മലരുപോൽ വിടർന്നു നിന്ന നീ
അലയടിച്ചു ഹൃത്തിതിൽ
വസന്തമായ്നിറഞ്ഞു നിൽക്കെ നീ
വസുധയാകെ മാറീടും.

ഒരു നിമിഷ നിവൃതീസുധ
തരുന്നു നീയീ മർത്യന്
പ്രകൃതിയാകെ മാറ്റി ഭൂമിയിൽ
സുകൃതമാക്കും ജീവിതം.

മൗനമായിരുന്നു നീയെന്റെ
മനസ്സിനെ മഥിച്ചപോൽ
വാക്കുകൾക്കു,നീ,യവനിതന്നിൽ
വരങ്ങളാകു,മർത്ഥമായ്.

പ്രണയമായൊഴുകുമീ നിള
പ്രാണനിൽ ചേർന്നിഴുകിയും
തഴുകീ,യെന്നി,ലൊഴുകീ ചേലിൽ
തരള ദീപ്ത ചിന്തയായ്.

വ്യഥിതനാകുമെന്നുടെകൂടെ
വ്യാകുലതയിൽ സ്ഥൈര്യമായ്
വിപദിധൈര്യമാകുവാൻ സ്ഥിരം
വിളിച്ചുണർത്തീടുന്നു നീ.

സ്വർഗ്ഗമെന്തിനു വേറെ വേണം നീ
സർഗ്ഗശേഷിയായീടുകിൽ
സ്വപ്ന തുല്യമീ ജീവിതം നിന്നിൽ
സപ്തസ്വരസുധാമയീ.!

വെളിച്ചമായ് നീയുലകിൽ നിന്നു
തെളിച്ചീടുന്ന താരകം
ഹൃദയവാതിൽ ഹൃദ്യമായ് സ്ഥിരം
അഭയമായ് തുറന്നീടും.

കുളിർമഴ,യൊഴുക്കുവാൻ ഹൃത്തിൽ
തളിർ മനസ്സിൽനാമ്പിടാൻ
പ്രതീക്ഷയാം പ്രാഘാരമായ് പാരിൽ
പതിക്കുന്നു നീഹാരംപോൽ.

ഉടുഗണംപോലഗാധമാകും
വടിവിലുള്ള നിന്മനം
അടയാളമീ പെണ്മനമെന്നും
തുടിച്ചീടും യുഗങ്ങളിൽ.

നിന്നിലുപരിയില്ല,നിനയ്ക്കിൽ
മന്നിലൊരു പൊരുളുമേ
എന്നുമെന്നിലെ സത്യസത്വമേ
നിന്നുപോയിതോ നിൻ രവം?

തോമസ് കാവാലം

By ivayana