപ്പോടെ ചുറ്റിവരിയുന്ന
അവന്റെ ചുംബനമുറുക്കങ്ങൾ
മഴച്ചാറ്റൽ ചിലമ്പുന്ന
ശീതംപടർന്ന രാവുകളിൽ
പിടിതരാതെ വഴുതിയോടുന്നനിദ്ര
ചത്ത ഭൂതകാലത്തിന്റെ
നരകവാതില്തുറന്ന്
സ്മരണയുടെ തീക്കാട്ടിലേക്ക്
വഴിതിരിച്ചുവിടുമ്പോൾ
ഇന്നലെകളിലെപ്പോഴോ
ഉടലിൽപ്പതിച്ച
ചുംബനപ്പാടുകൾ
പൊള്ളിത്തിണർക്കും ,
പൊട്ടിയൊലിക്കുന്ന
ചതിയുടെ ലാവയിൽ
അവൾ വെന്തുനീറും ,
ചെയ്തതെറ്റിന്റെ സങ്കടച്ചൂടിൽ
സ്വയം കത്തിയമരും ,
തിളച്ചുവെന്തചിന്തകളിൽ നിന്ന്
കുതറിപ്പിടഞ്ഞുനീന്തവേ
നോവിൻകനൽച്ചുഴിയിലേക്ക്
പിന്നെയും ആണ്ടാണ്ടുപോകും ,
ഉണർന്നെണീൽക്കുമ്പോൾ
പുഴുനുരയ്ക്കുന്ന
അഴുക്കുചാലിൽവീണപോലെ
അവളോടുതന്നെ അവജ്ഞതോന്നും
പകലിലും ഇരവിലും
നേരിലും നിനവിലും
അവന്റെ ചുംബനക്കനലുകൾ
ഉമിത്തീപോലെപുകഞ്ഞപ്പോഴാണ്
അതിജീവനത്തിന്റെ ചൂടുകൊണ്ട്
അവളൊന്നാളിക്കത്തിയത് .,
കഴിഞ്ഞകാലത്തിന്റെ
ഗുഹാമുഖങ്ങളിലവൾ
മറവിയുടെ ഒറ്റക്കല്ലുസ്ഥാപിച്ചു
പരിഹാസത്തിന്റെ പുച്ഛച്ചിരികൾക്ക്
അവജ്ഞയുടെ മൂടുപടംനൽകി ,
കൊത്തിപ്പറിക്കുന്ന നോട്ടങ്ങളെ
നിസ്സാരതയുടെ പരിചകൊണ്ടുമറച്ചു.
വിഷംമണക്കുന്ന ചുംബനസ്വപ്നങ്ങളെ
കാലത്തിന്റെകല്ലറയിലടക്കം ചെയ്തു,
വാക്കുകൊണ്ട് തോൽപ്പിച്ചവനെയങ്ങനെ
ജീവിതംകൊണ്ടു ജയിക്കുകയായിരുന്നു.

By ivayana