ഗ്രാമാന്തരീക്ഷത്തിലാർപ്പുവിളികൾ….
ഗമയുള്ള പട്ടണം വർണ്ണാഭമായ്…..
ഗാംഭീര്യമേറുന്ന കൊടികളുയരുന്നു….
ഗണ്യമായ് പടരുന്ന ചുവരെഴുത്തും!

ഗ്രാമത്തിനുന്നതിയെന്നും സാരഥി….
ഗഗനം മുഴങ്ങുന്ന വാഗ്ദാനമന്ത്രം…..
ഗീർവാണമാകുന്ന ഭാഷണഭേരിയും-
ഗതിയില്ലാതെയുഴലുന്നുയിന്ന് ജനം!

ഗീതങ്ങളൊത്തിരിയെഴുതുന്നു ചരിതം…
ഗാഥയായൊഴുകുന്നു അധരത്തിലെന്നും…
ഗ്രീഷ്മത്തിലുയരുന്നയീ കൊടും ചൂടിലും-
ഗുരുഭക്തിയെന്നോണം കൈകൂപ്പി നേതാവ്!

പടയണിക്കൂട്ടവും നാടകവണ്ടിയും –
പതിവായ് പറയുന്നു നടക്കാത്ത സ്വപ്നം!
പാവം തലച്ചോറെല്ലാം മറന്നിട്ടോടുകയായ്-
പണപദവിയാർത്തിയുള്ളോരുയരാൻ..!

രാജീവ് ചേമഞ്ചേരി

By ivayana