രചന : കൃഷ്ണമോഹൻ കെ പി ✍
👅ജീരകം …. പെരുംജീരകം
ജീവിതം…. അതു കരിംജീരകം
അയമോദകം മെല്ലെ അമുക്കുരമായ്
അയവതു നല്കുന്നു സർവത്തിനും
പഞ്ചസാരയ്ക്കു വിലങ്ങു തീർക്കാൻ
പുഞ്ചിരിയോടേ…. ഉലുവയെത്തും
വായുവിലങ്ങിയാൽ മല്ലിയെത്തും
വായ തൻ ദുർഗന്ധം മാറ്റുന്നവൻ
ചുക്കും, മുളകുമാ,തിപ്പലിയും
ചുമ്മാതെയെത്തുന്നു സൗഖ്യമേകാൻ
ചഞ്ചല ചിത്തർ തൻ മാനസത്തെ
ചാഞ്ചാട്ടമാട്ടുന്നു കടുകിൻ രുചി
ഏലയ്ക്ക ഗ്രാമ്പൂ കറുവയെന്നായ്
ഏതാണ്ടൊരായിരം ദ്രവ്യങ്ങളെ
ഏക കവിതയിലാനയിക്കാൻ
ഏയ്, എൻ വരികൾക്കു ത്രാണിയില്ലാ
കായകല്പം എന്ന യോഗത്തിലോ
കായം വരുന്നില്ലയെന്നാകിലും
കാലകാലങ്ങളായ് സാമ്പാറിന്
കായം, അത്താണിയായ് ചേർന്നു നില്പൂ
ദേഹത്തിനുന്മേഷമേറ്റുവാനും
ദേഹിതൻ കാര്യങ്ങളോർത്തിടാനും
ദേവി, പ്രകൃതി കനിഞ്ഞു തന്ന
ദേവീ പ്രസാദങ്ങൾ സസ്യജാലം🫀
