ഭൂതകാലത്തിന്റെ വളർന്ന വേരുകളും
കർമ്മഫലത്തിന്റെ വിലങ്ങുകളും പൊട്ടിച്ചെറിയാൻ മനസ്സാകുന്ന അശ്വത്തെ വീണ്ടെടുത്ത് അടരാടുകയല്ലാതെ ജീവിതയുദ്ധത്തിൽ മറ്റ് മാർഗ്ഗങ്ങളെന്താണുള്ളത്?

ഭൂതകാലത്തിൻ വളരും വേരുകൾ,
ഭൂവിലിന്നെന്നെ വരിഞ്ഞുമുറുക്കേ,
പോർമുഖത്തിന്നേറെ ചിന്തകളാലേ,
ചോർന്നൊലിക്കുന്നെന്റെ വീര്യമെല്ലാം!
കർമ്മഫലങ്ങളാൽ ബന്ധിതനല്ലോ,
കർത്തവ്യമേറ്റുവാനാവുന്നുമില്ല!
ആയുധം വീണൊരു യോദ്ധാവ് പോലെ,
അടർക്കളത്തിൽ ഞാൻ വീണു കിടപ്പൂ!
തുള്ളിയുറഞ്ഞൊരാ കോമരം മുന്നിൽ,
ഉള്ളുലഞ്ഞന്ന് നിൽക്കണ നേരത്ത്,
ഉള്ളിലുറങ്ങുന്നൊരശ്വമെന്നിൽ വീണ്ടും,
പൊളളലേൽക്കാതുയിർ തേടീടുന്നു!
കാതങ്ങളകലെ നിന്നാരോ ഇന്നെന്നോട്,
കാതോരം ചൊല്ലുന്നു; ഉണർന്നീടുവാൻ!
മനസ്സാകുമശ്വത്തെ വീണ്ടെടുത്ത്,
തമസ്സകറ്റാൻ ഞാനുറച്ചുവപ്പോൾ!
മനസ്സോളം പോന്നൊരു ആയുധമില്ല,
നിനക്കുന്നതൊക്കെയും വിജയമാകാൻ!
അശ്വാരോഹണമേറിയിന്നെൻ മനം,
അടരാടുവാനായുണർന്നു വീണ്ടും..!

By ivayana