രചന : റഫീഖ് ചെറുവല്ലൂർ ✍

സാമ്പത്തീകചർച്ചകളിലേക്കു ജീവിതം കൂട്ടിമുട്ടുമ്പോഴാണത്രെ
സ്നേഹബന്ധങ്ങൾ പോലും ഗൗരവതരമാകുന്നത്. കരുണയും
പ്രണയവും പരിഗണനയും ധാർമ്മികത പോലും മറികടക്കാനറച്ചു നിൽക്കുന്ന മാപിനി!
ജന്മനാ ലാഭേച്ഛുവായ മനുഷ്യന്റെ ഘടനയെ കുറ്റപ്പെടുത്തിയിട്ടെന്തു കാര്യം?
ജീവിക്കുവാനും ജീവിപ്പിക്കുവാനും വേണ്ടി ആരുടെ മുന്നിലും തല കുനിക്കാതെ മാർഗംതേടിയിറങ്ങിയവർക്കെന്നും കുറ്റപ്പെടുത്തലുകളും കുറവുകളും
ആവലാതികളും പരാതികളും ഏറ്റു വാങ്ങുകയല്ലാതെ മറ്റെന്തു നിവൃത്തി കൂട്ടരേ?


കിട്ടുന്നതു ചിലവഴിക്കാൻ വേണ്ടി മാത്രമറിയാവുന്ന ഭൂരിഭാഗം വരുന്ന സമൂഹത്തിനു, ആവശ്യങ്ങൾക്കനുസരിച്ചു കിട്ടിക്കൊണ്ടേയിരിക്കണം. അവരെപ്പോഴും സംതൃപ്തരായിരിക്കണം. അവരുടെ ഏതു അസംതൃപ്തിയുടേയും അനിഷ്ടങ്ങളുടെയും കാരണക്കാരൻ അവർക്കു കിട്ടുന്ന സ്രോതസ്സുകാരൻ തന്നെയായിരിക്കണം. എങ്ങനെ ഉണ്ടാവുന്നുവെന്നോ ഭാവിയിലുണ്ടാകുമെന്നോ ഇനി ഉണ്ടാകുന്നില്ലെന്നോ അവർക്കറിയേണ്ട കാര്യമില്ല. അവരോടു വിലവിവരങ്ങളോ വിനിമയനിരക്കോ ഇല്ലായ്മയോ ഭാവിപ്രശ്നങ്ങളോ പറഞ്ഞാൽ നിങ്ങൾ വെറും ദരിദ്രജന്മങ്ങളും പിശുക്കനും ജീവിതനിലവാരമറിയാത്തവനുമായി തരം താഴേണ്ടി വരും. ഇതു വരെ വിളമ്പിയ പാൽപായസമെന്തിന്, എങ്ങിനെ എന്നു വരെയുള്ള ചോദ്യങ്ങൾക്കു സമാധാനം പറയേണ്ടി വരും.

ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ മൗനം വിഴുങ്ങി ലക്ഷ്യത്തിലേക്കു കുതിക്കുകയല്ലാതെ മറ്റെന്താണു മാർഗം?

റഫീഖ്. ചെറുവല്ലൂർ

By ivayana