രചന : എം പി ശ്രീകുമാർ✍

ഉത്രാടരാത്രിയിൽ
ഓണനിലാവത്ത്
ഊഞ്ഞാലിലാടുന്ന
വാസന്ത ദേവികെ
നീ മൂളും പാട്ടിന്റെ
ഈരടിയ്ക്കുണ്ടൊരു
കാവ്യ മുതിർക്കുന്ന
യരമണി നാദം !
പൊന്നോണ നിലാവി
ലാലോല മിളകും
കസവുടയാട
തൻ ഞൊറിവുകളിൽ
നീലനിശീധിനി
താരക രശ്മിയാൽ
ചിത്ര മനോഹര
നൂലിഴകൾ പാകി !
ഓണപ്പകിട്ടിനു
വർണ്ണവും ഗന്ധവും
വിതറിയത്തിയ
പൂക്കാലറാണി, നിൻ
നീലയിരുൾ മുടി
തഴുകിയ കാറ്റിനു
താഴമ്പൂ സുഗന്ധ
ലഹരി യുൻമാദം !!
ചന്ദനലേപനം
ചെയ്യുന്നുവെണ്ണിലാ
തീരാത്ത മോഹത്താൽ
നിൻ മലർമേനിയിൽ !
നിന്റെ പൂങ്കാവന
പൂവ്വുകൾ നുള്ളി ഞാൻ
പൂക്കളമിട്ടെന്റെ
മാനസ മുറ്റത്തും.

എം പി ശ്രീകുമാർ

By ivayana