എന്നിട്ടും,
നീയെന്തിനാണ്
അകലങ്ങളിലേക്കൊരു
തീവണ്ടിപ്പാതയാകുന്നത്?
തിരികെവരില്ലെന്നറിഞ്ഞിട്ടും
ജനലഴികളിൽ
നേരങ്ങളെറിയുന്നത്?
സമുദ്രത്തെ വലിച്ചടുപ്പിച്ചു
മിഴികളെ നോവിക്കുന്നത്?
കനവുകളിലേക്കൊരു
കനൽപ്പൂവെറിയുന്നത്?
അകലങ്ങൾ വിരഹരേഖ വരച്ചിട്ടും
നമ്മൾ സ്നേഹംകൊണ്ടു
കവിതകളെഴുതുന്നു..
മൗനങ്ങൾ മുറിവുകൾ
തൊട്ടുചാലിക്കുമ്പോഴും
നമ്മൾ
പ്രണയത്തെ മുത്തുന്നു..
ഇടവഴികളിൽ നിന്നു നിലാവകന്നിട്ടും
നമ്മൾ ഒരുതുള്ളി
നമുക്കായി കരുതുന്നു..
പാതിരാമുല്ലയുടെ കവിളിൽ
ചുംബനം വിതയ്ക്കുന്നു..
ഇരവുകളുടെ ഇലത്തുമ്പിൽ നിന്നും
നമ്മൾ മേഘത്തുണ്ടുകളായിറ്റു വീഴുന്നു.
ആത്മാവിന്റെ ആകാശങ്ങളിൽ നാം
നമ്മെ വെച്ചു മറക്കുന്നു..
നിമിഷങ്ങളുടെ നിമിഷങ്ങളിലും
പ്രണയിക്കുന്നവർ നമ്മൾ!!
അകലങ്ങളുടെ അറ്റങ്ങളിലും
പുഞ്ചിരിനട്ടവർ.
ആരുമറിയാതെ വിരലുകൾകോർത്തവർ.
ദൂരമളന്ന കടലാസ്സുതാളുകളെ
ഹൃദയമിടിപ്പുകളിൽ തളച്ചിട്ടവർ..
കാത്തിരിപ്പുകളുടെ തീക്കാടുകൾ
ഇനിയും പൂക്കാലമേന്തും..
ആളൊഴിഞ്ഞ പുഴയോരങ്ങളിൽ
വീണ്ടും കാറ്റൊരു ഗസലു മൂളും..
എന്നിട്ടും..
നീയെന്തിനാണ് സ്വപ്നങ്ങളെ
നിഴലുകളെന്നു വിളിക്കുന്നത്?
ഒരു മിഴിദൂരത്തിൽ നാം
നിറഞ്ഞൊഴുകിയിട്ടല്ലേ
അകലങ്ങൾ എന്നും
ജലരേഖയാകുന്നത്?
അകലങ്ങളെന്നും
നമുക്കകലെയാകുന്നത്?
✍️

ജ്യോതിശ്രീ. പി

By ivayana