രചന : ബേബി മാത്യു അടിമാലി✍

നിറവിന്റെയും
സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ബോധമുണർത്തുന്ന പൂർവ്വകാല മഹിമകളെക്കുറിച്ചുള്ള സുഖ സ്മരണകളുമായി മറ്റൊരു തിരുവോണും കൂടി എത്തിയിരിക്കുന്നു.


കള്ളവും ചതിയുമില്ലാത്ത പൊളിവചനങ്ങൾ എള്ളോളമില്ലാത്ത കാലത്തെക്കുറിച്ചുള്ള അനന്യമായ ഭാവനയാണ് ഓണം. ഭേദഭാവങ്ങളൊന്നുമില്ലാതെ മനുഷ്യരെല്ലാം ഒന്നുപോലെ കഴിയുന്ന കാലത്തെക്കുറിച്ചുള്ള സ്വപ്നമാണത്.
സമത്വവും സാഹോദര്യവും കളിയാടുന്ന ഒരു ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷയും. തീവ്രമായ സാമ്പത്തിക ചൂഷണവും മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തിലുള്ള വിഭാഗിയതകളും നിറയുന്ന വർത്തമാന കാലത്ത് ഇങ്ങനെയൊരു സ്വപ്നം പോലും വിമോചനപരമാണ്.


വറുതിയുടെ കർക്കിടകം കഴിഞ്ഞ് വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ചിങ്ങപ്പുലരികളിലേക്കാണ് ഓണക്കാലം കൺതുറക്കുക. പ്രകൃതി പോലും ഓണത്തിനായി ഒരുങ്ങുന്നതാണ് നമ്മുടെ അനുഭവം. കാട്ടുപുല്ലുകളിൽ പോലും പൂക്കൾ നിറയുന്ന കാലം . ദരിദ്രരിൽ ഏറ്റവും ദരിദ്രരായവർ പോലും നിറച്ചുണ്ണുന്ന കാലം.
മഹാബലിയെന്ന പ്രജാക്ഷേമതൽപ്പരനായ അസുരരാജാവിനെ വാമനാവതാരം പൂണ്ട മഹാവിഷ്ണു പാതാളത്തിലേയ്ക്കു ചവുട്ടി താഴ്ത്തുന്നു. പ്രിയപ്പെട്ട തന്റെ പ്രജകളെ കാണാൻ ആണ്ടിലൊരിക്കൽ തിരുവോണ ദിവസം വാമനൻ മഹാബലിക്ക് അവസരം നൽകുന്നു. ഓണ സങ്കൽപ്പത്തിനു പിന്നിലെ ഐതിഹ്യമിതാണ്.

മലയാളിയുടെ ആഘോഷമാണെങ്കിലും മധുര അടക്കമുള്ള തമിഴ്നാടിന്റെ ഭാഗങ്ങളിൽ ഓണം ആഘോഷിച്ചിരുന്നതായി
” മധുരൈകാഞ്ചി” പോലുള്ള സംഘകാല കൃതികളിൽ പരാമർശമുണ്ട്.
ഐതിഹ്യമായാലും ചരിത്രമായാലും തുല്യതയുടെയും ഒരുമയുടെയും ആഘോഷമായി ജാതിമത ഭേദമില്ലാതെ മലയാളിയുടെ ദേശിയ ഉത്സവമായി ലോകത്തിന്റെ ഏതു കോണിലായാലും ഓണം മലയാളി ഗ്രഹാതുരത്വത്തോടെ ആഘോഷിക്കുന്ന ഈ അവസരത്തിൽ …..


എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഓണാശംസകൾ….🌷🌷🌷🌷🌹🌹🌹🌹

ബേബി മാത്യു

By ivayana