രചന : മംഗളൻ എസ് ✍

മാനത്തെ മുല്ലകൾ മലർചൂടിനിന്നു
മഴവില്ലു മാനത്തു മിന്നിമറഞ്ഞു
മണിമേഘം മാനത്ത് മലർമെത്തയായി
മനസ്സാകെ മാലേയ മണിക്കിലുക്കം!

മണിമേഘം മഴമേഘമായിമാറി
മാനത്തെ മാർത്താണ്ഡനെങ്ങോ മറഞ്ഞുപോയ്
മാനമിരുണ്ടു മലർക്കാടുമിരുണ്ടു
മഴപെയ്തുമണ്ണിന്റെ മണമുയർന്നു!

മയിൽപ്പീലി നിവർത്തി മയൂഖമാടി
മഴയേറ്റ് മരച്ചില്ലേൽ മണിക്കിലുക്കം
മലമേൽ മഴപെയ്ത് മലവെള്ളമായ്
മലവെള്ളം മുറ്റത്തുവന്നു മറിഞ്ഞു!

മലവിണ്ടുകീറി മലവെള്ളപ്പാച്ചിൽ
മണ്ണങ്ങൊലിച്ചുപോയ് മരങ്ങൾ മറിഞ്ഞു
മഴമേഘം മാനത്തിൻ മേൽക്കൂരയായി
മലവെള്ളപ്പാച്ചിൽ മരങ്ങളൊഴുക്കി!

മടവീണ മണ്ണിന്റെ മനമുരുകി
മർത്യന്റെ മനസ്സിലെ മോഹങ്ങളറ്റു
മർത്യന്റെ മോഹങ്ങളീ മണ്ണിൽ മെനഞ്ഞ
മണിമേടകൾ മണ്ണിനടിയിലായി!

മണിമാളികളും, മട്ടുപ്പാവുകളും
മനയിലെ മൂപ്പരും മാലോകർക്കൊപ്പം
മലവെള്ളപ്പാച്ചിലിൽ മരിച്ചുപോയി,
മനുഷ്യന്റെ മോഹങ്ങൾ മണ്ണോടുചേർന്നു!

മണമുള്ള മലരുകൾ, മൊട്ടുകളും
മാരിയായ് മാറിയ മഴകൊണ്ടുപോയി
മോഹിച്ച മൊഞ്ചത്തിക്കായി മേടിച്ചൊരാ
മോതിരവും മോഹങ്ങൾക്കൊപ്പം മറഞ്ഞു!

മലവെള്ളം മണ്ണാകെ മാന്തിയെടുത്തു
മണ്ണിലെ മനുഷ്യന്റെ സൗധങ്ങൾക്കൊപ്പം
മനതാരിൽ മൊട്ടിട്ട മോഹങ്ങളൊക്കെ
മഴയിൽ മുങ്ങിത്താണു മണ്ണോടുചേർന്നു!

മണവാളനും മണവാട്ടിയുമൊന്നിച്ച്
മലർമെത്ത മേലേ മയങ്ങുന്നനേരം
മലവെള്ളമെത്തി മണിയറ മുക്കി
മണിയറയ്ക്കുള്ളിലോർ മുങ്ങി മരിച്ചു!

By ivayana

Leave a Reply

Your email address will not be published. Required fields are marked *

Warning: Undefined variable $checkbox_text in /home/.sites/137/site9576960/web/wp-content/plugins/comments-subscribe-checkbox/front-end/add-checkbox-to-comments.php on line 25