രചന : രാഗേഷ് ചേറ്റുവ✍

ടാഗ് ചെയ്യുമ്പോഴേല്ലാം
യേശുവിന്റെ ഇടം വലം കുരിശിൽ പിടഞ്ഞ
കള്ളന്മാരെപ്പോലെ അവൾ പിടയും
അവളുടെ നോവ് തൊട്ടുകൂട്ടി
ഞാൻ ഒരു പെഗ് വോഡ്ക കൂടി അകത്താക്കും.
അവളെ ടാഗ് ചെയ്തുകൊണ്ട്
ഒരു പോസ്റ്റ്‌ കൂടി ഇടുന്നു
ഒരു മയിൽ‌പ്പീലിചിത്രം,
അതിൽ അങ്ങിങ്ങായി ഒളിപ്പിച്ചു വച്ചിരിക്കുന്ന
അവളുടെ പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങൾ,
മയിൽപ്പീലി തറച്ചു രക്തം കിനിയുന്ന
അവളുടെ കൈവെള്ളയിൽ
ഞാൻ എരിയുന്ന ചുരുട്ട് കുത്തിക്കെടുത്തുമ്പോൾ
അതിന് “നീ”എന്ന് പേരിടുന്നു.
ഞാൻ ഒരു കടലിന്റെ ചിത്രത്തിന്
“നീയില്ലായ്മ” എന്ന പേരിടുകയും
അവളെ
അതിൽ മുക്കിയെടുക്കുകയും ചെയ്യുമ്പോൾ
കണ്ണീരും കടലുപ്പും കൂടിക്കുഴഞ്ഞു
അവളെയാകെ ഉപ്പു രുചിക്കുന്നു
എങ്കിലും അവൾ കരഞ്ഞില്ലയെന്ന്
ഞാൻ ശാഠ്യം പിടിക്കുന്നു,
എന്റെ വോഡ്കയിൽ ഇറ്റിക്കുവാൻ
ഒരിറ്റ് കണ്ണുനീർ ഇല്ലെന്ന് ഞാൻ വിലപിക്കുന്നു.

ഒരു പ്രണയ നാടകത്തിൽ വിശ്വസിച്ചതിന്റെ ബാക്കി പത്രം….

രാഗേഷ് ചേറ്റുവ

By ivayana