രചന : അമ്മു ദീപ ✍️

ഉറക്കത്തിലെന്നും
ഒരു പുലിയുടെ മൂക്ക്
ഉരുമ്മാൻ വന്നു
പുലിച്ചൂരുള്ള ശ്വാസം
പിൻകഴുത്തിലടിക്കുമ്പോൾ ഞരമ്പുകൾ
വലിഞ്ഞു മുറുകി
കണ്ണുകൾ ഇറുക്കിയടച്ച് കിടുകിടാവിറച്ച്, കിടക്കയിൽ
ചുരുണ്ടു
ഏതു നിമിഷവും അതെന്നെ
കടിച്ചെടുത്തു കൊണ്ടോടാം
പുഴക്കരയിലോ മരക്കൊമ്പിലോ പാറപ്പുറത്തോവച്ച്
തീർക്കാം
പല്ലുകൾ ആഴ്ന്നിറങ്ങുമ്പോഴത്തെ വേദന ഞാൻ സങ്കൽപ്പിച്ചു
തിളങ്ങുന്ന കണ്ണും
കൂർത്ത ചോരപ്പല്ലുകളും അടുത്തുനിന്നു കാണുന്നതോർത്തു
ശ്വാസം നിലച്ചു
എല്ലുകൾ ഉടയുന്നതിന്റെയും ഞരമ്പുകൾ
വലിഞ്ഞു പൊട്ടുന്നതിന്റെയും
ശബ്ദം കേട്ടു
ഏറ്റവും ഭയം തോന്നിയത് മഞ്ഞയിൽ മനോഹരമായി വിതാനിച്ച
കറുത്ത പുള്ളികളോടാണ്,
അതേ ഡിസൈനിലുള്ള ഒരു സാരി
കണ്ടുമോഹിച്ചു വാങ്ങിയത് അലമാരയിലുള്ളതോർത്തു
പിൻകഴുത്തിൽ
പുലി ഒന്നു മുരണ്ടു
പെട്ടെന്ന് ഞാൻ
മരണത്തിന്റെ കൈത്തണ്ടയിൽ
കേറിപ്പിടിച്ചു
“ദയവായി ഒന്നുവേഗത്തിൽ
ഒന്നു വേഗത്തിൽ “
എന്നു യാചിച്ചു
കറുത്തു രോമാവൃതമായ മേനിയിലൂടെ ഉരസി
ആ പാദങ്ങളിൽ വീണു
കൊടും തണുപ്പായിരുന്നു അയാൾക്ക്
അയാൾ മറ്റെന്തോ ശ്രദ്ധിച്ചു
എന്റെ കവിളിലും മാറിലും
മുടിയിഴകളിലുമെല്ലാം മഞ്ഞുകട്ടകൾ പറ്റിപ്പിടിച്ചു
പുലിയൊരിക്കലും
എന്നെ സ്പർശിച്ചതേയില്ല
നേരം വെളുക്കെ,
മഞ്ഞു കട്ടകളെല്ലാം ഉരുകിയപ്രത്യക്ഷമായിട്ടും
പുലി പതുങ്ങിനിന്നിടത്തേക്ക്
ഞാനൊന്ന് തിരിഞ്ഞു നോക്കിയുമില്ല

വാക്കനൽ

By ivayana