ഇലകൊഴിഞ്ഞ ചില്ലകൾ
മരത്തോടു പരിഭവിച്ചു
ഈ ചൂടു താങ്ങാനാവുന്നില്ല
ഞങ്ങൾ മരിച്ചു പോകും
ഞങ്ങൾക്കു തണലും
ഭക്ഷണവും തന്ന ഇലകൾക്ക്
നീയെന്തേ വെള്ളവും
ലവണവും നൽകിയില്ല?
മരത്തിന് മറുപടി ഉണ്ടായില്ല;
മരം ഭൂമിയോട് പരിഭവിച്ചു
ഭൂമാതേ, നീയെന്തിനാ
എന്നെയാ ഗർഭത്തിൽ
ഒളിപ്പിച്ച് ചൂടിലും മഴയിലും
സംരക്ഷിച്ച് കുഞ്ഞു കാണ്ഡവും
ഇലകളും തന്നു വെള്ളവും
വളവും നൽകി വളർത്തി
വലുതാക്കിയിങ്ങനെ
ഇഞ്ചിഞ്ചായി കൊല്ലുന്നത്?
ഭൂമി നെടുവീർപ്പുതിർത്തു;
അനേകം ജീവികൾക്കു
ഞാൻ ജന്മം കൊടുത്തു
ബുദ്ധിയും വിവേകവും
കൊണ്ടു മനുഷ്യകുലം
എൻ്റെ വാത്സല്യം പിടിച്ചു പറ്റി
അവർക്കായി ഞാനെല്ലാമേകി
ലാളിച്ചു സംരക്ഷിച്ചു സ്വാദുള്ള
ഭക്ഷണവും ജലവുമേകി
കാറ്റും വെളിച്ചവും തണലുമേകി
അവർ എന്നെയും എന്നിലെ
ചരാചരങ്ങളെയും കാത്തു
കൊള്ളുമെന്ന് ഞാൻ കരുതി
അത്യാഗ്രഹികളും സ്വാർത്ഥ
മതികളുമായ മനുഷ്യർ
മുലചുരത്തിയ എൻ്റെ മാറിടം
പിളർന്നു ചുടുചോര മോന്തി
പിന്നെ ചോരയൂറ്റി വിറ്റു
കീശകൾ നിറച്ചു മദിച്ചു
എൻ്റെ മാംസം അറുത്തു
വിറ്റവർ കോടികൾ നേടി
കോടി പുതയ്ക്കുമെന്നറിയാതെ
വിഢികൾ മനുഷ്യർ പുളയ്ക്കുന്നു
ഞാൻ മരിച്ചു കൊണ്ടിരിക്കുന്നു
സൂര്യൻ്റെ ക്രോധാഗ്നിയിൽ
നിങ്ങളൊക്കെ കരിഞ്ഞുണങ്ങും
എനിക്കു കുട ചൂടിനിന്ന നിങ്ങളുടെ
നാശം എന്നെ മരുഭൂവാക്കും
ജീവികുലമൊന്നാകെ മുടിയും
ഒടുവിൽ ഞാനീ ശൂന്യതയിൽ
കേവലമൊരു ഗോളമായm
മനുഷ്യകുലത്തിന് ജന്മം നൽകിയ
ശാപവും പേറി അലഞ്ഞുതിരിയും
ബുദ്ധിയും വിവേകവും ശാസ്ത്ര
ബോധവും നൽകി ജനിപ്പിച്ച
മനുഷ്യകുലം സഹജീവികൾക്കും
എനിക്കും കഷ്ടതകൾ മാത്രമേകി
സ്വാർത്ഥരായ് വിനാശകാരികളായി
വാഴുമ്പോൾ എവിടെയാണെനിക്കും
സഹജീവികൾക്കും അഭയം

By ivayana