ജനിച്ച് വീണു പെൺകുഞ്ഞാണെന്ന തിരിച്ചറിവിലേക്കവളെ വളർത്തി വെയ്ക്കുന്നത് പെണ്ണായതുകൊണ്ടുമാത്രം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെ പറ്റി ബോധ്യപെടുത്തിക്കൊണ്ടാണ്.
അതിനിടയിലെത്രയോ തവണ സ്വന്തവും ബന്ധവും നോക്കാതെ അവളുടെ ശരീരത്തിലേക്ക് പലരുടെയും കൈകൾ നീണ്ടുവെന്ന് അവളോട് തന്നെ ചോദിച്ചു നോക്കുക.
ശരീരമാകെ പൊള്ളിപ്പോയ എത്ര നിമിഷങ്ങളെ ആ കുഞ്ഞു മനസ്സ് ഓർത്തെടുക്കുമെന്ന് കാണാം.
ഋതുമതിയാകുംവരെ അനുവദിച്ചു കിട്ടുന്ന
സ്വാതന്ത്ര്യം പോലും അതോടു കൂടി നിലയ്ക്കുന്നു.
ഒരു പെണ്ണിന്റെ സ്വപ്നങ്ങളെ ലക്ഷ്യത്തിലെത്താനനുവദിക്കാതെ ചുറ്റുമുള്ളവർ കയറുകെട്ടി വലിച്ച് നീക്കുന്നത് കാണാം.
പ്രത്യക്ഷത്തിൽ അവൾക്ക് പറക്കാൻ ചിറകുകളും ആകാശവും നിങ്ങൾ വാഗ്ദാനം ചെയ്യുന്നു. മറുഭാഗത്ത് ചങ്ങലകെട്ടി അവളുടെ ചലനങ്ങളെ,
സ്വാതന്ത്ര്യത്തെ പോലും പരിധിയിലാക്കുന്നു.
ശാരീരികമായി പെട്ടെന്നുണ്ടാവുന്ന മാറ്റത്തെ മനസ്സും ശരീരവും ഒരുപോലെ അംഗീകരിക്കാൻ ശ്രമിക്കവേ അവൾ കടന്നുപോകുന്ന മാനസിക സംഘർഷം
എത്രയാണെന്ന് നിങ്ങൾ ഊഹിക്കുന്നതിലും അപ്പുറത്താണ്.
കൗമാരകാലത്തിന്റെ ചാപല്യങ്ങളെയും ചിന്തകളെയും പറ്റിയോ ഇഷ്ടങ്ങളെ പറ്റിയോ പ്രണയത്തെ പറ്റിയോ അവൾ വാചാലയാവുമെന്ന് ഭയന്ന് അവളുടെ ശബ്ദം പുറത്ത് വരാതെ നോക്കുന്ന മനുഷ്യരാണ് ചുറ്റും.
നല്ലൊരു കാമുകിയാവാൻ ,
നല്ലൊരു സുഹൃത്താവാനൊക്കെ
അവളെ അവളുടെ മനസ്സ് പാകപ്പെടുത്തും.
പക്ഷെ അതി ഭീകരമായ നിയമങ്ങളിലും ചട്ടങ്ങളിലും ഭയന്ന് എല്ലാം വേണ്ടാന്ന് വെച്ച് മാറി നടക്കുന്ന എത്ര പെൺകുട്ടികളുണ്ട്?
അവനവന്റെ ശരീരത്തെ പറ്റിപോലും അറിയാത്ത പെൺകുട്ടികളുണ്ട്.
അവരവരുടെ ശാരീരിക മാറ്റങ്ങളെ തിരിച്ചറിയാത്ത പെൺകുട്ടികളുണ്ട്.
അതൊക്കെ ശ്രദ്ധിക്കുന്നത് തന്നെ മോശമാണെന്ന് പറഞ്ഞു പഠിപ്പിക്കുന്ന സമൂഹത്തിൽ ഇതൊക്കെ സ്വാഭാവികം.
തന്റെ ശാരീരിക മാറ്റങ്ങളെ
കണ്ണാടിയ്ക്കു മുന്നിൽ നഗ്നമായി നിന്ന് തിരിച്ചറിയാൻ മെനക്കെടുന്ന എത്രപേരുണ്ട്?
അവരിലേക്ക് കുത്തിനിറയ്ക്കുന്ന അറിവില്ലായ്മയുടെ,പഴഞ്ചൻ നിയമങ്ങളുടെ
പ്രഹരം അവർ തിരിച്ചറിയുക വഴിയേ ആവും.
ജീവിതത്തിന്റെ നല്ലൊരു വശവും നശിച്ചുപോയി കഴിഞ്ഞിട്ട്.
സ്വയംഭോഗം ചെയ്യാന്‍ തോന്നിയാല്‍ ചെയ്യണം.
അതിനെന്താണ് ?
ഭൂമിയും ജീവനും ഉള്ളിടത്തോളം അതൊക്കെ സ്വാഭാവികമാണ്.
അതില്
അസ്വഭാവികമായി ഒന്നുമില്ലെന്ന ബോധ്യമുണ്ടായാല്‍ മതി.
ഒന്ന് പ്രണയിച്ചുപോയാൽ അവൾക്കു മാത്രം നഷ്ടപെടുന്ന എന്ത് കാര്യമാണ് സ്ത്രീയെന്ന അവളിൽ നിങ്ങൾ കാണുന്നത് ?
ഒന്ന് ചുംബിച്ചാൽ നഷ്ടപെടുന്ന എന്ത് അഭിമാനമാണ് അവളിൽ മാത്രം വട്ടം തിരിയുന്നത് ?
