ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷന്റെ
എട്ടാം നമ്പർ ട്രാക്കിൽ
ഒരു
ഫാസ്റ്റ് പാസ്സഞ്ചർ ട്രെയിൻ
പുറപ്പെടാൻ അക്ഷമനായി
വിറപൂണ്ട്
കലിതുള്ളി നിൽക്കുന്നു.
ട്രെയിനിന് അഭിമുഖമായി
മുകളിൽ
കറുത്ത ബോർഡിൽ
മഞ്ഞയക്ഷരങ്ങളിൽ
ലക്ഷ്യകേന്ദ്രവും
അക്കങ്ങളിൽ സമയവും
തിളങ്ങുന്നു.
എവിടെയോ
മറഞ്ഞിരുന്നോ,
അതോ നിന്നോ
ഒരു പെൺകിളി
ഓരോ വണ്ടിയും
പുറപ്പെടുന്ന സമയവും
ലക്ഷ്യകേന്ദ്രവും
മൈക്കിലൂടെ മൊഴിയുന്നു.
എട്ടാം നമ്പറിലെ ട്രെയിനിൽ
ഓരോ കമ്പാർട്ട്‌മെന്റിലും
ചിതറിയ ചിത്രങ്ങളായി
ഒന്നോ,രണ്ടോ ജന്മങ്ങൾ
വിൻഡോസീറ്റിനരികിൽ
കൈമുട്ടുകൾ
സൈഡിലൂന്നി താടിതാങ്ങി
വ്യാകുലതകളുടെ
ചുമടുതാങ്ങികളായി
കുത്തിയിരിക്കുന്നു.
ഏഴാം നമ്പർ ട്രാക്കിൽ
ഒരു ട്രെയിൻ
മെല്ലെയണഞ്ഞ്
വിറയലായി
കിതച്ച് നിൽക്കുന്നു.
ഓരോ
കമ്പാർട്ട്‌മെന്റിൽ നിന്നും
സംഘമായി പുറത്തിറങ്ങി
തിരക്കിന്റെ പ്രളയത്തിൽ
മുങ്ങാൻ ധൃതി കൂട്ടുന്നവർ.
ഞാൻ തിരക്കൊഴിഞ്ഞ്
സാവധാനമിറങ്ങി
നടക്കുന്നു.
എട്ടാം നമ്പറിലെ ട്രെയിൻ
അരിശത്തോടെ
മുന്നോട്ടാഞ്ഞ് പറക്കുന്നതിന്റെ
ഒന്നാം റൗണ്ടിലേക്ക്
പ്രവേശിക്കുന്നു.
പെട്ടെന്ന്
തിരക്കിന്റെ പ്രളയത്തിൽ
മുങ്ങി നിവർന്ന്
ഒരു പയ്യൻ
ബാഗ് പൂണൂലാക്കി
കുതിച്ചോടിയെത്തി
കുതികുതിക്കുന്ന ട്രെയിന്റെ
ഒരു കമ്പാർട്ട്‌മെന്റിന്റെ
മിനുസമുള്ള
ഉരുണ്ട തൂണിൽ
പിടിച്ച് കയറാൻ
പാടുപെടുമ്പോഴേക്കും
പ്ളാറ്റ്ഫോമിനും,
ട്രെയിനുമിടയിലേക്ക്
വഴുതി….
ഞാൻ കണ്ണിറുക്കിയടക്കുന്നു.
എനിക്കാ കാഴ്ച
നോക്കാൻ വയ്യ..വയ്യ..വയ്യ..
ചിലർ
നെഞ്ചിൽ കൈയ്യമർത്തി
ഈശ്വരനെ വിളിച്ച്
എത്തി നോക്കി
തൂണുകളായി മാറുന്നു.
ചിലർ നിസ്സംഗരായി
തിരക്കിന്റെ പ്രളയത്തിൽ
മുങ്ങാൻ തയ്യാറായി
നീങ്ങുന്നു.
എനിക്കാ പയ്യന്റെ മുഖം
ഓർമ്മകളുടെ
ചുമരിൽ നിന്ന് ഇന്നും
മായ്ക്കാനാവുന്നില്ലല്ലോ…
നഗരജീവിതത്തിൻ്റെ
ഭ്രാന്ത ചലന വേഗതകൾ
വന്യ താളത്തിൽ
പതിവ് പോലെ നീങ്ങുന്നു….

കെ.ആർ.സുരേന്ദ്രൻ

By ivayana