കാലം കുറെയായേ.. അന്നെനിയ്ക്ക് നാല് വയസ്സ്. ഇടയ്ക്കൊക്കെ കീ.. കീ.. ശബ്ദമിട്ട് ഒറ്റയോട്ടത്തിന് അമ്മുമ്മയുടെ മാടക്കടയിൽ പോകാറുണ്ട്.. അച്ഛാമ്മയെ അമ്മുമ്മയെന്നാണ് വിളിയ്ക്കണത്. ഒരു ഭയങ്കരി.. സ്നേഹമൊക്കെയുണ്ട്.. എന്നാലും പേടി ഇല്ലാതില്ല. ഇന്നുമവിടെ പോകാനൊരു മോഹം. കടയിലെത്താൻ വിശാലമായ പീടികത്തെക്കതിൽ അയ്യം കടക്കണം. അതിന്റെ ഒരു മൂലയിൽ നിന്ന് മറ്റൊരു മൂലയിലേയ്ക്ക്, പഞ്ചാര മണലും, അവിടുത്തെ ‘എന്റെ പ്രിയപെട്ട’ പേരമരവും താണ്ടി ചാങ്ങയിൽ അയ്യത്തു കടക്കാം. അന്നവിടെ നിറയെ കക്കാവട്ടിയും ചെറു ശംഖുകളുമൊക്കെ ഉണ്ടായിരുന്നു..! പണ്ടെങ്ങോ കായൽ മണ്ണ് അടിച്ച് നികത്തിയതാണത്രേ. ശംഖു പെറുക്കിക്കൊണ്ട് കാളിപ്പറമ്പിൽ ചായക്കടയുടെ അടുത്തുള്ള അമ്മുമ്മേടെ കടയിലെത്താൻ കുറഞ്ഞ സമയം മതി.


ഇടയ്ക്കൊക്കെ അമ്മുമ്മ എന്നെ ഇരുത്തിയിട്ട് വീട്ടിൽ പോകും. അപ്പോഴൊക്കെ ഞാനാ കടയിലെ പഴയ തേയിലപ്പെട്ടിയുടെ പുറത്തിരുന്ന് കളിയ്ക്കുമായിരുന്നു. നാളുകൾ നീങ്ങവേ ഞാൻ വളർന്നു വന്നു.. പെട്ടി പഴകി വന്നു. ഒരു ദിനം എന്നെ താങ്ങാതെ പെട്ടി പൊളിഞ്ഞു.. ഞാൻ കുടുങ്ങി. മുട്ടു മുതൽ കാൽ വെളിയിൽ.. മറുവശത്ത് തല മാത്രം. നടുവ് വളഞ്ഞ് പുളഞ്ഞ് പെട്ടിയ്ക്കുള്ളിൽ മലർന്ന നിലയിൽ കിടന്നു. അനങ്ങാൻ വയ്യാ.. ശ്വാസം മുട്ടുന്നു.. കഷ്ടപ്പെട്ട് മുക്കി മുക്കി കരയാൻ മാത്രം പറ്റി. വഴിയേ പോയ ശാരദാമ്മയമ്മ വന്നു പൊക്കിയിറക്കി. അവിടെയിവിടെ പോറൽ.. രക്തം വരുന്നു. അന്നു മുതലാണോ എന്നറിയില്ലാ.. അക്കാലത്തു നിലവിലുണ്ടായിരുന്ന വലിയ തേയിലപ്പെട്ടിയൊക്കെ അന്യം നിന്നു പോയി.


കരച്ചിൽ മാറ്റി വച്ചു. അമ്മുമ്മ വരുമ്പോൾ കരയാനുള്ളതാ.. എങ്കിൽ മിഠായി കൂടുതൽ കിട്ടും. സ്വപ്നങ്ങളൊത്തിരി കണ്ട് കടയിൽ കയറി ഇരുന്നു. പാവം തേയിലപ്പെട്ടി.. കിടക്കുന്ന കിടപ്പ് കണ്ടില്ലേ..! എന്തായാലും പരിക്ക് പറ്റിയതിനാൽ പെട്ടി പൊളിച്ചതിന് അമ്മുമ്മ ഇന്നു വഴക്കു പറയില്ല.. അതുറപ്പ്.
കടയുടെ അകത്ത് പുതിയൊരു കാഴ്ച.. മധുരക്കിഴങ്ങ് കൂട്ടിയിട്ടിരിയ്ക്കുന്നു. പേരു പോലെ മധുരതരം. കപ്പക്കിഴങ്ങെന്നും, കപ്പക്കാച്ചിലെന്നും ഒക്കെ പേരുള്ള അത് വലിയ ഇഷ്ടം.. മരച്ചീനി പോലെയിരിയ്ക്കുന്നു. തൊലിയ്ക്ക് കട്ടിയില്ല. പച്ചയ്ക്കോ.. പുഴുങ്ങിയോ ഒക്കെ തിന്നാറുണ്ട്.. കൊതിയും പേടിയും തമ്മിൽ കടിപിടി. പിന്നെ ആ പേടിയ്ക്ക് തന്നെ ചെറിയൊരു കൊതി..! ഒടുവിലാ പേടി ഒന്നൊതുങ്ങി. ഒരു ചെറുതു പൊക്കി.. കടലാസ്സിൽ തുടച്ചു. അങ്ങിങ്ങ് ചെറുതായി കട്ട പിടിച്ച ചേടിമണ്ണ് കടിച്ചു തുപ്പി.. തിന്നു.. നല്ല രുചി. ഓർമ്മയിലെ ആദ്യത്തെ മോഷണം. തെളിവ് ശേഷിപ്പിയ്ക്കാതെ, കടിച്ചു തുപ്പിയതൊക്കെ തൂത്തു വാരി ദൂരെ കളഞ്ഞു.