ഇഷ്ടപെട്ട പുരുഷനോടൊപ്പം കഴിഞ്ഞാൽ
നഷ്ടപെട്ടുപോകുന്ന കന്യകാത്വം ഇവിടെ ആരെയാണ് ബോധിപ്പിക്കേണ്ടത് ?
എന്നിട്ടും അവളുടെ ആകുലതകൾ അവസാനിക്കുന്നില്ല.
നല്ലൊരു കാമുകിയാവാൻ മനസ്സുകൊണ്ട് പാകപ്പെട്ടവൾക്ക് ശരീരംകൊണ്ടതിനു സാധിക്കുമോ എന്ന ചിന്ത അവളെ എത്രയോ തവണ തളർത്തിയിരിക്കുന്നു.
അയാൾക്ക് നല്ലൊരു കാമുകിയാവാൻ,
ഭർത്താവിന് നല്ലൊരു ഭാര്യയാവാൻ,
മക്കള്‍ക്ക് നല്ലൊരു അമ്മയാവാന്‍ ഒക്കെ അവള്‍ക്ക് കഴിയുമോ എന്ന ഭയം അവളെ
വീണ്ടും വീണ്ടും ആശയകുഴപ്പത്തിലാക്കുന്നു.
നിങ്ങൾ കെട്ടിവെക്കുന്ന ചട്ടക്കൂടുകളിൽ
നിന്നെത്ര പെൺകുട്ടികൾ പുറത്ത് കടന്നിരിക്കുന്നു…
എത്ര പെണ്‍കുട്ടികളവിടെ ആത്മഹത്യ ചെയ്തിരിക്കുന്നു.
എത്രപേരവിടെ കൊല്ലപ്പെട്ടിരിക്കുന്നു?
എന്നിട്ടും അവളൊരു കല്ലായി തുടരുന്നു.
ജീവിച്ചിരിക്കുന്ന എണ്‍പത് ശതമാനം സ്ത്രീകളും കല്ലുകളായി എന്നേ പരിണമിച്ച് കഴിഞ്ഞിരിക്കുന്നു.
മറ്റുള്ളവരുടെ വിചാരവികാരങ്ങളെ ശമിപ്പിക്കാനും
അവർക്ക് പാചകം ചെയ്ത് അലക്കി തുടച്ച് ജീവിച്ച് തീരുന്ന എത്ര എത്ര പെണ്ണുങ്ങൾ?
നല്ലൊരു സ്വപ്നം പോലും ഇല്ലാത്ത
അവനവനെ സ്നേഹിക്കാൻ പോലും മറന്നു പോകുന്ന സ്ത്രീകളാണ് ഏറിയ പങ്കും.
ഒന്നു പ്രസവിച്ച് കഴിഞ്ഞാല്‍ അവനവനെ പറ്റി പോലും ചിന്തിക്കാതെ തേഞ്ഞ് തീരുന്ന സ്ത്രീകളുണ്ട്.
അയഞ്ഞ് തൂങ്ങിയ മാറിടത്തിലും തൂങ്ങിയാടുന്ന അടിവയറിലും ആകുലപ്പെടുന്ന സ്ത്രീയെ.
പുരുഷനെ തൃപ്തിപ്പെടുത്താൻ കഴിയില്ലായെന്ന മനസ്സിന്റെ ചിന്ത.
ശരീരം വെറും ഭോഗവസ്തു മാത്രമാണ് അതുകൊണ്ട് മാത്രം വിവാഹജീവിതം മുന്നോട്ടുപോകുന്നു എന്ന ധാരണയിൽ
ജീവിക്കുന്ന സ്ത്രീകളുണ്ട്.
ഇവിടെ ഉള്ള സമൂഹം അടിച്ചേല്പിക്കുന്നതാണ് ആ ചിന്ത പോലും.
തന്റെ ശാരീരിക ആവശ്യങ്ങളെ പോലും തുറന്നുപറയാൻ അവൾക്ക് അനുമതിയില്ല.
എന്തിന് അവളുടെ സ്വകാര്യതയെ പോലും തിരിച്ചറിയില്ല ഒരാളും.
അവനവന്റെ മനസ്സിനെ അവനവനെക്കാള്‍
നന്നായി ആര് അറിയാന്‍ ആണ്?
ജീവിച്ചിരിക്കുന്നിടത്തോളം സന്തോഷമായിരിക്കുക.
ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ച്,
മുഖം മിനുക്കി മുടി അഴിച്ചിട്ട് …
ഇഷ്ടപ്പെട്ടതൊക്കെ ചെയ്ത്.
ഇഷ്ടങ്ങളെ മാത്രം കൂട്ടി വെച്ച്
ഉറക്കെ ഉറക്കെ ചിരിച്ച്
ജീവിക്ക് പെണ്ണുങ്ങളെ…
നിങ്ങളെന്തിന് മടിക്കുന്നു ?
അവളെന്തിനെയൊക്കെ ഭയക്കുന്നു?
എന്തൊക്കെ സഹിക്കുന്നു ?
എന്തിനു വേണ്ടി ?
ആർക്കു വേണ്ടി ?
അവനവനു വേണ്ടിയെങ്കിലും ജീവിക്കൂ പെണ്ണുങ്ങളെ …

Nb: സ്ത്രീ അവളൊരു ഉന്മാദിനിയായ ദേവിയാണ്!
Happy Women’s Day💜

സബിത ആവണി

By ivayana