രചന : ഷബ്ന അബൂബക്കർ✍

ഓടിവന്നോടിവന്നോടി വന്നൂ
ഓണത്തിൻ നാളിങ്ങു വന്നു ചേർന്നൂ
ഒരുനല്ല കാലത്തിൻ മേന്മ ചൊല്ലീ
ഓർമ്മകളുള്ളിൽ കഥപറഞ്ഞൂ…
തുമ്പകൾ വെണ്മ പടർത്തിയെങ്ങും
തുമ്പികൾ ആഹ്ലാദ നൃത്തമാടി
തുള്ളിക്കളിക്കുന്ന കുഞ്ഞുമക്കൾ
തഞ്ചത്തിൽ ചൊടിയിൽ ചിരി പടർത്തീ…
ചേലിൽ വരച്ചിട്ട പൂക്കളത്തിൽ
ചേർന്നങ്ങു നിൽക്കുന്നു പൂക്കളെല്ലാം
ചന്തത്തിൽ തീർത്തിടുമാ കളത്തിൽ
ചിങ്ങത്തിൻ പൂക്കൾ ചിരിച്ചിരുന്നു…
ഊഞ്ഞാലിലേറി കുതിച്ചു പൊങ്ങീ
ഉയരത്തിനാകാശം തൊട്ടെടുത്തു
ഉത്സവ മേളം മുഴങ്ങിയെങ്ങും
ഉത്സാഹമേറേ നിറഞ്ഞിടുന്നൂ…
മാമലനാടിന്നു നന്മ നേരാൻ
മാവേലി വന്നെത്തും നേരമായി
മലയാളനാടിന്റെ മക്കളെല്ലാം
മനസ്സു നിറഞ്ഞങ്ങു നിൽക്കയായി.

By ivayana