രചന : രാജീവ് രവി ✍

ഏതോ നിഴൽ ചിത്രമായ് നീയെന്റെ കൺകളിൽ
നീളേ നിശാഗന്ധികൾ
പൂത്തോരു രാവിതിൽ
കാലം കൈവിരൽ തുമ്പാൽ
തീർത്തൊരാ താനേ മുഴുമിക്കാനാവാത്ത ശില്പമായ്…..
കാണാം മരീചിക ദൂരെ തടങ്ങളിൽ
വേനൽ കിനാവുകൾ
പൂത്തോരു വീഥിയിൽ ഓളങ്ങളിൽപ്പെട്ടു
നീങ്ങിയകന്നു പോം കാണാത്തുരുത്തുകൾ
തേടുന്ന തോണി പോൽ മോഹങ്ങൾ
നീറുമീ സ്നേഹ തീരങ്ങളെ
പാടെ മറന്നങ്ങു മായുന്ന നൗകയായ്……
കാലങ്ങൾ പങ്കിട്ട കോലങ്ങളാകയാൽ തേടും
മരുപ്പച്ച വിദൂരമായ് മാറവേ കാണാതുഴറി
കരകാണാക്കടലിന്റെ തീരത്തെ നോക്കി വിതുമ്പിക്കരയവേ
മാറി മറയുമീ ജീവിതസരണിയിൽ
കാതങ്ങളേറെയും താണ്ടുവാനുണ്ടെന്ന
ബോധമബോധമാം ചിന്തകൾ പേറുന്ന നൗകയായ്…..
ചാഞ്ഞും ചരിഞ്ഞും ആടിയുലഞ്ഞും
ആഞ്ഞുതുഴഞ്ഞും
പിന്നെ തളർന്നും
ഒടുവിൽ തെളിഞ്ഞും
മറുകരയെത്തുവാൻ
അത്രമേൽ കാംക്ഷിച്ചു
കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്നവൾ തൻ
കരളിലെ സ്വപ്നത്തിൻ
ജീവിതനൗകയായ്…

രാജീവ് രവി

By ivayana