നമ്മുടെ രാജ്യത്തെ കാർഷിക മേഖലയിൽ ഓരോ സംസ്ഥാനവും
ഉൽപ്പാദിപ്പിക്കുന്ന ധാന്യ വിളവുകളും മറ്റും ഇങ്ങനെയൊക്കെയാണ് -എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്ന്!
അരിയും ഗോതമ്പും പഞ്ചാബ് കർഷകർ ഉൽപ്പാദിപ്പിക്കുന്നുണ്ട്. അരി ഉൽപ്പാദനത്തിൽ ആന്ധ്രയും കർണാടകയും തമിഴ്നാടും ഉണ്ടെങ്കിലും ഒന്നാം സ്ഥാനം ബംഗാളിനും രണ്ടാം സ്ഥാനം ഉത്തർപ്രദേശിനുമാണ്. ഗോതമ്പ് ഉൽപ്പാദനത്തിൽ യുപിയ്ക്കാണ് ഒന്നാം സ്ഥാനം. മധ്യപ്രദേശിന് രണ്ടാം സ്ഥാനവും.
ബാജ്ര കൃഷിയിൽ രാജസ്ഥാനും യുപിയും ഗുജറാത്തും മുന്നിട്ടു നിൽക്കുന്നു. ചോളം ഉൽപ്പാദിപ്പിക്കുന്നതിൽ കർണ്ണാടകവും മധ്യപ്രദേശും ബീഹാറുമാണ് മുന്നിൽ. റാഗിയിൽ കർണ്ണാടകവും തമിഴ്നാടും ഉത്തരാഖണ്ഡും ആണ്. ബാർളിയിൽ രാജസ്ഥാനും യുപിയും മധ്യപ്രദേശും മുന്നിലാണ്. തുവരപ്പരിപ്പ് കൃഷിയിൽ മധ്യപ്രദേശും മഹാരാഷ്ട്രയും കർണ്ണാടകയും. കടലപ്പരിപ്പ് മധ്യപ്രദേശും കർണ്ണാടകവും രാജസ്ഥാനും മികച്ച രീതിയിൽ ഉൽപ്പാദിപ്പിക്കുന്നു. നിലക്കടല ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്നാട് സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്നത്. പഞ്ഞപ്പുൽ ഉൽപ്പാദനത്തിൽ ബംഗാളും മധ്യപ്രദേശും യുപിയും മുന്നിലുണ്ട്. ഉഴുന്നിൽ മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങൾ ആദ്യ മൂന്നു സ്ഥാനങ്ങളിലാണ്. പയറിൽ രാജസ്ഥാനും ആന്ധ്രയും തമിഴ്നാടും മുന്നിട്ടു നിൽക്കുന്നു. സൂര്യകാന്തി ഉൽപ്പാദനത്തിൽ കർണ്ണാടകവും ഹരിയാനയും
ആന്ധ്രയുമാണ് മുന്നിൽ. പഞ്ഞി ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന മുന്നിലാണ്. ചണം ബംഗാളും ബീഹാറുംആസാമും ആദ്യമുണ്ട്. കരിമ്പ് ഉൽപ്പാദനത്തിൽ യുപിയും മഹാരാഷ്ട്രയും കർണ്ണാടകവുമാണ് പ്രധാനികൾ – (ഇത്രയും ഒരു ലേഖനത്തിൽ വായിക്കാനിടവന്നതാണ്) പക്ഷെ, എന്നെ അത്ഭുതപ്പെടുത്തിയത് – ഇവിടെ ഉദ്ധരിച്ച പട്ടികയിൽ കേരള സംസ്ഥാനത്തെ കാണാൻ കഴിഞ്ഞില്ല. മനസ്സിൽ ചില ചോദ്യങ്ങൾ ഉയർന്നു-എന്തേ നമ്മുടെ നാട് ഇങ്ങനെയായിപ്പോയി?
രാഷ്ട്രീയ കൃഷിയിൽ നാം മുൻപന്തിയിൽ തന്നെ ഉണ്ട്. ഇതുകൊണ്ട് മാത്രം നമ്മുടെയൊക്കെ വിശപ്പടക്കാനാവുമോ?
കൃഷിയ്ക്ക് കൃഷി തന്നെ വേണ്ടെ? മറ്റു സംസ്ഥാനങ്ങൾ അവരവരുടെ മണ്ണിനു അനുയോജ്യമായ വിളകൾ ഇറക്കി കാർഷിക മേഖലയിൽ അഭിവൃദ്ധി നേടുമ്പോൾ നാം എന്തേ ഇങ്ങനെ? നമ്മുടെ ഭരണകൂട നേതാക്കൾ ഇത്രയും കഴിവുകെട്ടവരോ? മറ്റു സംസ്ഥാനങ്ങൾക്കു മുമ്പിൽ നാം നമ്മുടെ കൃഷിയിനങ്ങളുമായി എന്ന് തലയുയർത്തി നിൽക്കും? ധാന്യങ്ങൾക്കും മറ്റും അന്യായ വിലയും കൊടുത്ത്, അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ച് എത്ര കാലം നമുക്ക് പിടിച്ചു നിൽക്കാനവും?
കപട രാഷ്ട്രീയക്കാരെ ഇനിയെങ്കിലും നാം തിരിച്ചറിയാതെ പോയാൽ നാടിൻ്റെ ഗതിയെന്താവും?
ഭരണതലത്തിലും മറ്റും തികഞ്ഞ സത്യസന്ധതയോടു കൂടി കർഷകരെ നാം പ്രോത്സാഹിപ്പിക്കേണ്ടതില്ലെ?

By ivayana