മനസ്സാക്ഷിക്കുത്ത് ഉണ്ടായിരുന്നു.. എങ്കിലും എല്ലാം മാറ്റിവച്ചു. ഒരു പക്ഷേ ചോദിച്ചിട്ട് എടുക്കാമെന്നു വച്ചാൽ അമ്മുമ്മ തന്നില്ലെങ്കിലോ..? കാത്തിരിയ്ക്കാനും വയ്യാ. ചെറിയ മോഷണം കഴിഞ്ഞപ്പോൾ ചെറുതായിട്ട് കുറ്റബാധം നീങ്ങി. പ്രായശ്ചിത്തമായിട്ട് – കിട്ടാനുള്ള മിഠായികൾ വേണ്ടെന്ന് വയ്ക്കാം. പോരേ..? മനസ്സിനെ സമാധാനിപ്പിച്ചു. പിന്നത്തേയ്ക്ക് ഒന്നുകൂടി പൊക്കിയാലോ.. പക്ഷേ എങ്ങനെ കൊണ്ടു പോകും..? കക്കാൻ പഠിച്ചാൽ നിൽക്കാനും പഠിയ്ക്കണമല്ലോ.. ചെറുതല്ലാത്തത് ഒന്നു എടുത്തു. നിക്കറിന്റെ കൊളുത്തിനടിയിൽ കയറ്റി. ഉടുപ്പ് കൊണ്ടു മറച്ചു.. എന്നോടാ കളി… അമ്മുമ്മയെ കാട്ടാൻ വച്ചിരുന്ന രക്തം തുടച്ചു.. പോറലിന്റെ വേദന മറന്നു. അമ്മുമ്മ വന്നാൽ ഉടനേ മുങ്ങണം.. ക്ഷമകെട്ട് കാത്തിരുന്നു.


ചാക്കും പാട്ടയും എടുക്കാൻ വരുന്ന കാക്കാ വന്നു നിൽക്കുന്നു.. അതാ അകലെ നിന്ന് അമ്മുമ്മ വരുന്നുണ്ട്. നെഞ്ചിടിപ്പ് കൂടി.. മത്സരമണി പ്രതീക്ഷിച്ച് ഓടാൻ നിൽക്കണ പോലെ ഞാൻ നിന്നു. അമ്മുമ്മേ.. ഞാൻ പോകണു. തിടുക്കപ്പെട്ട് ഓടിത്തുടങ്ങിയപ്പോൾ അമ്മുമ്മയുടെ വിളി.. മോനേ പെട്ടി എങ്ങനാടാ പൊളിഞ്ഞത്..? അല്പദൂരത്തിൽ ഞെട്ടിത്തിരിഞ്ഞ് നിന്ന് ഈ നിഷ്ക്കളങ്ക ബാലൻ ‘തല ചൊറിയാൻ കൈ ഉയർത്തിക്കൊണ്ട് നാവനക്കി. അത്.. അത്..


ഉയർന്നു വന്ന കുട്ടിയുടുപ്പിന്റെ അടിയിലേയ്ക്ക് നോക്കി വായ് പൊളിച്ച് മിണ്ടാട്ടം മുട്ടി നിൽക്കുന്ന അമ്മുമ്മയേം ആ കാക്കാനേം കണ്ട് എനിയ്ക്കും ഉത്തരം മുട്ടി. പുനത്തിൽ നിന്നും തല നീട്ടിയ പാമ്പിനെപ്പോലെ.. നിക്കറിന്റെ അകത്തൂന്ന് വയറിനോട് ഒട്ടി മുകളിലേയ്ക്ക് ചുവന്നു നീണ്ട് തള്ളി നിൽക്കണ ആ സാധനം അമ്മുമ്മയ്ക്ക് പിടി കിട്ടരുതേ എന്നായിരുന്നു എന്റെ പ്രാർത്ഥന.
✍️

സന്തോഷ് വിജയൻ

By ivayana