രചന : മാധവ് കെ വാസുദേവ് ✍

എന്‍റെനെഞ്ചിലെ താളം നിലയ്ക്കണം
നിന്റെയോര്‍മ്മകളെന്നില്‍ മറയുവാന്‍
എന്‍റെയുള്ളിൽ കിനാക്കളുറയണം
നിന്റെരൂപം മിഴിയില്‍ അകലുവാന്‍.
എന്റെ മുന്നിലൊഴുകും പുഴയിലെ
തെന്നിനീങ്ങുന്ന ഓളം നിലയ്ക്കണം
കാറ്റുവീശിത്തളര്‍ന്നുറങ്ങും മുളംതണ്ടു
മൂളുന്ന ഗാനം നിലയ്ക്കണം.
എന്റെചുണ്ടിലെ പാട്ടും നിലയ്ക്കണം
എന്‍റെ വീണതന്‍ തന്ത്രികള്‍ പൊട്ടണം
എന്‍റെ നെഞ്ചില്‍നിന്നു നിന്നെയടര്‍ത്തുവാന്‍
കാലാമാം മാര്‍ജ്ജാര പാദമണയണം.
എന്‍റെകണ്ണിലെ ദീപ്ത പ്രതീക്ഷ തൻ
നാളമെന്നും കരിന്തിരി കത്തണം
നിന്റെയോര്‍മ്മകള്‍ എന്നിലണയുവാന്‍
അന്തിവാന ചുവപ്പുമകലണം.
എന്നും നിദ്രയിൽ പൂക്കുന്ന
സ്വപ്നമെന്നും നിരർത്ഥകമാകണം
നിന്റെ ചിന്തകളെന്നിൽ മറയുവാൻ
ബോധമണ്ഡലം ഇരുളിൽ മറയണം
എന്റെ ബൗദ്ധീക ജീവതലങ്ങളിൽ
ജീവരാജികൾ നിന്നിൽ വിടരുമ്പോൾ
ദൂരെയെങ്കിലും ഞാനോടിയെത്തുന്നു
രാഗവീചികൾതൻ താളമേളങ്ങളിൽ
എന്‍റെ ചിന്തയിലക്ഷര പൂവുകൾ
എന്നും നിന്റെ വരദാനമാകുമ്പോള്‍
എന്നും നീയെന്നിലില്ലെങ്കിലെന്നുടെ
സര്‍ഗ്ഗപ്പൂവനം പൂക്കുന്നതെങ്ങിനെ.

മാധവ് കെ വാസുദേവ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *

Warning: Undefined variable $checkbox_text in /home/.sites/137/site9576960/web/wp-content/plugins/comments-subscribe-checkbox/front-end/add-checkbox-to-comments.php on line 25