പണ്ടൊക്കെ ആളുകൾക്ക്
ഒരു വിചാരമുണ്ടായിരുന്നു
കെട്ടിയൊരുങ്ങി ആണിന് തല കുനിച്ച് കൊടുത്താൽ അന്ന് തൊട്ട്
അടുക്കളയും വീടും വീട്ടുകാരും
മാത്രമായിരിക്കണം അവളുടെ ലോകം
നല്ലൊരു പാചകക്കാരിയായി
നല്ലൊരു തൂപ്പുകാരിയായി
നല്ലൊരു അലക്കുകാരിയായി
അവളവിടം പൂങ്കാവനമാക്കുന്നത്
സ്വപ്നം കാണുന്ന പുരുഷനും
പുരുഷൻ്റെ വീട്ടുകാരും
വേവൊന്നു കൂടിയാലോ
രുചിയൊന്നു കുറഞ്ഞാലോ
സമയമൊന്നു തെറ്റിയാലോ
കാണാം അവരുടെ യഥാർത്ഥമുഖം
നേരത്തിനൊന്ന് കുളിക്കാനോ
കഴിക്കാനോ കിടക്കാനോ ഉറങ്ങാനോ
കഴിയാതെ
അവളാകെ മാറിത്തുടങ്ങും
പഠിച്ചതും പഠിപ്പിച്ചതും മറന്ന്
ചില പാഠങ്ങളവർ പഠിപ്പിച്ചു കൊടുക്കും
അവാർഡും സർട്ടിഫിക്കറ്റും കിട്ടാത്ത
നല്ല കുട്ടിയെന്നോ ഒരുമ്പെട്ടോളെന്നോ
മാത്രം വിധിയെഴുതുന്നതും കാത്ത്
കണക്കും സയൻസും കൂടിക്കലർന്ന
ജീവശാസ്ത്രത്തിൻ്റെ രസതന്ത്രമറിയാതെ
മറ്റൊരു പാഠം അവൾ പഠിച്ചു തുടങ്ങും
അതിനപ്പുറം ചിലയിടങ്ങളിൽ
അടിയും തൊഴിയും
പട്ടിണിപ്പെരുമഴയും
ഒരുപാട് പ്രതീക്ഷയും
സ്വപ്നങ്ങളുമായി
നിങ്ങളിടങ്ങളിലേക്കിറങ്ങിവന്നവളല്ലേ..
അടുക്കളയവൾക്ക് സുരക്ഷിതമല്ലാതാക്കിയത്
നിങ്ങളൊക്കത്തന്നെയല്ലേ
അന്നു മുതലല്ലേ അവൾ
സ്വാതന്ത്ര്യം ആഗ്രഹിച്ചു തുടങ്ങിയത്
തുല്യത അവകാശപ്പെട്ടത്
നീതി ചോദിച്ചത്
ഇത്രമേൽ ബലപ്പെട്ടത്.
എന്നാൽ ഇന്നത്തെ കാലത്ത്
അവൾ പഴയതിനേക്കാൾ ശക്തയാണ്
എവിടെയുംയാത്രചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്
എന്തും സ്വപ്നം കാണാനുള്ള കരുത്തുണ്ട്
വായിക്കാനും എഴുതാനും
ചിത്രം വരക്കാനും പാട്ട് പാടാനും
ഇഷ്ടം പോലെ സമയമുണ്ട്
ഇന്നവളെ തേടി അവാർഡുകളും
പ്രശംസാപത്രങ്ങളും എത്തിചേരുന്നുണ്ട്.
അടുക്കളയൊരു സന്ദർശനമുറി മാത്രമാണിന്നവൾക്ക്
എൻ്റെ ആണുങ്ങളേ…
സത്യത്തിൽ മാറേണ്ടത് നിങ്ങളായിരുന്നില്ലേ…
ഇപ്പോൾ മാറിയതും നിങ്ങളല്ലേ …
നിങ്ങളെന്തിനാണിത്രയും സ്വാർത്ഥരാവുന്നത്
ഒരു കാര്യം കൂടി പറയട്ടെ..
പെണ്ണിപ്പോഴും ആ…
അടുക്കളയുടെ സേഫ് ആഗ്രഹിക്കുന്നുണ്ട്
വീടിൻ്റെ തണുപ്പ് തേടുന്നുണ്ട്
ജോലി ചെയ്ത് തളർന്നു വരുമ്പോൾ
ഒരു കപ്പ് ചായയോ കാപ്പിയോ കിട്ടിയെങ്കിലെന്ന് കൊതിച്ച്
മുഷിഞ്ഞ തുണികൾ കൂട്ടിയിടാതെ
വീട്ടിലെല്ലാവരും സ്വന്തമായി അലക്കിയിടുന്നത് സ്വപ്നം കണ്ട്
അടുക്കളയിൽ അവൾക്കൊപ്പം
പാത്രം കഴുകിയും പച്ചക്കറിയരിഞ്ഞും
പലഹാരമുണ്ടാക്കിയും ആരെങ്കിലും
അരികിൽ നില്ക്കുന്നതോർത്ത്
അവളുടെ ഇഷ്ടങ്ങൾക്ക് കൂട്ടുകൂടി
അവളുടെ സ്വപ്നങ്ങൾക്ക് നിറം ചാർത്തി
വീടൊരു സ്വർഗ്ഗമാക്കിക്കൂടെ …
നിങ്ങളൊന്നു മാറ്റി ചിന്തിച്ചാൽ
മാറാവുന്നതേയുള്ളു എല്ലാം
വനിതാ ദിനങ്ങൾ അത് പിന്നെയും ഓർമ്മപ്പെടുത്തുകയാണ്.
✍🏻സിന്ധുഭദ്ര🌧️

By ivayana